എൻ ചന്ദ്രശേഖരൻ, നോയൽ ടാറ്റ Image Source: Tata Group Websites
News & Views

ടാറ്റ സൺസ് ചെയർമാൻ പുനർനിയമനത്തിനെതിരെ നോയൽ ടാറ്റ കോടതിയിലേക്ക്; ₹65 കോടിയുടെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടേക്കും

ടാറ്റ സൺസ് അധികാരത്തർക്കം കോടതിയിലേക്ക്; പുനർനിയമനവും ലിസ്റ്റിങ് നീക്കവും ചോദ്യം ചെയ്ത് നോയൽ ടാറ്റ

Dhanam News Desk

ടാറ്റ ഗ്രൂപ്പിലെ അധികാരത്തർക്കം പുതിയ വഴിത്തിരിവിലേക്ക്. ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതിനെ ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (AoA) ലംഘിച്ചാണ് പുനർനിയമന തീരുമാനമെടുത്തതെന്നാണ് ആരോപണം.

സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും ആർ.ഡി. ടാറ്റ ട്രസ്റ്റും ടാറ്റ സൺസിനും ആറു ഡയറക്ടർമാർക്കുമെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. 65 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും നീക്കമുണ്ടെന്നാണ് സൂചനയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

തീരുമാനത്തിൽ നിയമലംഘനമെന്ന് ആരോപണം

2026 സെപ്റ്റംബർ 17ന് ചേർന്ന ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് എൻ. ചന്ദ്രശേഖരന്റെ പുനർനിയമനം അംഗീകരിച്ചത്. നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്ന് കേവല ഭൂരിപക്ഷത്തോടെയായിരുന്നു തീരുമാനം. ഓഹരി വിപണിയിൽ ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തിനും ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. ഇതുവരെ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഈ രണ്ട് തീരുമാനങ്ങളിലും നോയൽ ടാറ്റ മാത്രമായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയത്.

ബോർഡ് തീരുമാനം നിയമവിരുദ്ധമാണെന്ന് അന്ന് തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ AoA-യിലെ ആർട്ടിക്കിൾ 121 ലംഘിച്ചാണ് പുനർനിയമന പ്രമേയം പാസാക്കിയതെന്നാണ് ഇപ്പോൾ കോടതിയിൽ ഉന്നയിക്കാനിരിക്കുന്ന പ്രധാന വാദം.

നിർദേശങ്ങൾ പരിഗണിക്കണം

നവംബർ 30-ന് നടക്കാനിരിക്കുന്ന ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗത്തിന് മുന്നോടിയായി, നവംബർ 25ന് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യായയ്ക്ക് നോയൽ ടാറ്റ നാലു പേജുള്ള കത്തയച്ചു. ഡയറക്ടർമാർക്ക് കുറഞ്ഞത് 15 ദിവസത്തെ നോട്ടീസ് നൽകി വിഷയങ്ങൾ ബോർഡിന് മുന്നിൽ അവതരിപ്പിക്കാൻ അനുവദിക്കുന്ന ആർട്ടിക്കിൾ 121-B ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ഒക്ടോബർ 26-ലെ കത്തിലും ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ പുനഃസംഘടനയും ഷാപൂർജി പല്ലോൺജി ഗ്രൂപ്പിന് നിക്ഷേപത്തിൽനിന്ന് പിന്മാറാനുള്ള അവസരമൊരുക്കുന്നതും ലിസ്റ്റിങ് ചർച്ചയ്ക്ക് മുമ്പ് പരിഗണിക്കണമെന്നാണ് ആവശ്യം. സെപ്റ്റംബർ 17ലെ യോഗത്തിന്റെ മിനിറ്റ്സിലും നോയൽ ടാറ്റ ആശങ്ക പ്രകടിപ്പിച്ചു.

ട്രസ്റ്റുകളിൽ 3:2 ഭൂരിപക്ഷം

കോടതിയെ സമീപിക്കാനുള്ള പ്രമേയം സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിൽ 3:2 ഭൂരിപക്ഷത്തിലാണ് പാസായത്. നോയൽ ടാറ്റ, മകൻ നെവിൽ ടാറ്റ, ഭാസ്കർ ഭട്ട് എന്നിവർ അനുകൂലിച്ചു. ടാറ്റ സൺസിന്റെ നേതൃത്വത്തെയും ലിസ്റ്റിങ് നീക്കത്തെയും ചൊല്ലിയുള്ള ഭിന്നത ഇതോടെ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

Noel Tata is reportedly preparing to challenge N. Chandrasekaran’s reappointment as Tata Sons executive chairman in the Bombay High Court, escalating the dispute over governance and listing.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT