അത്ഭുതങ്ങള്‍ പിറന്ന രാത്രി.1969 ഡിസംബര്‍ 24.നോര്‍വീജിയന്‍ തീരത്ത് എണ്ണ നിക്ഷേപം കണ്ടെത്തിയത് അന്നാണ്. നോര്‍വെയുടെഎണ്ണ വ്യവസായത്തിന്റെ പിറവി ആ രാത്രിയിലായിരുന്നു. 1969ല്‍ നോര്‍വെ ദരിദ്ര രാജ്യമൊന്നുമായിരുന്നില്ല. പക്ഷേ അതിശക്തമായ രാജ്യവുമായിരുന്നില്ല. ആണവായുധമില്ലായിരുന്നു. ആഗോളതലത്തിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന വേദികളില്‍ ഒരു കസേര അവര്‍ക്കായി ഉണ്ടായിരുന്നില്ല. നേര്‍ത്തൊരു രജതരേഖ പോലെ കടല്‍ത്തീരത്ത് കിടന്നൊരു രാജ്യം അന്നുവരെ ഒരു സൂപ്പര്‍ പവര്‍ ആയിരുന്നേയില്ല. പിന്നെയായിരുന്നു മാറ്റം.
നോര്‍വെയെ കുറിച്ച് സംസാരിക്കും മുമ്പ് നമുക്ക് മറ്റ് ചില രാജ്യങ്ങളെ കുറിച്ച് പറയാം. ഏതാണ്ട് ഒരേ തിരക്കഥ ആവര്‍ത്തിച്ചവ. 1950കളിലാണ് നൈജീരിയയില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയത്. എണ്ണക്കിണറുകള്‍ വമ്പിച്ച സമ്പത്ത് ആ രാജ്യത്തിന് സമ്മാനിച്ചു. പക്ഷേ അവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതം. കൊടികുത്തി വാഴുന്ന അഴിമതിയും.
വെനസ്വേലയും എണ്ണ സമ്പന്നമാണ്. ആ പണംകൊണ്ട് ആശുപത്രികള്‍ കെട്ടി. സബ്സിഡികള്‍ നല്‍കി. ജനപ്രിയ പദ്ധതികള്‍ കൊണ്ടുവന്നു. എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോള്‍, പണമെല്ലാം ഒലിച്ചുപോയി. തുടര്‍ന്ന് നടന്നത് പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയായിരുന്നു.
ലിബിയ, അങ്കോള, ഇക്വട്ടോറിയല്‍ ഗിനിയ... ഈ നിര വീണ്ടും നീളുന്നു. സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിഭാസത്തെ വിഭവശാപം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ പ്രകൃതിസമ്പത്ത് അതിനെ ഏറ്റവും ദുര്‍ഘടമായ ഒരു അവസ്ഥയിലേക്ക് തള്ളിയിടുന്ന പ്രതിഭാസം. വളരെ എളുപ്പത്തില്‍ കിട്ടുന്ന പണം സമ്പദ്‌വ്യവസ്ഥയെ വികലമാക്കും. നാണ്യപ്പെരുപ്പം കുതിച്ചുയരും. എല്ലാ രംഗങ്ങളെയും നിഷ്‌ക്രിയമാക്കും.
രാഷ്ട്രീയകക്ഷികള്‍ നാളെയെ മറന്ന് ഇന്നില്‍ മാത്രം ജീവിക്കും. വിളക്ക് ഈയലുകളെയെന്ന പോലെ ഈ വ്യവസ്ഥിതി അഴിമതിയെ ആകര്‍ഷിക്കും. വിഭവസമ്പത്ത് വറ്റുമ്പോള്‍ രാജ്യം അങ്ങേയറ്റം പരിതാപകരമായ നിലയിലായിരിക്കും. അധികാരികള്‍ അപ്പപ്പോള്‍ കിട്ടിയ അപ്പം മുറിച്ച് ഭക്ഷിച്ചതല്ലാതെ നാളേക്കായി ഒന്നും കരുതിയിട്ടുണ്ടാവില്ല. ജനങ്ങള്‍ നിരാലംബരായിരിക്കും.
കയ്യിലുള്ള പണം ചെലവിടാതിരിക്കുന്നത് വേറിട്ട രീതിയിലുള്ള അച്ചടക്കമാണ്. പല വ്യക്തികള്‍ക്കും പറ്റുന്ന കാര്യമല്ല ഇത്. പല സര്‍ക്കാരുകള്‍ക്കും സാധിക്കില്ല. വ്യക്തിപരം, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ പലവിധ പ്രലോഭനങ്ങളെ അതിജീവിച്ച് വേണം ആ അച്ചടക്കം പാലിക്കാന്‍. പക്ഷേ നോര്‍വെ അക്ഷരാര്‍ത്ഥത്തില്‍ ചെയ്തത് അതാണ്.
1990ല്‍ നോര്‍വീജിയന്‍ പാര്‍ലമെന്റ് ഗവണ്‍മെന്റ് പെട്രോളിയം ഫണ്ട് രൂപീകരിച്ചുകൊണ്ടുള്ള നിയമത്തിന് അംഗീകാരം നല്‍കി. എണ്ണപ്പാടത്ത് നിന്ന് ലഭിക്കുന്ന പണം ഈ ഫണ്ടിലേക്കാണ് പോവുക. ഈ ഫണ്ട് ലോകമെമ്പാടുമുള്ള നിക്ഷേപ മേഖലകളില്‍ നിക്ഷേപം നടത്തും. ഓരോ വര്‍ഷവും ഈ ഫണ്ടിന്റെ പ്രതീക്ഷിത ദീര്‍ഘകാല നേട്ടത്തിന്റെ ഒരു ചെറിയ ഭാഗം ചെലവിടാന്‍ മാത്രമാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. അതായത് എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വരുമാനമല്ല, വരുമാനത്തില്‍ നിന്നുള്ള നേട്ടത്തിന്റെ ചെറിയ ഭാഗം മാത്രം.
തെരഞ്ഞെടുപ്പുകള്‍ പലത് വന്നു. ധനമന്ത്രിമാര്‍ മാറിമാറി വന്നു. ആഗോള വിപണികളെ ഉലച്ചുകൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധികള്‍ വന്നു. എന്നിട്ടും നോര്‍വെ നയം മാറ്റിയില്ല. എണ്ണ സമ്പത്തില്‍ നിന്നുള്ള പണം ഈ തലമുറക്ക് വിനിയോഗിക്കാനുള്ളതല്ല, മറിച്ച് ഇതുവരെ പിറക്കാത്തൊരു തലമുറക്കായി കരുതിവെക്കാനുള്ളതാണെന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഒരുപോലെ ഉറച്ചുനിന്നു. ഇതൊരു ചെറിയ കാര്യമല്ല. ജനാധിപത്യ സര്‍ക്കാരുകള്‍ പൊതുപണം വിനിയോഗിക്കുന്നതിന് ഇത്തരമൊരു മാതൃക തുടരുന്നത് ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
നിക്ഷേപം. കാലിഫോര്‍ണിയയിലെ ടെക് കമ്പനികളില്‍, ഫ്രാങ്ക്ഫര്‍ട്ടിലെ ബാങ്കുകളില്‍, ടോക്കിയോയിലും പാരീസിലും മാന്‍ഹട്ടനിലുമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍... ഇവിടെയെല്ലാം ഈ ഫണ്ടിന് നിക്ഷേപമുണ്ട്. നിക്ഷേപം വമ്പന്മാരില്‍ മാത്രമല്ല. മോഹിപ്പിക്കുന്ന നേട്ടം നല്‍കുന്നവക്ക് പിന്നാലെയല്ല ഓട്ടം. ആഗോള സമ്പദ്‌വ്യവസ്ഥയെ പൊതുവില്‍ പ്രതിനിധീകരിക്കുന്ന മേഖലകളില്‍ നിക്ഷേപം നടത്തി, ലോകം വളരാന്‍ വേണ്ടി കാത്തിരിക്കുന്നു. സമ്പദ്‌വ്യവസ്ഥകള്‍ വളരുമ്പോള്‍ ഈ മേഖലകളും വളരും. നിക്ഷേപത്തിന് നേട്ടവും കിട്ടും.1998ലാണ് ഈ ഫണ്ടിന്റെ ആദ്യ നിക്ഷേപം.
അന്ന് ലഭിച്ചത് ശരാശരി 6.6 ശതമാനം നേട്ടമാണ്. 2025ല്‍ മാത്രം ലഭിച്ച നേട്ടം 15.1 ശതമാനം. റിന്യൂവബ്ള്‍ എനര്‍ജി മേഖലയില്‍ നിന്ന് മാത്രമുള്ള നേട്ടം ഈവര്‍ഷം 18.1 ശതമാനവും. ലോകത്തിലെ ലിസ്റ്റഡ് കമ്പനികളില്‍ 1.5 ശതമാനം ഓഹരി പങ്കാളിത്തം ഇപ്പോള്‍ നോര്‍വെക്കുണ്ട്. ആപ്പിള്‍ ഒരു ഫോണ്‍ വില്‍ക്കുമ്പോള്‍, യൂറോപ്പിലെ ഏതെങ്കിലും ബാങ്ക് ലാഭമുണ്ടാക്കുമ്പോള്‍, ഓസ്‌ട്രേലിയയിലെ മൈനിങ് കമ്പനി ഒരു ഷിപ്പ് അയിര് വില്‍ക്കുമ്പോള്‍ ഒക്കെ അതിന്റെ ലാഭം നോര്‍വെയിലേക്ക് എത്തും. ഇപ്പോള്‍ ഈ ഫണ്ടിന്റെ മൂല്യത്തിന്റെ പകുതിയിലേറെ വരുന്നത് എണ്ണ വരുമാനത്തില്‍ നിന്നല്ല, മറിച്ച് അതിന്റെ നിക്ഷേപ നേട്ടത്തില്‍ നിന്നാണ്. നോര്‍വെ സര്‍ക്കാര്‍ സൃഷ്ടിച്ച ഒരു സംവിധാനം ഇന്ന് അവരുടെ എണ്ണ വിഭവസമ്പത്ത് സൃഷ്ടിക്കുന്നതിനേക്കാള്‍ സമ്പത്തുണ്ടാക്കുന്നു.
നേട്ടമുണ്ടാക്കാനായി ധാര്‍മിക മൂല്യങ്ങള്‍ ബലികഴിക്കാനും നോര്‍വെ തയാറല്ല. 2004 മുതല്‍ എഴുതിത്തയാറാക്കിയ ധാര്‍മിക ചട്ടരേഖയില്‍ നിന്നാണ് ഫണ്ടിന്റെ പ്രവര്‍ത്തനം. മനുഷ്യരാശിക്ക് ദോഷം ചെയ്യുന്ന ഒന്നിലും നോര്‍വെയുടെ ഈ ഫണ്ട് നിക്ഷേപം നടത്തില്ല. പുകയില ഉല്‍പന്ന കമ്പനികളില്‍ നിക്ഷേപം നടത്തില്ല. ക്ലസ്റ്റര്‍ ബോംബ്, ആണവായുധ നിര്‍മാണ കമ്പനികളില്‍ നിക്ഷേപിക്കില്ല. പരിസ്ഥിതിക്ക് വിനാശകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തില്ല. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികളിലും നിക്ഷേപിക്കില്ല. ഏതാണ്ട് 180 ഓളം കമ്പനികളെ അതുകൊണ്ട് ഫണ്ട് ഒഴിവാക്കിയിട്ടുണ്ട്. നയതന്ത്രപരമായ വിമര്‍ശനങ്ങള്‍ വന്നാല്‍ പോലും ധാര്‍മികമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മാത്രമെ നോര്‍വെ നിക്ഷേപം നടത്തുകയുള്ളൂ.
ജിയോളജിസ്റ്റുകള്‍ പ്രവചിക്കാറുണ്ട്; ക്രൂഡ് ഓയില്‍ നിക്ഷേപം 30-35 വര്‍ഷം കഴിയുമ്പോള്‍ തീര്‍ന്നുപോകുമെന്ന്. എണ്ണക്കിണറുകള്‍ വറ്റിയാലും നോര്‍വെയുടെ സമ്പത്ത് ഇല്ലാതാവില്ല. എണ്ണയില്ലെങ്കിലും നോര്‍വെ ഒരു കുഴപ്പവുമില്ലാതെ നില്‍ക്കും. നോര്‍വെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്; വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും പിന്തുടരാന്‍ സാധിക്കുന്നത്. കൈവന്ന വലിയ സമ്പത്ത് ഇതുവരെ പിറക്കാത്ത ഒരു തലമുറക്ക് പോലും ഉപകാരപ്രദമാകും വിധം അവര്‍ വിനിയോഗിക്കുന്നു.1969ല്‍ നോര്‍വെയില്‍ എണ്ണ നിക്ഷേപം കണ്ടെത്തി.1990ല്‍ അവര്‍ ലോകത്തെ അപൂര്‍വമായ മറ്റൊരു സംവിധാനം കണ്ടെത്തി! ആ സമ്പത്തിനെ വെറുതെ വിടാനുള്ള അച്ചടക്കം!
(രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമാണ് ലേഖകന്‍)
Read DhanamOnline in English
Subscribe to Dhanam Magazine