ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില അസാധാരണമായ രീതിയില്‍ താഴുന്നു. കഴിഞ്ഞയാഴ്ച്ച 70 ഡോളറിന് മുകളിലെത്തിയ വില നിലവില്‍ 60കളുടെ മധ്യത്തിലാണ്. ഡബ്ല്യുടിഐ ക്രൂഡ് 60 ഡോളറും ബ്രെന്റ് ക്രൂഡ് 64 ഡോളറിലുമാണ്. പ്രധാന രാജ്യങ്ങളുടെ വ്യവസായിക വളര്‍ച്ച കുറഞ്ഞ നിലയില്‍ തുടരുന്നതും മാര്‍ക്കറ്റിലേക്ക് അധികമായി എണ്ണ വരുന്നതുമാണ് വിലയിലും പ്രതിഫലിക്കുന്നത്.
നാലു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ക്രൂഡ് ഓയില്‍ വില നിലവില്‍. ബ്രെന്റ് ക്രൂഡ് ജൂണ്‍ രണ്ടിലെ നിരക്കിനേക്കാള്‍ താഴെയാണ്. ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നത് വിപണിയുടെ ഇടിവിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. നവംബര്‍ മുതല്‍ പ്രതിദിന ഉത്പാദനത്തില്‍ അഞ്ച് ലക്ഷം ബാരല്‍ വരെ വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഒക്‌ടോബറിലേക്കാള്‍ മൂന്നിരട്ടി വര്‍ധനയാകുമിത്. ഒപെക് പ്ലസ് ഇതര രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്നുണ്ട്. ഇത് ഗള്‍ഫ് രാജ്യങ്ങളുടെ മേല്‍ക്കൈ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ഉത്പാദനം കുറഞ്ഞ് ഡിമാന്‍ഡ് വീണ്ടെടുക്കാന്‍ ഒപെക് രാജ്യങ്ങള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം നീക്കങ്ങള്‍ വിജയിക്കുന്നില്ല. കൂടുതല്‍ രാജ്യങ്ങളില്‍ എണ്ണ ഖനനം ആരംഭിച്ചതാണ് കാരണം. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാശിപിടിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
ആഗോളതലത്തില്‍ കുറഞ്ഞ വിലയില്‍ എണ്ണ ലഭിച്ചു തുടങ്ങിയതോടെ പല രാജ്യങ്ങളും കൂടുതലായി സ്റ്റോക്ക് ചെയ്യുന്നുണ്ട്. ഇതും ഡിമാന്‍ഡ് കുറയ്ക്കുന്നുണ്ട്. ഇന്ത്യയും ചൈനയും അടക്കം ചില രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയില്‍ നിന്നുള്ള ഡിസ്‌കൗണ്ട് എണ്ണയാണ് കൂടുതലായി വാങ്ങുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാര്യമായി ഫലിച്ചിട്ടില്ല. റഷ്യയാകട്ടെ അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉത്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
ആഗോള തലത്തില്‍ സാമ്പത്തികമാന്ദ്യ സൂചനകള്‍ പ്രകടമാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി വ്യവസായിക വളര്‍ച്ച താഴ്ന്നു നില്‍ക്കുന്നത് പല രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്. തീരുവ യുദ്ധത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.
എണ്ണ വില ഇടിഞ്ഞു നില്‍ക്കുന്നത് ഇന്ത്യയെ സന്തോഷിപ്പിക്കുമെങ്കിലും അതിനുള്ള കാരണങ്ങള്‍ അത്ര ആശ്വാസം പകരുന്നതല്ല. ആഗോള തലത്തില്‍ വീണ്ടും മാന്ദ്യം പിടിമുറുക്കിയാല്‍ അതിന്റെ അലയൊലികള്‍ ഇന്ത്യയെയും ബാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine