x.com/realDonaldTrump, x.com/ZelenskyyUa
News & Views

ട്രംപിന്റെ കണ്ണുരുട്ടലില്‍ സെലന്‍സ്‌കിക്ക് ആഘാതം, ഇറ്റലിയുടെ നിലപാടുമാറ്റം യൂറോപ്പിലെ മാറുന്ന സമവാക്യ സൂചന?

ഒരൊറ്റ തീരുമാനത്തിലൂടെ രണ്ട് നേട്ടമാണ് ട്രംപിനുണ്ടാകുന്നത്. ആദ്യത്തേത് ഉക്രൈയ്‌നായി യു.എസ് മുടക്കിയ തുകയുടെ ഇരട്ടിയിലധികം ധാതു ഇടപാടിലൂടെ തിരികെ ലഭിക്കുമെന്നതാണ്

Dhanam News Desk

റഷ്യയുടെ ഉക്രെയ്‌നിലേക്കുള്ള കടന്നുകയറ്റത്തിനെതിരേ ആദ്യം രംഗത്തു വന്ന രാജ്യങ്ങളിലൊന്നാണ് യു.എസ്. അതിനു കാരണം ഉക്രെയ്‌നോടുള്ള സ്‌നേഹമായിരുന്നില്ല, മറിച്ച് നിത്യശത്രുവായ റഷ്യയ്ക്കുമേല്‍ മേധാവിത്വം നേടാനുള്ള സുവര്‍ണാവസരം മുതലെടുക്കുകയായിരുന്നു. ജോ ബൈഡന്‍ പോയി ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ തലപ്പത്തെത്തിയപ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറി.

യുദ്ധം ചെയ്ത് പണം നശിപ്പിക്കുന്നതിനോട് ട്രംപിന് താല്പര്യമില്ല. ബിസിനസിലാണ് ട്രംപിന്റെ കണ്ണ്. സ്വന്തം രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെയും പോകും. ഉക്രെയ്‌നുവേണ്ടി ശതകോടികള്‍ വെടിക്കോപ്പായും മിസൈലുകളായും നല്കിയത് ദാനമായിരുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. സാമ്പത്തികമായും അല്ലാതെയും നല്‍കിയ സഹായങ്ങളുടെ പ്രതിഫലം തിരിച്ചുതരണമെന്ന് യു.എസ് ആവശ്യപ്പെട്ടതിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാണ്.

ഉക്രെയ്‌നിലെ ധാതുക്കളുടെ ശേഖരത്തില്‍ കണ്ണുവച്ചാണ് ട്രംപ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിക്കു നേരെ കണ്ണുരുട്ടിയത്. യുദ്ധത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ഉക്രെയ്‌ന് നല്കിയതിന്റെ പത്തിലൊന്ന് പോലും തിരിച്ചു നല്‍കാനാകില്ലെന്ന് ട്രംപിന് കൃത്യമായറിയാം. ആദ്യം കടുംപിടുത്തവുമായി നിന്ന സെലന്‍സ്‌കി ഇപ്പോള്‍ ട്രംപിന്റെ വഴിയെ നീങ്ങുന്നതിലേക്ക് നയിക്കുന്നതും ഈ തിരിച്ചറിവാണ്.

ട്രംപിന് ഒരുവെടിക്ക് രണ്ടുപക്ഷി

ഒരൊറ്റ തീരുമാനത്തിലൂടെ രണ്ട് നേട്ടമാണ് ട്രംപിനുണ്ടാകുന്നത്. ആദ്യത്തേത് ഉക്രൈയ്‌നായി യു.എസ് മുടക്കിയ തുകയുടെ ഇരട്ടിയിലധികം ധാതു ഇടപാടിലൂടെ തിരികെ ലഭിക്കുമെന്നതാണ്. രണ്ടാമത്തേത് ട്രംപിന്റെ പ്രതിച്ഛായ നേട്ടമാണ്. ബൈഡന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരിഹരിക്കാതിരുന്ന റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തിന് വിരാമമിടാനുള്ള അവസരം ട്രംപിന് സമാധാനദൂതനെന്ന പേര് നേടിക്കൊടുക്കും.

റഷ്യയ്‌ക്കെതിരേ ഉക്രൈയ്ന്‍ പിടിച്ചു നിന്നത് യു.എസ് നല്‍കിയിരുന്ന ആയുധങ്ങളും സാമ്പത്തിക സഹായങ്ങളിലൂടെയുമാണ്. യു.എസ് ആയുധവിതരണം നിര്‍ത്തുന്നതോടെ ഉക്രെയ്‌ന് മുന്നില്‍ വേറെ വഴിയില്ലാതാകും. പിന്നില്‍ നിന്ന് ആത്മവീര്യം നല്കുന്നുണ്ടെങ്കിലും നാറ്റോ സഖ്യം നേരിട്ട് യുദ്ധത്തിനിറങ്ങില്ല. യു.എസ് ഇടഞ്ഞതോടെ നാറ്റോയിലെ സഖ്യകക്ഷികള്‍ക്ക് വിഷയത്തിലുള്ള താല്പര്യത്തിന് ഇടിവു സംഭവിച്ചിട്ടുണ്ട്.

റഷ്യയ്‌ക്കെതിരേ ഉക്രെയ്‌നെ സഹായിക്കാന്‍ തങ്ങളുടെ സൈനികരെ അയയ്ക്കില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മനിയില്‍ പുതിയ തീവ്രവലതുപക്ഷ സര്‍ക്കാര്‍ വരുന്നതോടെ അവരും നിലപാട് മാറ്റാന്‍ സാധ്യതയേറെയാണ്. ഉക്രെയ്ന്‍-റഷ്യന്‍ യുദ്ധംമൂലം ജര്‍മന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പരിക്കു പറ്റിയിട്ടുണ്ട്. എണ്ണ, ഗ്യാസ് ലഭ്യതയും വിലയും കുറയണമെങ്കില്‍ യുദ്ധം അവസാനിക്കേണ്ടത് ജര്‍മനിയുടെ കൂടെ ആവശ്യമാണ്.

സെലെന്‍സ്‌കി പറയുന്നത്

വൈറ്റ്ഹൗസിലേക്ക് ട്രംപിനെ കാണാന്‍ ഡ്രസ്‌കോഡ് പോലും ശ്രദ്ധിക്കാതെ പോയ സെലന്‍സ്‌കിക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. ആദ്യം യു.എസിനെയും ട്രംപിനെയും വെല്ലുവിളിച്ച് ഹീറോയാകാന്‍ നോക്കിയ അദ്ദേഹം ഇപ്പോള്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്.

ഉക്രെയ്‌നിനെക്കാള്‍ സമാധാനം ആഗ്രഹിക്കുന്ന ആരും ഇല്ല. രാജ്യത്ത് സമാധാനം പുലരനായി ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താനും തന്റെ സംഘവും തയ്യാറാണെന്നാണ് സെലന്‍സ്‌കി പറഞ്ഞത്. റഷ്യയുമായി പിടിച്ചുനില്‍ക്കാന്‍ തന്റെ രാജ്യത്തിന് ഇനിയേറെ കാലം സാധിക്കില്ലെന്ന തിരിച്ചറിവിലാണ് സെലന്‍സ്‌കിയുടെ മലക്കംമറിച്ചിലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT