കൊച്ചിയുടെ റെയില്‍വേ വികസനത്തില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നെടുമ്പാശേരി വിമാനത്താവളം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിനായി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി 5 വരെ കരാറിനായി അപേക്ഷ ക്ഷണിക്കാമെന്ന് റെയില്‍വേ ഗതിശക്തി വിഭാഗം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പരമാവധി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 9 മാസമാണ് നിര്‍മാണ കാലാവധി. 7.56 കോടി രൂപയാണ് അടങ്കല്‍ തുക. സ്റ്റേഷന്‍ മന്ദിരം കിഴക്ക് ഭാഗത്തും ഇരുവശത്തും 600 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകളും ഫുട്ട്ഓവര്‍ ബ്രിഡ്ജും ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യങ്ങളും ചേരുന്നതാണ് പദ്ധതി.
നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തൊരു റെയില്‍വേ സ്റ്റേഷനെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായിരുന്നു. പദ്ധതിക്കായി പണ്ട് തറക്കല്ല് വരെയിട്ടിരുന്നു. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുന്‍കൈയെടുത്താണ് ഇപ്പോള്‍ പദ്ധതിക്ക് വീണ്ടും അനുമതി ലഭിച്ചത്.
വന്ദേഭാരത് ട്രെയിനുകള്‍ക്ക് അടക്കം പുതിയ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. നെടുമ്പശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് പുതിയ സ്റ്റേഷന്‍ ഗുണകരമാകും. റെയില്‍വേ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് വാക്കലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ അടുത്തഘട്ടത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള സ്ഥലം റെയില്‍വേയുടെ പക്കലുണ്ട്. അതിനാല്‍ ഭൂമിയേറ്റെടുക്കലിന് പണം ചെലവാക്കേണ്ടി വരില്ല. ആധുനിക സൗകര്യങ്ങളോടെയാകും നിര്‍മാണം. യാത്രക്കാര്‍ക്ക് 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്താം. എയര്‍പോര്‍ട്ട്-റെയില്‍വേ സ്റ്റേഷന്‍ ഫീഡര്‍ ബസ് ആരംഭിക്കാനും പദ്ധതിയുണ്ട്.
നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പകല്‍ നേരങ്ങളില്‍ മെട്രോ ഫീഡര്‍ അടക്കമുള്ള സംവിധാനങ്ങളുണ്ട്. എന്നാല്‍ രാത്രി കാലങ്ങളില്‍ ടാക്സി കാറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ വിമാനത്താവളത്തിന് പുറത്തെത്തി ഓട്ടോറിക്ഷ പിടിക്കണം. ദൂരെസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് ദേശീയപാതയിലെത്തി കെ.എസ്.ആര്‍.സി ബസുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ. റെയില്‍വേ സ്റ്റേഷന്‍ വരുന്നതോടെ ഇതിനും പരിഹാരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine