പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന് ഈ മാസം 22ന് തുടക്കം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കും. പോളിസിയുടെ ഭാഗമായ ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും.
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് 'നോര്‍ക്ക കെയര്‍'. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് മെഡിക്കല്‍ ചെക്കപ്പിന്റെ ആവശ്യമില്ല. മുന്‍പ് ഉണ്ടായിരുന്ന രോഗങ്ങള്‍ക്കും കവറേജ് ലഭിക്കും. ആദ്യ ദിവസം മുതല്‍ കവറേജ് ലഭിക്കുന്നതിനാല്‍ കാത്തിരിക്കേണ്ട ആവശ്യവുമില്ല. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
പ്രവാസി, പ്രവാസിയുടെ പങ്കാളി, 25 വയസ് വരെയുള്ള രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുക. ഓരോരുത്തര്‍ക്കും അധിക പ്രീമിയം അടച്ചാല്‍ മൂന്ന് കുട്ടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കാം. പ്രവാസി ഐഡി കാര്‍ഡ്, വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കുള്ള എന്‍.ആര്‍.കെ കാര്‍ഡ്, വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ്‌സ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. രാജ്യത്തിന് പുറത്തുള്ള 40 ലക്ഷം പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന 35 ലക്ഷത്തോളം പേരും ഉള്‍പ്പെടെ 75 ലക്ഷത്തോളം പേര്‍ക്ക് പദ്ധതി പ്രയോജനകരമാകും. 18 വയസ് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് ചേരാവുന്നതാണ്.
നോര്‍ക്ക കെയര്‍ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴിയോ നോര്‍ക്ക വെബ്‌സൈറ്റ് വഴിയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും പുറത്തിറക്കും. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെയാണ് ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ്. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകള്‍ക്കും കൂടുതല്‍ പ്രവാസി തൊഴിലാളികളുള്ള കമ്പനികള്‍ക്കും ബള്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനവുമുണ്ട്.
ഒരാള്‍ക്ക് മാത്രമാണെങ്കില്‍ 8,101 രൂപയാണ് പ്രീമിയം. പങ്കാളിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപ പ്രീമിയം അടക്കണം. അധികമായി ചേര്‍ക്കുന്ന ഓരോ കുട്ടിക്കും 4,130 രൂപ വീതം പ്രീമിയം അടക്കേണ്ടി വരും. പദ്ധതിയില്‍ അംഗമല്ലാത്ത ആശുപത്രികളില്‍ നടത്തുന്ന ചികിത്സക്ക് റീ ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കുമെന്നും നോര്‍ക്ക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, മഹീന്ദ്ര ബ്രോക്കേഴ്‌സ് എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Norka Care offers ₹5 lakh health insurance and ₹10 lakh accident cover for NRKs without medical check-up. Learn eligibility, premium details, registration process, and hospital network.
Read DhanamOnline in English
Subscribe to Dhanam Magazine