Linkedin / Nithin Kammath
News & Views

ബ്രോക്കറേജുകാരെ മുട്ടീട്ടു വയ്യ! നിതിന്‍ കാമത്ത് പറയുകയാണ്, ''ഇപ്പോഴായിരുന്നെങ്കില്‍ സിറോദ തുടങ്ങില്ലായിരുന്നു...''

സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ ചോദ്യത്തിന് നിതിന്‍ കാമത്ത് നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം

Dhanam News Desk

2025ലായിരുന്നെങ്കില്‍ താന്‍ സിറോദ (Zeodha) തുടങ്ങില്ലായിരുന്നുവെന്ന് ബ്രോക്കറേജ് പ്ലാറ്റ്‌ഫോമായ സിറോദയുടെ സി.ഇ.ഒ നിതിന്‍ കാമത്ത്. സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2025ല്‍ വീണ്ടും സിറോദ ആരംഭിക്കുകയാണെങ്കില്‍, കുറേ വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, എന്തുമാറ്റമായിരിക്കും കൊണ്ടുവരികയെന്നായിരുന്നു ചോദ്യം.

ഇതിന് നിതിന്റെ ഉത്തരം ഇങ്ങനെ '' സിറോദ തുടങ്ങില്ലായിരുന്നു.വിപണിയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അതിപ്രസരമാണ്. ഒരേ ജോലി ചെയ്യുന്ന മറ്റൊരു പ്ലാറ്റ്‌ഫോം കൂടി വന്നിട്ട് കാര്യമില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഞങ്ങളുടെ കമ്പനിക്ക് കുറേ മാറ്റങ്ങളുണ്ടായി. ഇപ്പോഴത്തെ മുന്‍നിര ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളെ ആദ്യ ദിനം മുതല്‍ മറികടക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല.

ഇപ്പോഴായിരുന്നെങ്കില്‍ മറ്റൊരു രീതിയില്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നു. കൂടുതല്‍ മത്സരശേഷിയുള്ള ബ്രോക്കറേജ് പ്ലാറ്റ്‌ഫോമായിരിക്കും സ്ഥാപിക്കുക. കൂടുതല്‍ ചാര്‍ജ് ഈടാക്കി എന്നാല്‍ മെച്ചപ്പെട്ട റിസര്‍ച്ച് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയേനെ. ഈ മോഡലില്‍ ഉപയോക്താക്കള്‍ കുറവായിരിക്കുമെങ്കിലും മികച്ച വരുമാനം നേടാന്‍ കഴിയും''.

ബ്രോക്കറേജ് മേഖലയില്‍ സംഭവിക്കുന്നതെന്ത്?

ഓഹരി വിപണിയിലെ നിക്ഷേപകരെ ഏറെക്കാലമായി അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ബ്രോക്കറേജ് ഫീസ്. പേരുകേട്ട ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് വലിയ തുക ഫീസ് കൊടുക്കേണ്ടി വരുന്നത് പലരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ പ്രതിഫലിച്ചിരുന്നു. ഉയര്‍ന്ന ബ്രോക്കറേജ് ഫീസ് കൊടുക്കേണ്ടി വന്നത് രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപങ്ങളെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരും സീറോ കോസ്റ്റ് ബ്രോക്കര്‍മാരും രംഗത്ത് വന്നത് ഓഹരി വിപണിയിലെ ഇടപാടുകള്‍ എളുപ്പമാക്കി.

സീന്‍ മാറി

ഓണ്‍ലൈന്‍ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളായ സിറോദ, ഗ്രോ, അപ്‌സ്റ്റോക്ക്‌സ്, ഏഞ്ചല്‍ വണ്‍ തുടങ്ങിയവ പരമ്പരാഗത ബ്രോക്കറേജ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജനകീയമായി. പോക്കറ്റിനിണങ്ങുന്ന ഫീസ് ഈടാക്കി സേവനങ്ങള്‍ നല്‍കിയത് കൂടുതല്‍ പേരെ ഓഹരി നിക്ഷേപത്തിന് പ്രേരിപിപ്പിച്ചുവെന്നാണ് കരുതുന്നത്. മാര്‍ച്ച് 2025ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 3.94 കോടി ഡീമാറ്റ് അക്കൗണ്ടുകളാണുള്ളത്. ഓഹരി ഇടപാടുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ നിക്ഷേപകര്‍ക്ക് ബ്രോക്കറേജ് ഫീസ് ഇനത്തില്‍ കോടികള്‍ ലാഭിക്കാനായെന്നാണ് കണക്ക്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2,000 മുതല്‍ 20,000 കോടി വരെ സിറോദയുടെ ഉപയോക്താക്കള്‍ക്ക് മാത്രം ലാഭിക്കാനായെന്ന് നിതിന്‍ കാമത്ത് അടുത്തിടെ പറഞ്ഞിരുന്നു.

ബ്രോക്കേറേജുകളുടെ ഭാവിയെന്ത്?

ഇന്ത്യയിലെ സെക്യൂരിറ്റി ബ്രോക്കറേജ് വിപണി 2030ലെത്തുമ്പോള്‍ 6.21 ബില്യന്‍ ഡോളര്‍ (ഏകദേശം 53,000 കോടി രൂപ) മൂല്യമുള്ളതായി മാറുമെന്നാണ് ഗവേഷക സ്ഥാപനമായ മോര്‍ഡോര്‍ ഇന്റലിജന്‍സിന്റെ കണക്കുകള്‍ പറയുന്നത്. 2025നും 2030നും ഇടയില്‍ 7.89 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും ഈ പഠനം പറയുന്നു. നിലവിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ ഉപയോഗിക്കുന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഗ്രോ (Groww) ആണ്, 1.3 കോടി ഉപയോക്താക്കള്‍. 79.57 ലക്ഷം നിക്ഷേപകരുമായി സിറോദ തൊട്ടുപിന്നിലുണ്ട്.

നേട്ടം പ്ലാറ്റ്‌ഫോമുകള്‍ക്ക്, നിക്ഷേപകര്‍ക്ക് നഷ്ടം

അതേസമയം, ഓഹരി വിപണിയിലെ ഇടപാടുകള്‍ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും നിക്ഷേപകരുടെ കീശ ചോര്‍ത്തുന്നതായും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വലിയ തോതില്‍ കൂടി. പുതുതായി എത്തിയ നിക്ഷേപകരില്‍ പലരും 35 വയസിന് താഴെയുള്ളവരുമായിരുന്നു. പലരും അവധി വ്യാപാരത്തിലും (Future and options) നിക്ഷേപ സാധ്യതകള്‍ പരീക്ഷിച്ചു. ഇതില്‍ 93 ശതമാനം പേര്‍ക്കും നഷ്ടം നേരിട്ടതായും കണക്കുകള്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT