Image courtesy: adani.com, canva 
News & Views

രണ്ടാം തരം കല്‍ക്കരി ഒന്നാന്തരം വിലയ്ക്ക് വിറ്റ് കൊള്ളലാഭം, അദാനി ഗ്രൂപ്പിനെതിരെ ബ്രിട്ടീഷ് പത്രം

ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ആയിരക്കണക്കിന് ജനങ്ങളുടെ, പ്രത്യേകിച്ചു കുട്ടികളുടെ, ആരോഗ്യത്തെ ബാധിച്ചു; തമിഴ്‌നാട് സര്‍ക്കാരിന് വന്‍ നഷ്ടം

Dhanam News Desk

അദാനി ഗ്രൂപ്പ് വിദേശത്തു നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിറ്റിരുന്നത് നിലവാരം കുറഞ്ഞ കല്‍ക്കരിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമിത വിലയ്ക്ക് ഗുണമേന്മ കുറഞ്ഞ കല്‍ക്കരി വാങ്ങിയ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചതായും ലണ്ടന്‍ ആസ്ഥാനമായ ലോകപ്രശസ്ത സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് ശേഖരിച്ച വസ്തുതകള്‍ അധികരിച്ച രേഖയാണ് പുറത്തു വന്നിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരാണ് അദാനി ഗ്രൂപ്പ്. രാജ്യത്തേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നവരിലും മുമ്പര്‍ ഗൗതം അദാനിയുടെ കമ്പനിയാണ്. നിലവാരം കുറഞ്ഞ കല്‍ക്കരി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചത് ചെലവ് വര്‍ധിപ്പിക്കുകയും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാടിന് വലിയ നഷ്ടം

ഇന്തോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ നിലവാരം കുറഞ്ഞ കല്‍ക്കരി തമിഴ്‌നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്കോ (തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ടിബൂഷന്‍ കോര്‍പ്പറേഷന്‍) യ്ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2014ലാണ് ഇന്തോനേഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് നിലവാരം കുറഞ്ഞ കല്‍ക്കരി വാങ്ങുന്നത്. അവിടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന പി.ടി ജോണ്‍ലിന്‍ കല്‍ക്കരി ഖനിയില്‍ നിന്ന് ടണ്ണിന് 28 ഡോളറിനാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. കിലോഗ്രാമിന് 3,500 കലോറി അടങ്ങുന്ന കല്‍ക്കരിയായിരുന്നു ഇത്.

തമിഴ്‌നാട് പൊതുമേഖല സ്ഥാപനത്തിന് അവര്‍ വിറ്റതാകട്ടെ കിലോഗ്രാമിന് 6,000 കലോറിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു. ഇടപാടില്‍ ടാംഗെട്കോയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടണ്ണിന് 86 ഡോളറിനാണ് ടാംഗെട്കോ ഈ കല്‍ക്കരി വാങ്ങിയത്. ചെലവുകളെല്ലാം കുറച്ചശേഷം 207 ശതമാനം ലാഭം ഇടപാടില്‍ അദാനി ഗ്രൂപ്പിന് ലഭിച്ചു.

തീരെ ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഉപയോഗിച്ചതുമൂലം വന്‍തോതില്‍ മലിനീകരണം തമിഴ്‌നാട്ടില്‍ ഉണ്ടായെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ക്ക് സമീപമുള്ള കുട്ടികളുടെ മരണത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും കെട്ടുകഥകളാല്‍ സമ്പന്നുമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആദ്യ പ്രതികരണം. കല്‍ക്കാരി വിദേശത്തുനിന്ന് വാങ്ങുന്നതും ഇന്ത്യയില്‍ വില്‍ക്കുന്നതും നിരവധി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്. അതുകൊണ്ട് തന്നെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരും ടാംഗെട്കോ അധികൃതര്‍ പരിശോധിച്ചിട്ടുമാണ് കല്‍ക്കരി ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതെന്നും അദാനി ഗ്രൂപ്പ് വക്താവ് അവകാശപ്പെട്ടു.

പുതിയ ആരോപണം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിപണിയിലെ പ്രകടനത്തെ ബാധിച്ചിട്ടില്ല. ബുധനാഴ്ച്ച 0.6 ശതമാനത്തില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ വ്യാഴാഴ്ച രാവിലെയും മികച്ച പ്രകടനം തുടരുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT