കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം തടയാന്‍ പുതിയ നീക്കവുമായി ഡല്‍ഹി സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്ന് ഡല്‍ഹി പരിസ്ഥിതി കാര്യ മന്ത്രി മന്‍ജീന്തര്‍ സിംഗ് സിര്‍സ പറഞ്ഞു. മാര്‍ച്ച് 31 ന് ഈ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ തലസ്ഥാനത്തെ വായുമലിനീകരണം കുറക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അനുമതി വാങ്ങുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
'' പെട്രോള്‍ പമ്പുകളില്‍ ഞങ്ങള്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കും. വാഹനങ്ങളുടെ കാലപ്പഴക്കം അറിയാന്‍ ഇതുവഴി സാധിക്കും. 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് വിലക്കും.'' മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന സിഎന്‍ജി ബസുകളില്‍ 90 ശതമാനവും ഈ വര്‍ഷം ഡിസംബറോടെ പിന്‍വലിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പകരം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കും.
നഗരത്തിലെ മലിനീകരണ തോത് കുറക്കുന്നതിന് വ്യത്യസ്ത മേഖലകളില്‍ നടപ്പാക്കാവുന്ന കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. നഗരത്തിലെ ബഹു നില കെട്ടിടങ്ങള്‍, ഹോട്ടലുകള്‍,വാണിജ്യ സമുച്ഛയങ്ങള്‍ എന്നിവയില്‍ അന്തരീക്ഷ മലനീകരണം കുറക്കാനുള്ള ആന്റി സ്‌മോഗ് ഗണ്ണുകൾ നിര്‍ബന്ധമാക്കും. കെട്ടിട ഉടമകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കല്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കല്‍, എല്ലാ വിഭാഗത്തിന്റെ കൂട്ടായ പരിശ്രമം എന്നിവയിലൂടെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine