News & Views

കേരളത്തിലെ റോഡ് വികസനത്തിന് 3 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും

Dhanam News Desk

കേരളത്തിലെ റോഡുകളുടെ വികസനത്തിന് 3 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 896 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക. 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു

അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കും. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കും. ദേശീയപാത 544 ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുളള ഭാഗം ആറുവരിയാക്കുമെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.

വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പും

അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനി അറിയിച്ചു. 5,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തിയത്. ഇത് കൂടാതെ 20,000 കോടിയുടെ നിക്ഷേപം കൂടി നടത്തും. രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്മെന്റ് പോര്‍ട്ട് ആക്കി മാറ്റുകയാണ് ലക്ഷ്യം.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിപുലീകരണം നടത്തുകയാണ് അദാനി ഗ്രൂപ്പ്. 5,200 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. കൂടാതെ കൊച്ചി കളമശ്ശേരിയില്‍ ഇ കോമേഴ്സ് ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക് തുറക്കാന്‍ ഒരുങ്ങുകയാണെന്നും കരണ്‍ അദാനി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT