photo courtesy : www.facebook.com/nitingadkary
News & Views

ഇ20 പെട്രോളിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പെട്രോള്‍ മാഫിയ! കര്‍ഷകര്‍ക്ക് ₹45,000 കോടിയുടെ ഗുണമുണ്ടായെന്ന് ഗഡ്കരി

കൃത്യമായ പഠനം ഇല്ലാതെ ഇ20 ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചെന്നും വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറയുന്നതും കേടുപാട് വരുന്നതും പതിവായെന്നുമുള്ള ആക്ഷേപം ശക്തമാണ്

Dhanam News Desk

ഇ20 പെട്രോളിനെതിരായ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വന്‍കിട ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബയോ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം രംഗം ലോബിയിംഗ് നടത്തുകയാണ്. തനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടക്കുകയാണ്. പെയ്ഡ് പൊളിറ്റിക്കല്‍ ക്യാംപയിന്റെ ഇരയാണ് താനെന്നും അദ്ദേഹം ആരോപിച്ചു. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിനേക്കാള്‍ ചെലവും മലിനീകരണവും കുറഞ്ഞ തദ്ദേശീയമായ ബദലാണ് ഇ20 പെട്രോളെന്ന് ഗഡ്കരി പറയുന്നു 22 ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം. അങ്ങനെ വന്നാല്‍ 22 ലക്ഷം കോടി രൂപ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചെലവഴിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ20 പെട്രോള്‍ നടപ്പിലാക്കിയതില്‍ അപാകതയില്ലെന്ന് എല്ലാ ടെസ്റ്റിംഗ് ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബയോ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പഴയ വാഹനങ്ങള്‍ മാറ്റാന്‍ തയ്യാറായവര്‍ക്ക് കൂടുതല്‍ ഡിസ്‌ക്കൗണ്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് നേട്ടം

ചോളത്തില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം കര്‍ഷകര്‍ക്ക് 45,000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നും മന്ത്രി പറയുന്നു. ഒരു കിന്റല്‍ ചോളത്തിന്റെ വില 1,200 രൂപയില്‍ നിന്നും 2,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി ചോളമാണ് ഉത്തര്‍പ്രദേശും ബീഹാറും ഇക്കൊല്ലം ഉത്പാദിപ്പിച്ചതെന്നും ഗഡ്കരി അവകാശപ്പെട്ടു.

എന്താണ് വിവാദം

കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന ആല്‍ക്കഹോള്‍ കലര്‍ന്ന ഇന്ധനമാണ് എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍). 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേര്‍ന്ന മിശ്രിത ഇന്ധനമാണ് ഇ20. ഇവയെ ഫ്ളെക്സ് ഫ്യൂവല്‍ എന്നാണ് വിളിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം, ക്രൂഡ് ഓയില്‍ ഇറക്കുമതി എന്നിവ കുറക്കാനും പ്രാദേശിക കര്‍ഷകരെ സഹായിക്കാനും ഇത്തരം ഇന്ധനത്തിന് കഴിയുമെന്നാണ് കേന്ദ്രവാദം. എന്നാല്‍ കൃത്യമായ പഠനം ഇല്ലാതെ ഇ20 ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചെന്നും വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറയുന്നതും കേടുപാട് വരുന്നതും പതിവായെന്നുമുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേന്ദ്രതീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് വന്നെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

Union minister Nitin Gadkari alleges that the E20 fuel campaign on social media was a paid and politically targeted move. He clarifies government’s stance on ethanol-blended fuel adoption in India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT