ദേശീയപാത 66 ൽ ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ യാത്രാദുരിതത്തിന് ആശ്വാസമേകി, പുതിയ വരാപ്പുഴ പാലം ഡിസംബർ ആദ്യവാരം ഗതാഗതത്തിനായി തുറക്കും. 26 കിലോമീറ്റർ ദൈർഘ്യമുള്ള ഇടപ്പള്ളി-മൂത്തകുന്നം പാതയിൽ നിർമ്മാണം പൂർത്തിയാകുന്ന ഏഴ് പ്രധാന പാലങ്ങളിൽ ആദ്യത്തേതാണ് ഈ പുതിയ പാലം.
1.03 കിലോമീറ്റർ നീളമുളള പാലത്തിന്റെ നിർമ്മാണച്ചെലവ് 100 കോടി രൂപയാണ്. 604 ദിവസം എന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പഴയ പാലത്തിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒരുമിച്ചെത്തി സൃഷ്ടിച്ചിരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ വലിയ ആശ്വാസമാകും. പുതിയ പാലത്തിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയ്ക്ക് അനുയോജ്യമായ രൂപകൽപ്പനയാണുള്ളത്.
ഈ പാലത്തിന്റെ രൂപകൽപ്പനയിൽ ബാലൻസ്ഡ് കാന്റിലീവർ (Balanced Cantilever) രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. പെരിയാറിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത് എന്നതിനാലും, താഴെ കപ്പലുകൾക്കും ബോട്ടുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ ലംബവും തിരശ്ചീനവുമായ ക്ലിയറൻസ് ഉറപ്പാക്കാനുമാണ് ഈ രീതി തിരഞ്ഞെടുത്തതെന്ന് ദേശീയപാത അതോറിറ്റി (NHAI) ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, വിദൂരമായി നിയന്ത്രിക്കാനാകുന്ന എട്ട് PTZ (Pan Tilt Zoom) ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും പാലത്തിൽ ഒരുക്കിയിട്ടുണ്ട്.
ചുവന്ന മണ്ണിന്റെ ക്ഷാമം കാരണം ഒരു വർഷത്തോളം നിലച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടിയാണ് NHAI ഈ നേട്ടം കൈവരിച്ചത്. 1,618 കോടി രൂപയുടെ 26.03 കിലോമീറ്റർ ഇടപ്പള്ളി-മൂത്തകുന്നം ആറു വരി പാതയുടെ 70 ശതമാനം പണി പൂർത്തിയായിട്ടുണ്ട്. ഇടപ്പള്ളി-രാമനാട്ടുകര NH 66 വീതികൂട്ടൽ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. വരാപ്പുഴ പാലത്തിന് പുറമെ ഒരു റെയിൽവേ ഓവർബ്രിഡ്ജ് (ROB), നാല് ഫ്ലൈഓവറുകൾ, ഏഴ് പ്രധാന പാലങ്ങൾ, എട്ട് ചെറിയ പാലങ്ങൾ എന്നിവയും ഈ പാതയിൽ ഉൾപ്പെടുന്നു. റെയിൽവേയുടെ അനുമതി ലഭിച്ചാൽ ജനുവരിയോടെ ഇടപ്പള്ളി ROB-യുടെ പണിയും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
New Varapuzha Bridge opens on NH 66, easing traffic congestion along Edappally–Moothakunnam stretch.
Read DhanamOnline in English
Subscribe to Dhanam Magazine