Image courtesy: Indian railways Canva
News & Views

ഒരു വര്‍ഷം കൊണ്ട് പുതിയൊരു റെയില്‍വേ സ്‌റ്റേഷന്‍; നടപ്പായാല്‍ കൊച്ചി വിമാനത്താവള യാത്ര എത്ര എളുപ്പം!

₹ 19 കോടി രൂപ ചെലവില്‍ പുതിയ സ്‌റ്റേഷന്‍ നിര്‍മിക്കാനുള്ള ശ്രമം സജീവം

Dhanam News Desk

കേരളത്തില്‍ പൊടുന്നനെ ഒരു റെയില്‍വേ സ്‌റ്റേഷന്‍. നടപ്പുള്ള കാര്യമാണോ എന്ന സംശയം ബാക്കി നില്‍ക്കട്ടെ. എന്നാല്‍ നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിന് ഏറ്റവുമടുത്ത് ഒരു റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മിക്കാനുള്ള ആലോചനകള്‍ക്ക് അതിവേഗം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്‌റ്റേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ചെലവ് 19 കോടി എന്നാണ് ഏകദേശ കണക്ക്.

അധിക ദൂരമില്ല

അങ്കമാലിയിലോ ആലുവയിലോ ഇറങ്ങി എയര്‍പോര്‍ട്ടിലേക്ക് പോവുകയാണ് ട്രെയിനിനെ ആശ്രയിക്കുന്നവര്‍ക്ക് ഇപ്പോള്‍ മാര്‍ഗം. എന്നാല്‍ പുതിയ റെയില്‍വേ സ്‌റ്റേഷന്‍ വന്നാല്‍ വിമാനത്താവളത്തിലേക്ക് അധിക ദൂരം ഉണ്ടാവില്ല. വന്ദേഭാരത്, ഇന്റര്‍സിറ്റി അടക്കം ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പും ഉണ്ടാവും.

ഇലക്ട്രിസ് ബസ് സൗകര്യം

സോളാര്‍പാടം ഭാഗത്ത്, ചൊവ്വര നെടുവന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ നിന്നാണ് പുതിയ സ്‌റ്റേഷനില്‍ നിന്നുള്ള പുറത്തേക്കിറക്കം. മേല്‍പാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ ചെന്നാല്‍ വിമാനത്താവളമായി. ഈ ഒന്നര കിലോമീറ്ററിന് കൊച്ചി മെട്രോയുടെ വക ഇലക്ട്രിക് ബസ്. ടാക്‌സിയും മറ്റും വിളിക്കുന്ന ചെലവ് ലാഭം. പുതിയ വിമാനത്താവളത്തിന് വേണ്ടി ശ്രമിക്കുന്നവരുടെ മുന്നിലുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കമുള്ളവര്‍ റെയില്‍വേ സ്‌റ്റേഷന് പേരിട്ടു കഴിഞ്ഞു -കൊച്ചിന്‍ എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍.

തെരഞ്ഞെടുപ്പുകാല പ്രഖ്യാപനമാകരുത്

വിമാനത്താവളത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കാനുള്ള ശ്രമം മുന്നോട്ട്. ട്രാക്കിന് സമീപം ഇരുവശത്തും റെയില്‍വേക്ക് ഭൂമി ഉണ്ട്. 24 കോച്ചുള്ള ട്രെയിനുകള്‍ വരെ ഇവിടെ നിര്‍ത്താന്‍ തക്ക പ്ലാറ്റ്‌ഫോം തയാറാക്കാന്‍ സാധിക്കും. ഇ. അഹ്‌മദ് കേന്ദ്രമന്ത്രിയായിരുന്ന 2010ല്‍ നെടുമ്പാശേരിയില്‍ റെയില്‍വേ സ്‌റ്റേഷന് തറക്കല്ലിട്ടതാണ്. പദ്ധതി പക്ഷേ, മുന്നോട്ടു പോയില്ല. 15 വഷം കഴിഞ്ഞ്, ഒരു തെരഞ്ഞെടുപ്പു കാലത്തിലേക്ക് കടക്കുന്ന നേരത്ത് കേരളത്തെ വെറുതെ മോഹിപ്പിക്കാതെ, ഇപ്പോഴത്തെ ശ്രമം ശരിക്കൊന്നു ചൂളം വിളിച്ചാല്‍ വിമാനത്താവളത്തിനു മാത്രമല്ല, കൊച്ചിക്കും അത് വികസനത്തിന്റെ മറ്റൊരു മുന്നേറ്റം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT