News & Views

നോക്കുകൂലി; ഹൈക്കോടതി ഉത്തരവ് നോക്കുകുത്തി, വനിതാ സംരംഭകയ്ക്ക് നഷ്ടം 30 ലക്ഷം

ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പായില്ല

Ibrahim Badsha

സംസ്ഥാനത്തെ ബിസിനസ് സൗഹൃദമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംരംഭകര്‍ക്ക് തിരിച്ചടിയാകുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീല്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമ ആര്‍ച്ച ഉണ്ണിയാണ് ഇപ്പോള്‍ നോക്കികൂലി കാരണം പ്രയാസമനുഭവിക്കുന്നത്. കേരളത്തിനകത്തും പുറത്തും വിവിധ എക്‌സിബിഷനുകള്‍ നടത്തിവരുന്ന സ്ഥാപനമാണ് നീല്‍ എന്റര്‍ടെയ്ന്‍മെന്റ്. കൊല്ലം ആശ്രാമ മൈതാനത്ത് നടത്തിയ എക്‌സിബിനിലെ സാധനങ്ങള്‍ ലോഡ് ചെയ്യാന്‍ തൊഴിലാളി യൂണിയനുകള്‍ അനുവദിക്കാത്തത് കാരണം ഇവര്‍ക്ക് നേരിടേണ്ടിവരുന്നത് ലക്ഷങ്ങളുടെ നഷ്ടമാണ്.

കഴിഞ്ഞ മാസം പത്തിനാണ് ആശ്രാമം മൈതാനത്തെ എക്‌സിബിഷന്‍ അവസാനിച്ചത്. പിന്നാലെ അടുത്ത എക്‌സിബിഷന്‍ സ്ഥലത്തേക്ക് പോകുന്നതിനായി ലോറിയില്‍ സാധനങ്ങള്‍ ലോഡ് ചെയ്‌തെങ്കിലും തൊഴിലാളി യൂണിയനുകള്‍ ഇത് തടയുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയെങ്കിലും നടപ്പാക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുവ സംരംഭക. പോലിസിനോട് പരാതിപ്പെടുമ്പോള്‍ ലേബര്‍ ഓഫീസില്‍ ബന്ധപ്പെടാനും ലേബര്‍ ഓഫീസില്‍നിന്ന് പോലിസിനോട് ബന്ധപ്പെടാനുമാണ് പറയുന്നതെന്ന് ആര്‍ച്ച ഉണ്ണി ധനത്തോട് പറഞ്ഞു.

നേരത്തെ, ഇവിടെ സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് ഒരു ലോഡിന് 6000 രൂപയെന്ന നിലയില്‍ 2,75,000 രൂപയോളം ബിഎംഎസ്,

ഐഎന്‍ടിയുസി, സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ക്ക് നീല്‍ എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയിരുന്നു. യൂണിയന്‍ തൊഴിലാളികള്‍ ഇറക്കുമ്പോള്‍ ഗ്ലാസ്, ഫൈബര്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ പറ്റിയതിനാല്‍ കമ്പനിയുടെ സ്വന്തം ജീവനക്കാര്‍ തന്നെയായിരുന്നു സാധനങ്ങള്‍ ഇറക്കിയത്. ഇത്രയും ഭീമമായ തുക ഇവരില്‍നിന്ന് വാങ്ങിയതിന് പുറമെ എല്ലാ സ്റ്റാളുകളില്‍നിന്നും രണ്ടായിരം രൂപ വരെ തൊഴിലാളി യൂണിയനുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ആര്‍ച്ച ഉണ്ണി പറയുന്നു.

നഷ്ടം 30 ലക്ഷത്തിലധികം രൂപ

ആശ്രാമം മൈതാനത്തുനിന്നും സാധനങ്ങള്‍ നീക്കാന്‍ സമ്മതിക്കാത്തത് കാരണം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് യുവസംരംഭകയ്ക്ക് നേരിടേണ്ടിവന്നത്. ജുലൈ 10ന് എക്‌സിബിഷന്‍ സമാപിച്ചതിന് ശേഷം സാധനങ്ങള്‍ കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ 21 ദിവസമായി ഇവര്‍ സ്ഥലത്തിന് വാടക നല്‍കുന്നുണ്ട്. കൂടാതെ, അടുത്ത എക്‌സിബിഷന്‍ നടക്കേണ്ട തൃശ്ശൂരിലും സ്ഥലം എടുത്ത് വാടക നല്‍കി വരുന്നുണ്ട്. ഇവ കൂടാതെ, മൊത്തില്‍ 30 ലക്ഷത്തിലധികം രൂപയാണ് തൊഴിലാളി യൂണിയനുകളുടെ ഈ നടപടികള്‍ കാരണം നഷ്ടമുണ്ടായത് - ആര്‍ച്ച ഉണ്ണി ധനത്തോട് പറഞ്ഞു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് എക്‌സിബിഷനുകള്‍ തിരിച്ചുവരുന്നതിനിടെയാണ് യുവസംരംഭകയ്ക്ക് തൊഴിലാളി യൂണിയനുകളുടെ വക കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്. എന്നിരുന്നാലും നിയമപരമായി മുന്നോട്ടുപോകാനാണ് ആര്‍ച്ചയുടെ തീരുമാനം. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിക്കാനുമുള്ള ഒരുക്കത്തിലാണ് ഈ യുവസംരംഭക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT