image credit : canva 
News & Views

ടോള്‍ ബൂത്തുകളുടെയും ഫാസ്ടാഗിന്റെ കാലം അവസാനിക്കുന്നു? പകരം സംവിധാനം ഇങ്ങനെയെന്ന് ഗഡ്കരി

ടോള്‍ നല്‍കാതെ മുങ്ങുന്നവരെ പിടിക്കാനും സംവിധാനം

Dhanam News Desk

നിലവിലുള്ള ടോള്‍ പിരിവ് സംവിധാനത്തിന് പകരം രാജ്യത്തെ തെരഞ്ഞെടുത്ത ഹൈവേകളില്‍ ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജി.എന്‍.എസ്.എസ് ) സഹായത്തോടെ ദേശീയ പാത 275ലെ ബംഗളൂരു-മൈസൂര്‍ ഭാഗത്ത് പരീക്ഷണം നടത്തിയതായി മന്ത്രി രാജ്യസഭയെ അറിയിച്ചു. ഉപഗ്രാധിഷ്ഠിത ടോള്‍ പിരിവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വര്‍ക്ക്‌ഷോപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു.

സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതി

ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോള്‍ പിരിവാണ്. ടോള്‍ പ്ലാസകളില്‍ ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ ടാഗുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക വരി ഏര്‍പ്പെടുത്തും. ക്രമേണ ഭൂരിപക്ഷം വരികളും ഈ സംവിധാനത്തിലേക്ക് മാറും.

ഫാസ്ടാഗ് യുഗം അവസാനിക്കുമോ?

വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ടാഗിനൊപ്പം പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപയോക്താക്കളെ പുതിയ സംവിധാനത്തിലേക്ക് നിര്‍ബന്ധിച്ച് മാറ്റേണ്ടതില്ലെന്നും ഫാസ്ടാഗ് സംവിധാനം തുടരാനും ധാരണയായിട്ടുണ്ട്.എന്നാല്‍ ഇത് എത്ര കാലത്തേക്ക് ഉണ്ടാവുമെന്ന് വ്യക്തമല്ല. വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഒട്ടിച്ചിരിക്കുന്ന ഫാസ്ടാഗിലെ ആര്‍.എഫ്.ഐ.ഡി ചിപ്പ് ടോള്‍ ബൂത്തിലെ സ്‌കാനര്‍ പരിശോധിച്ച് ടോള്‍ ഈടാക്കുന്ന രീതിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ പണം സൂക്ഷിക്കണം.

പുതിയ സംവിധാനം എന്തിന്?

വാഹനങ്ങളില്‍ നിന്നും പണം നേരിട്ട് പിരിക്കുന്ന രീതിയേക്കാള്‍ ഫാസ്ടാഗിന് വേഗതയുണ്ട്. എങ്കിലും ടോള്‍ ഗേറ്റുകളില്‍ സ്‌കാനര്‍ പരിശോധനയ്ക്കായി ഓരോ വാഹനവും നിറുത്തേണ്ടി വരുന്നത് ഗതാഗത കുരുക്കിനും സമയനഷ്ടത്തിനും ഇടയാക്കിയിരുന്നു. പുതിയ സംവിധാനം ഉപഗ്രഹ സഹായത്തോടെ വാഹനത്തിന്റെ ലൊക്കേഷന്‍ കണ്ടെത്തി സഞ്ചരിച്ച ദൂരത്തിന് മാത്രം പണം ഈടാക്കുന്ന രീതിയാണ്. വരും വര്‍ഷങ്ങളില്‍ ടോള്‍ ബൂത്തുകള്‍ തന്നെ ആവശ്യമായി വരില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

വലിയ മാറ്റം

ആധുനിക ടോള്‍ പിരിവ് സംവിധാനം വരുന്നത് ചരക്ക്, യാത്രാ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കും. സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതും തടസമില്ലാത്ത സേവനം ടോള്‍ ബൂത്തില്‍ ലഭ്യമാകുമെന്നതും പദ്ധതിയെ ജനപ്രിയമാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ടോള്‍ നല്‍കാതെ മുങ്ങുന്നവരെ പിടിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

മുടങ്ങിക്കിടക്കുന്നത് 697 പദ്ധതികള്‍

രാജ്യത്തെ ദേശീയ പാതകള്‍ വഴിയുള്ള ചരക്ക് നീക്കം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പി.എം ഗതിശക്തി ഫ്രെയിം വര്‍ക്കിന് കീഴില്‍ കൂടുതല്‍ എക്‌സ്പ്രസ്‌വേകളും അതിവേഗ പാതകളും നിര്‍മിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയാകാത്ത 697 റോഡ് വികസന പദ്ധതികളും രാജ്യത്തുണ്ട്. ഭൂമിയേറ്റെടുക്കല്‍, നിയമപരമായ അനുമതികള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, കരാറുകാരുടെ പിടിപ്പുകേട്, തൊഴിലാളികളെ ലഭിക്കാത്തത്, കോവിഡ് പോലുള്ള മഹാമാരികള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാരണം മൂലമാണ് ഇവ വൈകുന്നത്. നിര്‍മാണ മേഖയില്‍ കൂടുതല്‍ ചലനമുണ്ടാക്കുന്ന രീതിയിലുള്ള നിരവധി പ്രോജക്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT