കൊല്ലം ആഴക്കടലില്‍ വന്‍തോതില്‍ എണ്ണ, പ്രകൃതിവാതക സാധ്യതയില്‍ വര്‍ഷങ്ങളായി പര്യവേഷണങ്ങള്‍ നടക്കുന്നുണ്ട്. എണ്ണ സാധ്യതയെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ പര്യവേഷണത്തില്‍ കാര്യമായ നേട്ടങ്ങള്‍ ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കൊല്ലം മുതല്‍ മഹാരാഷ്ട്ര വരെ നീളുന്ന കൊങ്കണ്‍ മേഖലയില്‍ പെതുമേഖ സ്ഥാപനമായ ഓയില്‍ ഇന്ത്യ ഡ്രില്ലിംഗിന് തുടക്കമിട്ടിരിക്കുകയാണ്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊല്ലം ആഴക്കടലില്‍ മുമ്പ് പലകുറി പര്യവേഷണം ഭാഗികമായി നടന്നിട്ടുള്ളതാണ്. എണ്ണ സാന്നിധ്യത്തിന്റെ സൂചനകള്‍ പലകുറി കണ്ടിരുന്നെങ്കിലും പര്യവേഷണത്തിന് തുടര്‍ച്ചയുണ്ടായിരുന്നില്ല. ഇക്കുറി കൂടുതല്‍ തയാറെടുപ്പുകളോടെയാണ് ഓയില്‍ ഇന്ത്യ പര്യവേഷണത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഇറക്കുമതി ചെലവിന്റെ സിംഹഭാഗവും എണ്ണ, സ്വര്‍ണം എന്നിവയ്ക്കായിട്ടാണ് ചെലവിടുന്നത്. ഇത് വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നു. എണ്ണയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാകുകയെന്ന ലക്ഷ്യത്തോടെ അടുത്ത കാലത്ത് നിര്‍ണായക നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ എണ്ണപ്പാടങ്ങള്‍ പാട്ടത്തിനെടുക്കുന്നതടക്കമുള്ള സാധ്യതകള്‍ക്കൊപ്പം രാജ്യത്തിനകത്ത് എണ്ണ പര്യവേഷണത്തിനും വലിയതോതില്‍ പണം മുടക്കുന്നുണ്ട്. ആന്‍ഡമാന്‍ മേഖലയില്‍ വലിയതോതില്‍ എണ്ണ നിക്ഷേപമുണ്ടെന്ന സൂചനയില്‍ ഇവിടെ വലിയ തോതിലുള്ള പര്യവേഷണത്തിന് തുടക്കമിട്ടിരുന്നു.
കൊല്ലം തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഓയില്‍ ഇന്ത്യ പര്യവേഷണം നടത്തുന്ന എണ്ണക്കിണര്‍ വരുന്നത്. രാജ്യത്തെ ഏറ്റവും ആഴമേറിയ എണ്ണക്കിണറാകും ഇതെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയത്. കൊല്ലം തീരത്തെ ഖനനത്തെ കേന്ദ്രസര്‍ക്കാര്‍ അത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ചുരുക്കം.
അടുത്തിടെ ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജീസുമായി എണ്ണ ഖനനത്തില്‍ സാങ്കേതിക സഹകരണ കരാറില്‍ ഓയില്‍ ഇന്ത്യ എത്തിയിരുന്നു. ഇത് ഇന്ത്യയുടെ എണ്ണ സ്വയംപര്യാപ്ത ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്. എണ്ണ ആവശ്യകതയുടെ 50 ശതമാനമെങ്കിലും രാജ്യത്ത് നിന്ന് ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍പ്പോലും ഇന്ത്യയ്ക്കത് നേട്ടമാകും.
എണ്ണ പര്യവേഷണത്തിനായി 2000ത്തിന് ശേഷമാണ് ഇന്ത്യ ശ്രമങ്ങള്‍ ശക്തമാക്കുന്നത്. ഇന്ത്യന്‍ തീരങ്ങളില്‍ കാര്യമായ രീതിയില്‍ എണ്ണ നിക്ഷേപ സാധ്യതയുണ്ടെന്ന സൂചനകള്‍ മുമ്പ് നടന്ന ചില പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകളുടെ അഭാവം, പര്യവേഷണത്തിനുള്ള ഉയര്‍ന്ന ചെലവ് തുടങ്ങി പലവിധ കാരണങ്ങള്‍ സമ്പൂര്‍ണ പര്യവേഷണത്തില്‍ നിന്ന് രാജ്യത്തെ പിന്തിരിപ്പിച്ചിരുന്നു. കൊല്ലത്തെ എണ്ണ പര്യവേഷണം വിജയം കണ്ടാല്‍ രാജ്യത്തിന് മാത്രമല്ല കേരള സമ്പദ്‌വ്യസ്ഥയ്ക്കും അത് വഴിത്തിരിവാകും.
Read DhanamOnline in English
Subscribe to Dhanam Magazine