Indian railway Image : Twitter
News & Views

തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ ചട്ടം; ഒടിപി നിര്‍ബന്ധമാക്കി; ഉപയോഗിക്കുന്നത് എങ്ങനെ?

റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുമ്പ് തയ്യാറാക്കാന്‍ റെയില്‍വെ ആലോചിക്കുന്നു

Dhanam News Desk

ട്രെയിന്‍ യാത്രക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പുതിയ ചട്ടം നിലവില്‍ വന്നു. ഐആര്‍സിടിസി പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്ത് ആധാര്‍ ഓതന്റിക്കേഷന്‍ നടത്തിയവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. ഓണ്‍ലൈന്‍ ബുക്കിംഗിലും നേരിട്ടുള്ള ബുക്കിംഗിലും ഒടിപി നിര്‍ബന്ധമാക്കിയാണ് ഇന്ത്യന്‍ റെയില്‍വെയുടെ ഉത്തരവ്.

ഓണ്‍ലൈന്‍ ബുക്കിംഗ്

ഓണ്‍ലൈനില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഒടിപി ചോദിക്കും. ഇത് ലഭിക്കുന്നതിന് ഐആര്‍സിടിസി വെബ് സൈറ്റിലോ മൊബൈല്‍ ആപ്പിലോ മുന്‍കൂട്ടി ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ഈ നമ്പറിലേക്കാണ് ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഒടിപി എത്തുന്നത്.

നേരിട്ടുള്ള ബുക്കിംഗ്

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് മാത്രമല്ല, പുതിയ മാറ്റം ബാധകമാകുന്നത്. റെയില്‍വെ സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ ഉള്‍പ്പടെ നേരിട്ട് ടിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങളിലും ഒടിപി നിര്‍ബന്ധമാണ്. റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ കൈവശമുണ്ടാകണം. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും കൗണ്ടറുകളില്‍ നല്‍കണം.

ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് രാവിലെ 10 മണിക്കാണ് എസി കോച്ചുകളിലേക്കുള്ള തത്കാല്‍ ടിക്കറ്റുകള്‍ നല്‍കുന്നത്. നോണ്‍ എസി കോച്ചുകളില്‍ 11 മണിയ്ക്കും ലഭ്യമാകും.

രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ

മൊബൈല്‍ നമ്പര്‍ ഐആര്‍സിടിസി പോര്‍ട്ടലില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ ഓതന്റിക്കേഷന്‍ നടത്തുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. ഇതിനായി ഐആര്‍സിടിസി വെബ്‌സൈറ്റിലോ ഐആര്‍സിടിസി റെയില്‍ കണക്ട് മൊബൈല്‍ ആപ്പിലോ ലോഗിന്‍ ചെയ്യണം. മൈ ആക്കൗണ്ടില്‍ ഓതറ്റിക്കേറ്റ് യൂസര്‍ എന്ന വിഭാഗത്തില്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാം.

ഏജന്റുമാര്‍ക്ക് നിയന്ത്രണം

അംഗീകൃത ഏജന്റുമാര്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് സമയത്തില്‍ ഈ മാസം മുതല്‍ മാറ്റം വരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കൂടി സമയം ലഭിക്കുന്നതിനാണ് ഈ ക്രമീകരണം. ഇതനുസരിച്ച് എസി ക്ലാസുകളിലെ ടിക്കറ്റുകള്‍ രാവിലെ 10 നും 10.30നും ഇടയില്‍ ഏജന്റുമാര്‍ക്ക് ബുക്ക് ചെയ്യാനാകില്ല. നോണ്‍ എസി ടിക്കറ്റുകള്‍ രാവിലെ 11 നും 11.30 നും ഇടയിലും ഏജന്റുമാര്‍ക്ക് ബുക്കിംഗ് അനുവാദമില്ല.

നിരക്ക് വര്‍ധന എങ്ങനെ

ജൂലൈ ഒന്ന് മുതല്‍ ഏതാനും ട്രെയിനുകളില്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളുള്ള ട്രെയിനുകളിലും സ്‌പെഷ്യല്‍ ട്രെയിനുകളിലുമാണ് ഇത് പ്രധാനമായും ബാധകമാകുന്നത്. രാജധാനി, ശതാബ്ദി, ദുരന്തോ, വന്ദേഭാരത്, ഹംസഫര്‍, അമൃത് ഭാരത്, ഗാട്ടിമന്‍, അന്ത്യോദയ, ജന്‍ശദാബ്ദി, യുവ എക്‌സ്പ്രസ്, വിസ്റ്റഡോം ട്രെയിനുകള്‍ എന്നിവയിലും സ്‌പെഷ്യല്‍ ട്രെയിനുകളിലും സാധാരണ ട്രെയിനുകളില്‍ 500 കിലോമീറ്ററിന് ശേഷവും നിരക്കുകളില്‍ വര്‍ധനയുണ്ട്.

റിസര്‍വേഷന്‍ ചാര്‍ട്ട് 8 മണിക്കൂര്‍ മുമ്പ്

ട്രെയിനുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പരസ്യപ്പെടുത്തുന്നത് നേരത്തെയാക്കുന്നതിന് റെയില്‍വെ ആലോചിക്കുന്നു. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് മാത്രമാണ് ചാര്‍ട്ട് തയ്യാറാകുന്നത്. ഇത് എട്ട് മണിക്കൂര്‍ മുമ്പാക്കാനാണ് നീക്കം. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കണ്‍ഫേം ആയില്ലെങ്കില്‍ യാത്രക്കാര്‍ക്ക് മറ്റു വഴികള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം ലഭിക്കാന്‍ ഇത് സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT