News & Views

പ്രകൃതിവാതകത്തില്‍ ഇന്ത്യയുടെ തലവര മാറ്റിവരയ്ക്കുന്ന 'ലോട്ടറി'; ആന്‍ഡമാന്‍ തീരത്തെ കണ്ടെത്തല്‍ ടേണിംഗ് പോയിന്റാകുമോ?

2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സമുദ്ര മന്ഥന്‍ മിഷന്‍.

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ, പ്രകൃതിവാതക വിതരണം ആഗോളതലത്തില്‍ തടസപ്പെട്ടിരുന്നു. ഇന്ത്യയില്‍ എല്‍പിജി സിലിണ്ടര്‍ ലഭ്യത കുറയ്ക്കുന്നതിനും വില കുത്തനെ ഉയരുന്നതിനും യുദ്ധം കാരണമായി. ഇപ്പോഴിതാ ശുഭകരമായ വാര്‍ത്തയാണ് ആന്‍ഡമാന്‍ തീരത്തു നിന്ന് വരുന്നത്. ആന്‍ഡമാന്‍ ദ്വീപിനോട് ചേര്‍ന്നുള്ള സമുദ്രതീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്.

ആന്‍ഡമാനില്‍ എണ്ണ പര്യവേഷണം നടത്തുന്ന ശ്രീ വിജയപുരം-3 എന്ന പര്യവേഷണ കിണറിലാണ് വാതകശേഖരം കണ്ടെത്തിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1,900 മീറ്ററില്‍ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് വാതക സാന്നിധ്യം വ്യക്തമായത്. ലഭിച്ച വാതകത്തിന്റെ ഗുണമേന്മ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണ്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ നിര്‍ണായകമാണ് കണ്ടെത്തല്‍.

ഇന്ത്യയുടെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്ഥന്‍ ദൗത്യത്തിന്റെ ഭാഗമായാണുള്ള പര്യവേഷണത്തിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സമുദ്ര മന്ഥന്‍ മിഷന്‍.

രാജ്യത്തെ ആഴക്കടല്‍ എണ്ണ- വാതക നിക്ഷേപങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുക എന്നതാണ് സമുദ്ര മന്ഥന്‍ മിഷന്റെ ലക്ഷ്യം. ആന്‍ഡമാന്‍ ബേസിനില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണങ്ങളില്‍ നിലവില്‍ കുഴിച്ച മൂന്ന് കിണറുകളില്‍ രണ്ടെണ്ണത്തിലും ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യം കണ്ടെത്താനായി എന്നത് വലിയ നേട്ടമാണ്.

എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിര്‍ണായകം?

ഇറക്കുമതിച്ചെലവ് കുത്തനെ കുറയ്ക്കാം: ഇന്ത്യ നിലവില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പ്രകൃതിവാതകത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഈ കണ്ടെത്തല്‍ വഴി ഇറക്കുമതിക്കായി വിദേശത്തേക്ക് ഒഴുകുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാന്‍ സാധിക്കും.

ആഗോള വിപണിയിലെ വിലക്കയറ്റത്തില്‍ നിന്നുള്ള മോചനം: പശ്ചിമേഷ്യന്‍ യുദ്ധങ്ങള്‍ കാരണം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയരുമ്പോള്‍ അത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കാറുണ്ട്. ആഭ്യന്തര ഉത്പാദനം കൂടുന്നതോടെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരളവുവരെ സുരക്ഷിതത്വം ലഭിക്കും.

പരിസ്ഥിതി സൗഹൃദ ഇന്ധനം: കല്‍ക്കരി, പെട്രോളിയം എന്നിവയെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞ ഇന്ധനമാണ് പ്രകൃതിവാതകം. 2030-ഓടെ ഇന്ത്യയുടെ ആകെ ഊര്‍ജ്ജ ഉപഭോഗത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് 6%-ല്‍ നിന്നും 15% ആയി ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ആന്‍ഡമാനിലെ കണ്ടെത്തല്‍ സഹായിക്കും.

വ്യവസായങ്ങള്‍ക്കുള്ള ഉത്തേജനം: സിഎന്‍ജി വാഹനങ്ങള്‍, വീടുകളിലെ പൈപ്പ്ഡ് ഗ്യാസ് (PNG), വളം നിര്‍മ്മാണ ശാലകള്‍, വൈദ്യുതി നിലയങ്ങള്‍ എന്നിവയ്ക്ക് ഈ വാതകശേഖരം വലിയ രീതിയില്‍ പ്രയോജനം ചെയ്യും.

Major natural gas discovery in the Andaman Basin could strengthen India's energy security, reduce import dependence, and boost domestic gas production

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT