കേരളത്തിന്റെ തെക്കു-വടക്ക് പൂര്‍ത്തിയാകുന്ന ദേശീയപാത 66ല്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലേ? സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വരെ ഇടയാക്കിയ പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമെത്തി. വീതിയുള്ള റോഡിലൂടെ ട്രിപ്പടിക്കാമെന്ന് കരുതിയിരിക്കുന്ന ബൈക്ക് പ്രേമികള്‍ക്ക് ആശ്വസിക്കാവുന്ന വാര്‍ത്തയാണ് ദേശീയ പാത അതോറിറ്റി വൃത്തങ്ങള്‍ നല്‍കുന്നത്. കേരളത്തിലെ ദേശീയപാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) ചട്ടങ്ങള്‍ പ്രകാരം പ്രധാന എക്‌സ്പ്രസ്‌വേകളിലും ആറ് വരി ഹൈവേകളിലും ചെറുവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഡല്‍ഹിയെ ഗുഡ്ഗാവുമായി ബന്ധിപ്പിക്കുന്ന ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ബൈക്കുകള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. എന്നാല്‍ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നവീകരണം പൂര്‍ത്തിയായാല്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ഇവര്‍ പറയുന്നു.
60 മീറ്റര്‍ വീതിയുള്ള ഹൈവേകളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ചട്ടം പറയുന്നത്. കേരളത്തിലെ ദേശീയപാത 45 മീറ്ററിലാണ് നിര്‍മിക്കുന്നത്. കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം വരെയുള്ള 644 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതക്കൊപ്പം ഇരുവശങ്ങളിലും സര്‍വീസ് റോഡുകളും നിര്‍മിക്കുന്നുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും ഇവ അപര്യാപ്തമാണ്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡ് തന്നെയില്ല. വാഹനങ്ങള്‍ക്ക് എല്ലായിടത്ത് നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും എക്‌സിറ്റ് ചെയ്യാനും കഴിയില്ല. യുടേണ്‍ എടുക്കാനോ സിഗ്നലിംഗ് സംവിധാനമോ റോഡില്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കൂടാതെ കേരളത്തിലെ വലിയൊരു വിഭാഗം ബൈക്കുകളും ഓട്ടോറിക്ഷകളും ഉപയോഗിക്കുന്നതും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയാല്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും. ചെറുവാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍വീസ് റോഡുകള്‍ പോരാതെ വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു. എന്നാല്‍ ദേശീയപാതയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് പൂര്‍ണ പ്രവേശനം അനുവദിക്കുമോ എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. സര്‍വീസ് റോഡുകളുടെ അവസ്ഥയും പ്രാദേശികമായ ഘടകങ്ങളും പരിഗണിച്ച് ചിലയിടങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത.
അതേസമയം, ദേശീയപാതയില്‍ ചെറിയ വാഹനങ്ങളെ നിയന്ത്രിക്കണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഹൈസ്പീഡ് ട്രാക്കില്‍ ഇത്തരം വാഹനങ്ങള്‍ കയറിയാല്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം വാഹനങ്ങള്‍ ദേശീയപാതയില്‍ വേഗം കുറച്ച് സഞ്ചരിക്കുന്നതും ഭാരവാഹനങ്ങളുടെ സാന്നിധ്യവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദേശീയപാതയില്‍ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് നിരന്തരമായ ബോധവത്കരണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Kerala authorities clarified there is no blanket ban on motorcycles and auto-rickshaws on the newly widened six-lane NH 66. Restrictions apply only to ensure road safety and smooth traffic flow.
Read DhanamOnline in English
Subscribe to Dhanam Magazine