News & Views

ക്രിക്കറ്റ് ബിസിനസില്‍ ഒരു കൈനോക്കാന്‍ നിഖില്‍ കാമത്ത്! കൂട്ടിന് ബിസിനസ് അതികായര്‍; ഐപിഎല്‍ വമ്പന്മാരെ വാങ്ങിയേക്കും

നിഖില്‍ കാമത്തും പൈയും പൂനവാലയും മുന്‍കൈയെടുത്ത് കണ്‍സോഷ്യം രൂപീകരിച്ച് ടീമിനെ വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Dhanam News Desk

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആര്‍സിബി) വാങ്ങാന്‍ താല്പര്യമറിയിച്ചവരുടെ പട്ടികയില്‍ സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തും. കഴിഞ്ഞ ദിവസമാണ് ആര്‍സിബിയെ അടുത്ത മാര്‍ച്ച് 30ന് മുമ്പ് വില്ക്കുമെന്ന് ഉടമകളായ ഡിയാഗോ അറിയിച്ചത്. മദ്യ നിര്‍മാണത്തിലും വില്പനയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില്പന.

നിഖില്‍ കാമത്തിനെ കൂടാതെ മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ, കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പൂനാവാല എന്നിവരും ടീമിനെ വാങ്ങാന്‍ മുന്നിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആര്‍സിബിയെ സ്വന്തമാക്കാനായി രംഗത്തുണ്ടെന്നാണ് സൂചന. 17,600 കോടി രൂപയാണ് ഡിയാഗോ ക്രിക്കറ്റ് ടീമിനായി വിലയിട്ടിരിക്കുന്നത്. സമീപകാലത്തെല്ലാം വലിയ ലാഭം നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

വരുന്നത് കണ്‍സോഷ്യം?

നിഖില്‍ കാമത്തും പൈയും പൂനവാലയും മുന്‍കൈയെടുത്ത് കണ്‍സോഷ്യം രൂപീകരിച്ച് ടീമിനെ വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഈ വിഷയത്തില്‍ മൂവരും ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

20 ബില്യണ്‍ ഡോളറാണ് പൂനവാലയുടെ ആസ്തി. പൈക്ക് 2.8 ബില്യണ്‍ ഡോളറും കാമത്തിന് 2.5 മില്യണ്‍ ഡോളറും ആസ്തിയുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കുന്നത് ഇവരുടെ മറ്റ് ബിസിനസുകള്‍ക്കും ഗുണം ചെയ്യും.

2015ലാണ് ആര്‍സിബി ഡിയാഗോയുടെ പോര്‍ട്ട്ഫോളിയോയില്‍ ഇടംപിടിക്കുന്നത്. വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഉടമസ്ഥതയിലായിരുന്നു മുമ്പ് റോയല്‍ ചലഞ്ചേഴ്സ്. ടീം വില്പന സംബന്ധിച്ച് ക്ലബ് മാനേജ്മെന്റ് ബി.സി.സി.ഐയെയും ഐപിഎല്‍ ഗവേണിംഗ് ബോഡിയെയും അറിയിച്ചിട്ടുണ്ട്.

ടീമിന്റെ നടത്തിപ്പിനായി വന്‍ തുക മുടക്കേണ്ടി വരുന്നതായാണ് ഡിയാഗോ പറയുന്നത്. ഡിയാഗോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ഈ വര്‍ഷം മാര്‍ച്ചില്‍ ചുമതലയേറ്റെടുത്ത പ്രവീണ്‍ സോമേശ്വറിന്റെ നിലപാടും വില്പനയ്ക്ക് ഇടയാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT