canva
News & Views

ഇന്ധനക്ഷാമം ഇല്ല; ആശങ്ക വേണ്ടെന്ന് കേന്ദ്രം; പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം, പി.എന്‍.ജിയിലേക്ക് മാറുന്നവര്‍ക്ക് പ്രോത്സാഹനം

രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് ഉണ്ടെന്നും ഒരിടത്തും ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി

Dhanam News Desk

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് ഉണ്ടെന്നും ഒരിടത്തും ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ റിഫൈനറികളും പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പെട്രോള്‍ പമ്പുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG), സി.എന്‍.ജി വിതരണം 100 ശതമാനവും തടസമില്ലാതെ തുടരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൂഴ്ത്തിവെപ്പിനെതിരെ കര്‍ശന നടപടി, പി.എന്‍.ജിയിലേക്ക് മാറാന്‍ പ്രോത്സാഹനം

വിതരണ ശൃംഖലയിലെ തടസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടായ പാനിക് ബുക്കിംഗ് (Panic booking) ആണ് ചിലയിടങ്ങളില്‍ തിരക്ക് വര്‍ധിപ്പിച്ചത്. ഇത് മുതലെടുത്ത് നടക്കുന്ന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തെ 1,100-ഓളം എല്‍.പി.ജി വിതരണ കേന്ദ്രങ്ങളില്‍ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധന നടത്തി.

എല്‍.പി.ജി വിതരണത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പി.എന്‍.ജി സൗകര്യമുള്ള ഉപഭോക്താക്കള്‍ എല്‍.പി.ജി കണക്ഷന്‍ സ്വമേധയാ സറണ്ടര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി ഗ്യാസ് വിതരണ കമ്പനികള്‍ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്നും പാനിക് ബുക്കിംഗ് നടത്തി വിപണിയില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കരുതെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

കടല്‍മാര്‍ഗമുള്ള ഇന്ധന വിതരണത്തിന് തടസമില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയവും വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള ഷിവാലിക് എല്‍.പി.ജി കാരിയര്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു കഴിഞ്ഞു. ഇത് വൈകാതെ ഇന്ത്യന്‍ തീരത്തെത്തും. യു.എ.ഇയില്‍ നിന്നും 81,000 ടണ്‍ ക്രൂഡ് ഓയിലുമായി വരുന്ന 'ജഗ് ലാഡ്കി' എന്ന കപ്പല്‍ ചൊവ്വാഴ്ച മുന്ദ്ര തുറമുഖത്ത് എത്തും. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ നാവികരും കപ്പലുകളും സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.

സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള നിരവധി ഇന്ത്യന്‍ പൗരന്മാര്‍ അയല്‍രാജ്യങ്ങളിലേക്ക് മാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 550-ലധികം ഇന്ത്യക്കാര്‍ അര്‍മേനിയയിലേക്കും ഏകദേശം 90 പേര്‍ അസര്‍ബൈജാനിലേക്കും കടന്നു.

അര്‍മേനിയയിലേക്ക് മാറ്റപ്പെട്ടവരില്‍ തീര്‍ത്ഥാടനത്തിനായി ഇറാനിലെത്തിയ 284 പേരും ഉള്‍പ്പെടുന്നു. മാറ്റിപ്പാര്‍പ്പിച്ചവരില്‍ ചിലര്‍ ഇതിനകം തന്നെ ഇന്ത്യയില്‍ തിരിച്ചെത്തിയതായും മറ്റുള്ളവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇറാന്റെ മറ്റ് ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായ നഗരങ്ങളിലേക്ക് മാറ്റിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT