News & Views

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 30, 2021

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശ ചെയ്ത് നിതി അയോഗ്. ഐഐഎഫ്എല്ലിന്റെ 2.08 ശതമാനം ഓഹരികൾ വാങ്ങി യുഎസിലെ ക്യാപിറ്റല്‍ ഗ്രൂപ്പ്. കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം 2 മാസത്തിനകം. തീരദേശ ചരക്കു കപ്പല്‍ സര്‍വീസിനു തുടക്കമായി. ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം. ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമില്ലാതെ ഓഹരി വിപണി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Dhanam News Desk

സംസ്ഥാനത്തെ ആദ്യ സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം 2 മാസത്തിനകം

സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന 25 സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘങ്ങളില്‍ ആദ്യത്തേതു രണ്ടു മാസത്തിനകമെന്ന് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ സ്റ്റാര്‍ട്ടപ്പ് സംഘങ്ങള്‍ക്കും ബാധകമായ നിയമാവലി സഹകരണ വകുപ്പിന് കീഴില്‍ തയാറായിട്ടുണ്ട്. സംഘത്തിനുണ്ടാകേണ്ട ഓഹരിമൂലധനം ഒന്നേമുക്കാല്‍ കോടി രൂപയാണ്. ഓഹരിമൂലധനത്തിന്റെയും കരുതല്‍ ധനത്തിന്റെയും ആകെത്തുകയുടെ 150 മടങ്ങ് വരെ വായ്പയെടുക്കാം.

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശ ചെയ്ത് നിതി അയോഗ്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറര്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യവത്കരിക്കാന്‍ നിതി അയോഗ് ശുപാര്‍ശ ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍ പുതിയ പൊതുമേഖലാ എന്റര്‍പ്രൈസ് (പിഎസ്ഇ) നയവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാലാണ് ഈ നീക്കവുമെന്നാണ് റിപ്പോര്‍ട്ട്.

ഐഐഎഫ്എല്ലിന്റെ 2.08 ശതമാനം ഓഹരികൾ വാങ്ങി  യുഎസിലെ ക്യാപിറ്റല്‍ ഗ്രൂപ്പ്

ലോകമെമ്പാടുമുള്ള 2 ട്രില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന ഐഐഎഫ്എല്ലില്‍ ഓഹരികള്‍ സ്വന്തമാക്കി യുഎസ് ആസ്ഥാനമായുള്ള ക്യാപിറ്റല്‍ ഗ്രൂപ്പ്. നിര്‍മല്‍ ജെയിന്‍ പ്രമോട്ടുചെയ്ത 2.08 ശതമാനം ഓഹരികളാണ് 190 കോടി രൂപയ്ക്ക് ഇവര്‍ വാങ്ങുന്നത്.

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിലെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ചതായി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിലെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ചതായി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. 100.8 ദശലക്ഷം ഓഹരികളാണ് രണ്ട് ഭാഗമായി വിറ്റത്. ആദ്യ ഘട്ടത്തില്‍ 672 രൂപയ്ക്കും രണ്ടാം വട്ടം 673 രൂപയ്ക്കുമാണ് വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാണ് ഓഹരികള്‍ വാങ്ങിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇടപാടില്‍ നിന്നും സ്റ്റാന്റേര്‍ഡ് ലൈഫിന് 6,784 കോടി രൂപ ലഭിച്ചു. എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഓഹരി വില ഇന്ന് 1.4 ശതമാനം ഇടിഞ്ഞ് 686 രൂപയിലെത്തി.

തീരദേശ ചരക്കു കപ്പല്‍ സര്‍വീസിനു തുടക്കമായി

കൊച്ചി - ബേപ്പൂര്‍ അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വീസിനു തുടക്കമായി. 47 ടിഇയു കണ്ടെയ്‌നറുകളുമായി രാത്രി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നു പുറപ്പെട്ട കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. അവിടെ ചരക്കിറക്കിയ ശേഷം അഴീക്കല്‍ തുറമുഖത്തേക്ക് പുറപ്പെട്ടു. 'ഗ്രീന്‍ ഫ്രെയ്റ്റ് കോറിഡോര്‍ 2' എന്ന പേരില്‍ ആരംഭിച്ച സര്‍വീസ് ആഴ്ചയില്‍ രണ്ടു തവണ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നു കണ്ടെയ്‌നറുകളുമായി ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലെത്തും. സമീപ ഭാവിയില്‍ തന്നെ കൊല്ലം തുറമുഖത്തേക്കു സര്‍വീസ് ആരംഭിക്കാനാണു നീക്കം.

ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന  നിരക്കില്‍ സ്വര്‍ണം

സംസ്ഥാനത്ത് ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവിലയെത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് ഇന്ന് സ്വര്‍ണവില പവന് 35,000 രൂപയായി. ഗ്രാമിന് വില 4,375 രൂപയും. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഈ മാസത്തെ മുഴുവന്‍ ചിത്രം വിലയിരുത്തിയാല്‍ സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞു.

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമില്ലാതെ ഓഹരി വിപണി

ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി ഓഹരി വിപണി. സെന്‍സെക് 66.95 പോയ്ന്റ് ഇടിഞ്ഞ് 52482.71 പോയ്ന്റിലും നിഫ്റ്റി 27 പോയ്ന്റ് താഴ്ന്ന് 15721.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1503 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1455 ഓഹരികളുടെ വിലയിടിഞ്ഞു. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ശ്രീ സിമന്റ്സ്, ബജാജ് ഫിന്‍സര്‍വ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ കോള്‍ ഇന്ത്യ, ഡിവിസ് ലാബ്സ്, റിലയന്‍സ് ഇന്‍ഡസട്രീസ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കി. കെഎസ്ഇ അഞ്ച് ശതമാനവും വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 4.86 ശതമാനവും നേട്ടമുണ്ടാക്കി. പാറ്റസ്്പിന്‍ ഇന്ത്യ (3.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.78 ശതമാനം), കേരള ആയുര്‍വേദ (2.72 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT