ബിഹാറിലെ ജനങ്ങളുടെ പള്‍സ് കൃത്യമായി മനസിലാക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതത്തില്‍ അഴിമതി പുരളാത്ത നേതാവ്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കിടയിലും ജനകീയന്‍. ബിഹാര്‍ പിടിക്കാന്‍ നിതീഷിന്റെ പ്രതിച്ഛായ മാത്രം പോരെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് കൃത്യമായി അറിയാമായിരുന്നു. മധ്യപ്രദേശിലും ഡല്‍ഹിയിലും പരീക്ഷിച്ച 'ഫ്രീബി' പൊളിറ്റിക്‌സ് കൃത്യമായ ബിഹാറിന്റെ മണ്ണിലും അവര്‍ വിതച്ചു. ഫലമോ രാഷ്ട്രീയ തന്ത്രജ്ഞരെ പോലും ഞെട്ടിച്ച വിജയവും.
200നടുത്ത് സീറ്റിലേക്ക് എന്‍.ഡി.എയെ എത്തിച്ചതിന് പിന്നില്‍ പല ഘടകങ്ങളുമുണ്ട്. വര്‍ഷങ്ങളായി നിതീഷിന് പിന്നില്‍ അണിനിരന്ന വോട്ടര്‍മാരെ നിലനിര്‍ത്തിയതിനൊപ്പം എതിര്‍ചേരിയിലുണ്ടായിരുന്ന വനിതാ വോട്ടര്‍മാരെ കൂടി ഒപ്പമെത്തിക്കാന്‍ നിതീഷ്-മോദി കൂട്ടുകെട്ടിന് സാധിച്ചു.
സംസ്ഥാനത്തെ വനിതകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ നല്കുന്ന സ്‌കീമായ മുഖ്യമന്ത്രി മഹിള റോസ്ഗാര്‍ യോജന ഇരുമുന്നണികള്‍ക്കും ഇടയില്‍ ഗെയിം ചേഞ്ചറായി മാറി. സ്ഥിരമായി ആര്‍ജെഡി സഖ്യത്തിന് വോട്ട് ചെയ്തിരുന്ന മുസ്ലീം, യാദവ വിഭാഗത്തിലുള്ള വനിതകള്‍ പോലും ഇത്തവണ മാറിചിന്തിച്ചു.
രാഹുല്‍ ഗാന്ധി കൊണ്ടുവന്ന വോട്ട് കൊള്ള ആരോപണത്തിലൂന്നിയായിരുന്നു മഹാസഖ്യത്തിന്റെ തുടക്കത്തിലുള്ള പ്രചരണം. എന്നാല്‍ ഇത് കാര്യമായി ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയ തേജസ്വിനി യാദവ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ സ്വന്തം വഴിക്കായി പ്രചാരണം. യുവാക്കളുടെ തൊഴിലില്ലായ്മയും മറ്റ് പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ആര്‍ജെഡി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വോട്ട് കൊള്ളയിലൂന്നിയ പ്രചാരണവുമായി മുന്നോട്ടു പോയി.
അവസാന ഘട്ടത്തില്‍ വലിയ വാഗ്ദാനങ്ങള്‍ നല്കി സ്ത്രീകളെ കൈയിലെടുക്കാന്‍ തേജസ്വി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ നിതീഷിനും എന്‍ഡിഎ മുന്നണിക്കും സാധിച്ചപ്പോള്‍ ഉപയോഗിച്ച് പഴകിയ ആയുധങ്ങള്‍ തന്നെയാണ് രാഹുല്‍ പുറത്തെടുത്തത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബിഹാര്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ തോതില്‍ മുന്നോട്ടു പോയിട്ടുണ്ടെന്നത് സത്യമാണ്. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരുകാലത്ത് ബിഹാറില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു കൂടുതല്‍. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങിയാല്‍ തിരിച്ചെത്താത്ത അവസ്ഥയാണ്. ബിഹാറില്‍ അവരുടെ നാട്ടില്‍, തൊഴിലവസരങ്ങള്‍ ലഭിച്ചതായിരുന്നു കാരണം.
ബിഹാറിലേക്ക് കേന്ദ്ര ഫണ്ടുകള്‍ ഒഴുകിയത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നാട്ടില്‍ ജോലി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത് ജനങ്ങളില്‍ നിതീഷിനോടുള്ള കൂറ് വര്‍ധിപ്പിച്ചു. ഇപ്പോഴും അതിദരിദ്ര ഗ്രാമങ്ങള്‍ ബിഹാറില്‍ നിരവധിയുണ്ടെങ്കിലും അങ്ങോളമിങ്ങോളം മാറ്റം പ്രകടമാണ്. നല്ല റോഡുകളും സ്‌കൂളുകളും കൂടുതലായി വന്നുവെന്നത് വസ്തുതയാണ്.
അടുത്ത കാലത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി ലക്ഷ്യംവയ്ക്കുന്നത് സ്ത്രീകളെയാണ്. വനിതകളെ മാത്രം ലക്ഷ്യമിട്ട് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചാണ് മധ്യപ്രദേശും മഹാരാഷ്ട്രയും അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയത്. ഇത്തവണ ബിഹാറില്‍ വോട്ടിംഗ് ശതമാനം കുത്തനെ കൂടാന്‍ കാരണം സ്ത്രീകളുടെ വരവാണ്.
ഒരുകാലത്തും ബിജെപിക്ക് മുസ്സീം സമുദായത്തില്‍ നിന്ന് കാര്യമായി വോട്ട് കിട്ടിയിട്ടില്ല. കേരളം മുതല്‍ ജമ്മു കശ്മീര്‍ വരെ ഇതായിരുന്നു സ്ഥിതി. എന്നാല്‍ അടുത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ നിന്ന് കാര്യമായി വോട്ട് നേടാന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്. ഇവരൊന്നും പരസ്യമായി ഇക്കാര്യം സമ്മതിക്കുന്നില്ലെന്ന് മാത്രം.
കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണ് 2020ല്‍ ആര്‍ജെഡിയെ അധികാരത്തില്‍ നിന്ന് പിന്നോട്ടു വലിച്ചത്. അതിനുശേഷം തേജസ്വിനിക്ക് കോണ്‍ഗ്രസിനോട് അത്ര പഥ്യമില്ല. ഇത്തവണ ഒരു ഐക്യവുമില്ലാതെ സ്വന്തം നിലയ്ക്കാണ് മഹാസഖ്യത്തിലെ കക്ഷികള്‍ മത്സരിച്ചത്. 10ലേറെ മണ്ഡലങ്ങളില്‍ മഹാസഖ്യ പാര്‍ട്ടികള്‍ നേരിട്ട് പോരടിക്കുന്ന അവസ്ഥയുമുണ്ടായി.
താഴേത്തട്ടില്‍ തീര്‍ത്തും ദുര്‍ബലമാണ് കോണ്‍ഗ്രസ്. പരാജയത്തിന് മുഖ്യകാരണവും ഇതുതന്നെയാണ്. പലപ്പോഴും രാഹുല്‍ ബിഹാറിലെത്തുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പോലും ആവേശമുണ്ടാകുന്നത്. യുപിയിലും ബിഹാറിലും അടക്കം ഹിന്ദി ഹൃദയഭൂമിയില്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പാര്‍ട്ടി യാതൊന്നും ചെയ്യുന്നില്ലെന്ന ആരോപണം രണ്ടാംനിര നേതാക്കന്മാര്‍ക്കുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നവര്‍ താക്കോല്‍ സ്ഥാനങ്ങളിലേക്ക് എത്തുന്നതും തിരിച്ചടിയാകുന്നു.
ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ജനപ്രീതിയില്‍ തെല്ലും കുറവ് സംഭവിച്ചില്ലെന്ന് ഈ തിരഞ്ഞെടുപ്പ് കാണിച്ചു തരുന്നു. മോദി പ്രചരണത്തിനെത്തിയ മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ബിഹാര്‍ ജയത്തോടെ കേന്ദ്രത്തില്‍ മോദിക്ക് സ്വസ്ഥമായി ഭരിക്കാം. സാമ്പത്തിക രംഗത്തടക്കം കൂടുതല്‍ പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകാന്‍ എന്‍ഡിഎയ്ക്ക് ആത്മവിശ്വാസം നല്കുന്നതാണ് ബിഹാര്‍ ജനവിധിയെന്ന് പറയാം.
Read DhanamOnline in English
Subscribe to Dhanam Magazine