image credit : canva  
News & Views

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ റെക്കോഡ്, സൗദിയില്‍ നിന്നുള്ള വാങ്ങല്‍ കുറഞ്ഞു

മാര്‍ച്ച് വരെ ഇന്ത്യ ലാഭിച്ചത് 1.64 ലക്ഷം കോടി രൂപ

Dhanam News Desk

റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മേയ് മാസം രേഖപ്പെടുത്തിയത് റെക്കോഡ്. ഓരോ ദിവസവും 21 ലക്ഷം ബാരലുകളാണ് ഇന്ത്യയിലേക്കെത്തിയത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 41 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യന്‍ ക്രൂഡ് ഓയിലിന് ചൈനയില്‍ ആവശ്യകത കുറഞ്ഞതോടെ ഇന്ത്യയ്ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. ഇതാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂട്ടിയത്.

അതേസമയം, സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 10 മാസത്തെ ഏറ്റവും കുറഞ്ഞ അളവിലെത്തി. തുടര്‍ച്ചയായ രണ്ടാം മാസവും സൗദി എണ്ണക്കമ്പനിയായ അരാംകോ എണ്ണവില വര്‍ധിപ്പിച്ചതാണ് കാരണം. മേയിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഏപ്രില്‍ മാസത്തേക്കാള്‍ 5.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയും കഴിഞ്ഞ മാസത്തേക്കാള്‍ 14.7 ശതമാനം കൂടി.

എന്തുകൊണ്ട് റഷ്യന്‍ എണ്ണ

പരമ്പരാഗതമായി ഇന്ത്യ എണ്ണ വാങ്ങുന്ന അറേബ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവില്‍ ക്രൂഡ് ഓയില്‍ ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. യുക്രെയിന്‍ അധിനിവേശത്തോടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാതെ വന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഡോളറില്‍ ഇടപാട് നടത്താന്‍ അനുവദിക്കാതെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. തുടര്‍ന്നാണ് ഇന്ത്യയ്ക്ക് നിരക്ക് കുറച്ച് ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ റഷ്യ തയ്യാറായത്. റഷ്യയില്‍ നിന്നും എണ്ണയിറക്കുമതി വര്‍ധിച്ചതോടെ കഴിഞ്ഞ മാര്‍ച്ച് 1.64 ലക്ഷം കോടി രൂപ ലാഭിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം എണ്ണയിറക്കുമതി ചെയ്യുന്നത്. തൊട്ടുപിന്നില്‍ ഇറാഖും സൗദി അറേബ്യയുമാണ്.

യു.എസില്‍ നിന്നും വാങ്ങും ക്രൂഡ് ഓയില്‍

റഷ്യയ്ക്ക് പുറമെ അമേരിക്കയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യ വ്യാപകമായി എണ്ണയിറക്കുമതി നടത്തുന്നുണ്ട്. പരമ്പരാഗത എണ്ണയുല്‍പ്പാദ രാജ്യങ്ങളില്‍ നിന്ന് മാറി, പുതിയ വിതരണക്കാരെ കണ്ടെത്തിയതോടെ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതി ചെലവില്‍ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മേയില്‍ പ്രതിദിനം 1,76,000 ബാരലുകളാണ് യു.എസില്‍ നിന്നുമെത്തിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT