image credit : canva 
News & Views

ഹമാസ് മേധാവിയുടെ മരണം: പ്രതികാരത്തിന് ഇറാന്‍, പ്രവാസ ലോകത്തും പ്രതിസന്ധി, എണ്ണവില കൂടിയേക്കും

യെമന്‍, സിറിയ, ഇറാഖ് എന്നിവരുമായി ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍

Dhanam News Desk

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയുടെ മരണത്തിന് തിരിച്ചടിക്കാന്‍ ഇറാന്‍ ഉത്തരവിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാക്കി. മേഖലയിലെ അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ത്തി. സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

ക്രൂഡ് ഓയില്‍ കയറുന്നു

ഇറാന്‍ തിരിച്ചടിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില രണ്ടര ശതമാനത്തിലധികം ഉയര്‍ന്നു. ബ്രെന്റ് ഇനം ബാരലിന് 81.49 ഡോളറിലെത്തി. ഡബ്ല്യൂ ടി ഐ 78.64 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 80.61 ഡോളറിലുമാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടിയതും ഡോളറിന്റെ വില ഇടിഞ്ഞതും വിലക്കയറ്റത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ എണ്ണയുല്‍പാദനത്തില്‍ ഇടിവുണ്ടാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ആഗോളതലത്തില്‍ ബാധിക്കും

എണ്ണയുല്‍പ്പാദനത്തിന്റെ കേന്ദ്രമായ പശ്ചിമേഷ്യയിലെ കരുത്തരായ രണ്ട് രാജ്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് ക്രൂഡ് ഓയില്‍ വിലയെ കാര്യമായി സ്വാധീനിക്കും. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷാഭീഷണി നേരിടുന്നത് എണ്ണവിലയില്‍ അധിക വര്‍ധനയ്ക്ക് കാരണമാകും. ഉത്പാദനം, ഗതാഗതം എന്നിവയ്ക്ക് വില വര്‍ധിക്കുന്നത് ആഗോള വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

പ്രതികാരത്തിന് ഉത്തരവിട്ട് ഇറാന്‍

ഇറാനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തെഹ്‌റാനിലെത്തിയ ഹമാസ് നേതാവ് മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗിക അതിഥിയായെത്തിയ നേതാവ് കൊല്ലപ്പെട്ടത് അപമാനമായി കാണുന്ന ഇറാന്‍ പ്രതികാരത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇസ്രയേല്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന യെമന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള ആക്രമണത്തിനാണ് ഇറാന്‍ മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്ന് ഉറപ്പാണ്.

പ്രവാസികള്‍ക്കും തിരിച്ചടി

പശ്ചിമേഷ്യ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും തിരിച്ചടിയാണ്. സംഘര്‍ഷം രൂക്ഷമായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും. തൊഴില്‍-വരുമാന നഷ്ടത്തിനും ഇടയാക്കും. ഇത് നാട്ടിലേക്കുള്ള പണമയപ്പ് കുറയ്ക്കും. സംഘര്‍ഷ മേഖലയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. വിദേശത്ത് നിന്നുള്ള വരുമാനം കുറയുന്നത് ഇതിനോടകം പ്രതിസന്ധിയിലായ കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ കൂടുതല്‍ മോശമാക്കും.

എണ്ണവില കൂടും

വിദേശവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ കുറവുണ്ടായെന്ന റിപ്പോര്‍ട്ടും രാജ്യത്ത് പെട്രോള്‍ വില കൂട്ടുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് വില വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT