Image Courtesy: x.com/narendramodi, x.com/realDonaldTrump 
News & Views

ചൈനയേ വേണ്ടേ വേണ്ട! ഫോണ്‍ ഇനി ഇന്ത്യയില്‍ നിര്‍മിച്ചോളാമെന്ന് നോക്കിയ; നീക്കത്തിന് പിന്നില്‍ ട്രംപ് പേടിയും

ഇലക്ട്രോണിക്‌സ് കമ്പനികളെ ആകര്‍ഷിക്കാന്‍ നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലത്തായി നല്‍കുന്നത്

Dhanam News Desk

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്.എം.ഡി ഗ്ലോബല്‍ ചൈനയിലെ പ്രൊഡക്ഷന്‍ യൂണിറ്റ് ഒഴിവാക്കുന്നു. ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയില്‍ നിര്‍മാണകേന്ദ്രം തുടങ്ങാനാണ് ഫിന്‍ലാന്‍ഡ് കമ്പനി തയാറെടുക്കുന്നത്. ഇന്ത്യ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാകാന്‍ കുതിക്കുന്നതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിനൊപ്പം മറ്റു ചില കാരണങ്ങളും മാറ്റത്തിനു പിന്നിലുണ്ട്.

നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നോക്കിയ ഉള്‍പ്പെടെ ചൈനയില്‍ നിര്‍മാണ യൂണിറ്റുകളുള്ള കമ്പനികള്‍ക്ക് തിരിച്ചടിയാകും. ചൈനീസ് കമ്പനികളോട് യാതൊരു മയവും ട്രംപിന്റെ കാലയളവില്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് ആദ്യ പ്രഖ്യാപനത്തോടെ അദ്ദേഹം നല്‍കിയത്. ചൈനയിലുള്ള കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് ട്രംപിന്റെ തീരുമാനം തുറന്നിടുന്നത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് എച്ച്.എം.ഡി നോക്കിയ ഫീച്ചര്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. യൂറോപ്പിലേക്കും യു.എസിലേക്കും കൂടുതല്‍ കയറ്റുമതി ലക്ഷ്യമിട്ടാണ് കമ്പനി ചൈനയില്‍ നിന്നൊഴിവാകാന്‍ ശ്രമിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ

ഇലക്ട്രോണിക്‌സ് കമ്പനികളെ ആകര്‍ഷിക്കാന്‍ നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലത്തായി നല്‍കുന്നത്. കൂടുതല്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഉത്പാദനം തുടങ്ങുന്നതു വഴി തൊഴിലവസരങ്ങളും കയറ്റുമതി വരുമാനവും വര്‍ധിപ്പിക്കാന്‍ സാധിക്കും. 40,000 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് കംപോണ്ടന്റ് മാനുഫാക്ചറിംഗ് സ്‌കീം ഉടന്‍ കൊണ്ടുവരുന്നുണ്ട്. ഇത് നിര്‍മാണ മേഖലയിലേക്ക് വരുന്ന ഇലക്ട്രോണിക്‌സ് കമ്പനികള്‍ക്ക് വലിയ സാധ്യതകള്‍ തുറന്നിടുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT