ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും മലയാളം സിനിമകള്‍ വാങ്ങി തുടങ്ങിയ ശേഷം നിരവധി ചിത്രങ്ങളാണ് എത്തുന്നത്. ഒരിടക്കാലത്തിനു ശേഷമാണ് ഒടിടികളില്‍ മലയാള സിനിമകള്‍ ഇത്രത്തോളം വ്യാപകമായി എത്തുന്നത്. ക്രിസ്മസ് അടുത്തിരിക്കെ ഒരുപിടി ചിത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നുണ്ട്.
നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന വെബ്‌സീരിസായ ഫാര്‍മയുടെ റിലീസാണ് വരും ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്ന്. ജിയോ ഹോട്ട്‌സ്റ്റാറില്‍ ഡിസംബര്‍ 19 മുതലാണ് ഈ സീരിസ് സംപ്രേഷണം ചെയ്തു തുടങ്ങുന്നത്. വലിയൊരു താരനിര തന്നെ ഈ വെബ്‌സീരിസില്‍ അണിനിരക്കുന്നുണ്ട്. പിആര്‍ അരുണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സീരിസ് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്.
ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സ് ആണ്. ഡിസംബര്‍ 12 മുതല്‍ ആരാധകരിലേക്കെത്തും.
മമ്മൂട്ടി നെഗറ്റീവ് റോളിലെത്തുന്ന കളങ്കാവല്‍ തീയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സോണിലിവ് (Sonyliv) ആണ്. ഡിസംബര്‍ അവസാന വാരം ചിത്രം ഒടിടി റിലീസിംഗ് നടത്തുമെന്നാണ് കരുതുന്നത്. തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മാത്യൂ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ് ഡിസംബറില്‍ ഒടിടിയില്‍ എത്തുമെന്നാണ് വിവരം. ഒക്ടോബറില്‍ തീയേറ്ററിലെത്തിയ ചിത്രം കാര്യമായ വിജയം കൈവരിച്ചിരുന്നില്ല. റവന്യു ഷെയറിംഗ് രീതിയില്‍ ഒന്നിലേറെ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം എത്തുമെന്നാണ് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine