canva, LinkedIn/NIkhil Kammath
News & Views

₹3,000 കോടിയുടെ വിപണി! വമ്പന്‍ ബിസിനസ് അവസരം, പേര് താമര വിത്തെങ്കിലും താമരയുമായി ബന്ധമില്ല, എന്താണ് മക്കാന?

നിഖില്‍ കാമത്ത് അടക്കമുള്ളവര്‍ മക്കാനയുടെ വിപണി സാധ്യതകളെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയാകുന്നുണ്ട്

Dhanam News Desk

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് മക്കാനയെന്ന താമര വിത്തിനെക്കുറിച്ചാണ്. ബീഹാറിലെ പ്രധാന കാര്‍ഷിക വിളയായ മക്കാനക്ക് പേരില്‍ മാത്രമാണ് താമരയുമായി ബന്ധം. യൂറൈല്‍ ഫെറോക്‌സ് പ്ലാന്റ് (Euryale Ferox Plant) എന്ന ഒരുതരം വാട്ടര്‍ ലില്ലിയുടെ വിത്തുകളാണ് മക്കാന അല്ലെങ്കില്‍ ഫോക്‌സ് നട്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. കര്‍ഷകരെ സഹായിക്കാനാണ് ബീഹാറില്‍ മക്കാന ബോര്‍ഡ് രൂപീകരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും പ്രോട്ടീന്‍ സമ്പുഷ്ടമായ താമര വിത്തിന് രാഷ്ട്രീയമാനവും ഏറെയാണ്. അറിയേണ്ടതെല്ലാം...

ധനമന്ത്രിയുടെ പ്രഖ്യാപനം

ഫോക്‌സ് നട്‌സിന്റെ ഉത്പാദനം, വിപണനം, മൂല്യവര്‍ധന തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് മക്കാന ബോര്‍ഡ് രൂപീകരിക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സാങ്കേതിക പരമായ അറിവുകള്‍ നല്‍കാനും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഇതിന് പുറമെ കര്‍ഷകരെ സഹായിക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജിയും ബീഹാറില്‍ സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് മക്കാന

ഇന്ത്യയിലും ചൈനയിലും കാണപ്പെടുന്നതും ജലത്തില്‍ വളരുന്നതുമായ യൂറൈല്‍ ഫെറോക്‌സ് പ്ലാന്റില്‍ നിന്നാണ് മക്കാനയുടെ ഉത്പാദനം. വിളവെടുത്ത ശേഷം ഉണക്കി വറുത്തെടുത്താണ് ഇവ തയ്യാറാക്കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടവും ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, കാല്‍സ്യം, മഗ്നീഷ്യം പോലുള്ള പ്രധാന മിനറലുകളും അടങ്ങിയതാണിത്. കേന്ദ്രസര്‍ക്കാരിന്റെ ഒരു ജില്ലയില്‍ ഒരു ഉത്പന്നം പദ്ധതിയില്‍ ഇടം പിടിച്ച മക്കാനക്ക് അടുത്തിടെ ഭൗമ സൂചിക പദവിയും (GI Tag) ലഭിച്ചിരുന്നു. പ്രോസസ്ഡ് സ്‌നാക്കുകളേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ളതും ശരീര ഭാരം കുറക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവയുമാണ്. ചില പരമ്പരാഗത മരുന്നുകളുണ്ടാക്കാനും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പുതിയ ബിസിനസ് അവസരം

സെറോദ സ്ഥാപകന്‍ നിഖില്‍ കാമത്ത് അടക്കമുള്ളവര്‍ മക്കാനയുടെ വിപണി സാധ്യതകളെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ആഗോള തലത്തില്‍ വിപണനം ചെയ്യാന്‍ കഴിയുന്ന സാധ്യതകളുള്ള ഉത്പന്നമാണ് മക്കാനയെന്ന് അദ്ദേഹം അടുത്തിടെ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു. 3,000 കോടി രൂപയുടെ വിപണിയാണ് നിലവില്‍ മക്കാനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്നതെന്നും വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി അദ്ദേഹം പറയുന്നു. അടുത്ത 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകും. കയറ്റുമതിയില്‍ 25 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. സാധാരണ മക്കാനയേക്കാള്‍ ഫ്‌ളേവറുകള്‍ ചേര്‍ത്ത മക്കാന ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ മേഖലയില്‍ നടക്കുന്നതെന്നും നിഖില്‍ കാമത്ത് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

ഗുണം ബീഹാറിന്

ആഗോള വിപണിയിലേക്ക് 80 ശതമാനം മക്കാനയും എത്തിക്കുന്നത് ഇന്ത്യയാണ്. ഇതില്‍ 90 ശതമാനം ഉത്പാദനവും നടക്കുന്നത് ബീഹാറിലാണെന്നതാണ് പ്രത്യേകത. പ്രതിവര്‍ഷം 10,000 ടണ്ണാണ് ഉത്പാദനം. ഏതാണ്ട് 15,000 ഹെക്ടറിലാണ് കൃഷി. മല്ല സമുദായത്തിലെ അഞ്ച് ലക്ഷത്തോളം വരുന്ന കുടുംബങ്ങളാണ് ഈ കൃഷി ചെയ്യുന്നത്. കിലോക്ക് 1,000 രൂപ മുതല്‍ 8,000 രൂപ വരെയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ കിലോക്ക് 13,000 രൂപ വരെ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മിസ്റ്റര്‍ മക്കാന 50-60 ലക്ഷം രൂപ വരെയാണ് പ്രതിമാസം വരുമാനം നേടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT