Image courtesy: Canva, x.com/nsitharaman
News & Views

'നികുതി വര്‍ഷ'ത്തില്‍ മാറ്റങ്ങള്‍; പുതിയ ആദായ നികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍

സി.ബി.ഡി.റ്റിക്ക് കൂടുതല്‍ അധികാരം, പാര്‍ലമെന്റിന്റെ അനുമതി വേണ്ട

Dhanam News Desk

ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ആദായ നികുതി ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍. ആകെ 23 അധ്യായങ്ങള്‍, 622 പേജുകള്‍; 536 വകുപ്പുകള്‍. ഏറ്റവും ചുരുക്കി, ലളിതമായാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക. ആറു പതിറ്റാണ്ടു പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരം വെക്കുന്നതാണ് പുതിയ നിയമ നിര്‍മാണം.

അസസ്‌മെന്റ് ഇയര്‍, പ്രീവിയസ് ഇയര്‍ ഇല്ലാതാകും

നിലവിലെ നിയമത്തില്‍ പറയുന്ന 'മുന്‍വര്‍ഷം' പുതിയ ബില്ലില്‍ 'നികുതി വര്‍ഷം' ആയിരിക്കും. അസസ്‌മെന്റ് ഇയര്‍ എന്ന പദപ്രയോഗം തന്നെ ഇല്ലാതാവും. മുന്‍വര്‍ഷത്തെ വരുമാനത്തിന് അസസ്‌മെന്റ് ഇയറില്‍ നികുതി പൂര്‍ണമായി കണക്കാക്കി അടച്ചു തീര്‍ക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഉദാഹരണത്തിന് 2023-24 (മുന്‍വര്‍ഷം)ലെ നികുതി 2024-25 (അസസ്‌മെന്റ് ഇയര്‍)ല്‍ അ്ടക്കുന്നു. മുന്‍വര്‍ഷം, അസസ്‌മെന്റ് വര്‍ഷം എന്നീ രീതികള്‍ പുതിയ ബില്ലില്‍ മാറുകയാണ്. പകരം 'ടാക്‌സ് ഇയര്‍' എന്നതു മാത്രമാണ് ഉണ്ടാവുക.

23 അധ്യായങ്ങള്‍, 622 പേജുകള്‍

നിലവിലെ ആദായ നികുതി നിയമത്തിന് 298 സെക്ഷനുകളാണ് ഉള്ളത്. പുതിയ ബില്ലില്‍ ഇതിന്റെ എണ്ണം 536 ആകും. 14 ഷെഡ്യൂളുകള്‍ക്കു പകരം 16 ആകും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തും. നിലവിലെ ആദായ നികുതി നിയമത്തിന്റെ പകുതി പേജുകളിലേക്ക് ആകെ പേജുകളുടെ എണ്ണം (622) ചുരുക്കിയിട്ടുണ്ട്. സെക്ഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചതു വഴി നികുതി രീതിയില്‍ ഘടനാപരമായ ചിട്ടപ്പെടുത്തലാണ് വരുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള വ്യവസ്ഥകള്‍ ക്രോഡീകരിച്ചിട്ടുണ്ട്.

ഭരണപരമായ ചട്ടങ്ങള്‍ ഇനി സി.ബി.ഡി.ടി തയാറാക്കും

വിവിധ നടപടിക്രമങ്ങള്‍, നികുതി സ്‌കീമുകള്‍, അനുശാസന ചട്ടക്കൂടുകള്‍ എന്നിവയില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന്റെ അനുമതി വാങ്ങേണ്ടിയിരുന്ന രീതിയും മാറുകയാണ്. പ്രത്യക്ഷ നികുതി ബോര്‍ഡിന് (സി.ബി.ഡി.റ്റി) ഇനി പുതിയ പദ്ധതികള്‍ സ്വതന്ത്രമായി ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടാവും. ഭരണപരമായ താമസം ഒഴിവാക്കി നികുതി സമ്പ്രദായത്തിന് ഉണര്‍വു നല്‍കാനാണ് ഉദ്ദേശമെന്ന് അധികൃതര്‍ പറയുന്നു. നിയമഭേദഗതിക്ക് കാത്തുനില്‍ക്കാതെ നികുതി അഡ്മിനിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ സി.ബി.ഡി.റ്റിക്ക് അധികാരമുണ്ടാവും. നികുതി സംവിധാനങ്ങള്‍ ഡിജിറ്റലായി നിരീക്ഷിക്കുന്ന രീതി കൊണ്ടുവരാനും ഇത് സഹായിക്കും.

സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടും

പുതിയ ആദായ നികുതി ബില്ലിനോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനം, ബില്‍ സഭയില്‍ വെക്കുന്നതോടെയാണ് വ്യക്തമാവുക. ബില്‍ അവതരിപ്പിച്ച ശേഷം പരിശോധനക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT