canva
News & Views

ഫാസ്ടാഗ് വാര്‍ഷികാടിസ്ഥാനത്തില്‍, നിരക്ക് ₹ 3,000, 100 കിലോമീറ്ററിന് ടോള്‍ ₹ 50, ഇപ്പോഴത്തെ ഫാസ്ടാഗ് നഷ്ടമില്ലാതെ മാറ്റിയെടുക്കാനും ക്രമീകരണം

ടോൾ പിരിവ് നിയമങ്ങൾ നടപ്പിലാക്കുന്നതിന് ബാങ്കുകൾക്ക് കൂടുതല്‍ അധികാരം നൽകുന്നതായിരിക്കും പുതിയ മാതൃകകള്‍

Dhanam News Desk

പരിധിയില്ലാത്ത ഹൈവേ യാത്രയ്ക്കുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന പുതിയ വാർഷിക ഫാസ്ടാഗ് പാസ് അവതരിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്രം. പ്രതിവർഷം 3,000 രൂപ എന്ന ഫ്ലാറ്റ് ഫീസിനാണ് പരിധിയില്ലാത്ത ഹൈവേ യാത്ര അവതരിപ്പിക്കുകയെന്ന് കരുതുന്നു. ദൂരത്തെ അടിസ്ഥാനമാക്കിയുള്ള നിരക്കും ലഭ്യമാകും. ഉപയോക്താക്കൾക്ക് ഓരോ 100 കിലോമീറ്ററിനും 50 രൂപ നിരക്കായിരിക്കും ഈ മോഡലില്‍ ഈടാക്കുകയെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഉപയോക്താക്കൾക്ക് വർഷത്തിൽ ഒരിക്കൽ 3,000 രൂപ അടച്ച് വാർഷിക പാസ് തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനമാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. വർഷം മുഴുവനും അധിക റീചാർജുകൾ ആവശ്യമില്ലാതെ ദേശീയ പാതകളിലേക്കും എക്സ്പ്രസ് വേകളിലേക്കും സംസ്ഥാന എക്സ്പ്രസ് വേകളിലേക്കും പരിധിയില്ലാത്ത പ്രവേശനം അനുവദിക്കുന്നതാണ് പുതിയ പദ്ധതി.

ഗതാഗത പ്രവാഹം ഗണ്യമായി മെച്ചപ്പെടും

ദീർഘദൂര യാത്രകൾ പതിവായി നടത്താത്തവർക്ക് അനുയോജ്യമായ തരത്തിലാണ് ദൂരത്തെ അടിസ്ഥാനമാക്കിയുള്ള നിരക്ക് അവതരിപ്പിക്കുന്നത്. ടോൾ ബൂത്തുകളില്‍ വാഹനങ്ങളെ തടഞ്ഞു നിര്‍ത്തുന്ന സെൻസർ അധിഷ്ഠിത ഗേറ്റുകൾ മാറ്റി പൂർണ്ണമായും തടസ്സരഹിതമായ യാത്രാ അനുഭവം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഈ മാറ്റം ഗതാഗത പ്രവാഹം ഗണ്യമായി മെച്ചപ്പെടുത്തുകയും ഇന്ധന ഉപഭോഗം കുറയ്ക്കുകയും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം നിലവിലുള്ള ഫാസ്ടാഗ് അക്കൗണ്ടുകൾ സാധുവായി തുടരുന്നതാണ്. ഉപയോക്താക്കൾക്ക് പുതിയ സംവിധാനത്തിലേക്ക് തടസമില്ലാതെ മാറാനുളള സൗകര്യവും ഒരുക്കും. നിലവിലെ ഉപയോക്താക്കൾക്ക് പുതിയ അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ വാർഷിക പാസോ പണമടയ്ക്കൽ മാതൃകയോ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി അവതരിപ്പിക്കുക. അതേസമയം മുമ്പ് ലഭ്യമായിരുന്ന 15 വർഷത്തേക്ക് 30,000 രൂപ പാസ് ഇനി നൽകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടോൾ വെട്ടിപ്പ് തടയും

പുതിയ ടോൾ സംവിധാനം നിലവിലുള്ള ഹൈവേ കോൺട്രാക്ടർമാരുടെ വരുമാനത്തെ ബാധിക്കുമെന്ന് കരുതുന്നതിനാൽ, അവർക്കുളള നഷ്ടപരിഹാര നടപടികള്‍ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് അധികൃതര്‍. പുതിയ ഫാസ്ടാഗ് മാതൃകകള്‍ നടപ്പിലാക്കാനുളള തടസങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു. ടോൾ വെട്ടിപ്പ് തടയുന്നതിന് മിനിമം ഫാസ്റ്റ് ടാഗ് ബാലൻസ് നിർബന്ധമാക്കാനുള്ള അധികാരം അടക്കം ടോൾ പിരിവ് നിയമങ്ങൾ നടപ്പിലാക്കുന്നതിന് ബാങ്കുകൾക്ക് കൂടുതല്‍ അധികാരം നൽകുന്നതായിരിക്കും പുതിയ മാതൃകകള്‍.

India plans unlimited highway access via a ₹3,000 annual FASTag pass and a new distance-based toll system.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT