പശ്ചിമേഷ്യന്‍ സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വഴിമാറുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയ്ക്കും അത്ര സുഖകരമായ ദിവസങ്ങളാകില്ല സമ്മാനിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഒരുവശത്ത്. മറുവശത്ത് ക്രൂഡ്ഓയില്‍ അടക്കമുള്ളവയുടെ ഇറക്കുമതിയില്‍ നേരിടാന്‍ പോകുന്ന തടസങ്ങള്‍ മറുവശത്ത്.
മുമ്പ് ഒരു രാജ്യത്തോ മേഖലയിലോ നടക്കുന്ന സംഘര്‍ഷങ്ങള്‍ മറ്റ് രാജ്യങ്ങള്‍ കാര്യമായി ബാധിക്കില്ലായിരുന്നു. ലോകം ഒരു ഗ്രാമത്തോളം ചുരുങ്ങിയതോടെ കാര്യങ്ങള്‍ മാറി. ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന പ്രശ്‌നങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിച്ച് തുടങ്ങി.
ഇറാന്‍ സമീപമുള്ള ഗള്‍ഫ് രാജ്യങ്ങളെ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴച്ചതോടെ ഇന്ത്യയ്ക്കും തലവേദന വര്‍ധിച്ചിട്ടുണ്ട്. എണ്ണ ഇറക്കുമതി മുതല്‍ അരി കയറ്റുമതി വരെയുള്ള കാര്യങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്താന്‍ സംഘര്‍ഷം വര്‍ധിച്ചത് കാരണമായിട്ടുണ്ട്. യുദ്ധം നീണ്ടുനിന്നാല്‍ ഏതൊക്കെ മേഖലകളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് നോക്കാം.
ഹോര്‍മൂസ് കടലിടുക്കില്‍ കൂടിയുള്ള ചരക്കുനീക്കം തടസപ്പെടുന്നതും ഗള്‍ഫില്‍ ക്രൂഡ്ഓയില്‍ ഉത്പാദനം കുറയുന്നതും എണ്ണലഭ്യതയെ ബാധിക്കും. ഇത് എണ്ണവില വര്‍ധിക്കുന്നതിലേക്ക് നയിക്കും. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍വില ഉയരാന്‍ പ്രതിസന്ധി കാരണമാകും. ഇന്ധനവില വര്‍ധിച്ചാല്‍ ചരക്കുനീക്കം കൂടുതല്‍ ചെലവേറിയതാകും. ഇതുവഴി എല്ലാ അവശ്യസാധനങ്ങളുടെയും വില ഉയരും. കേരളത്തിലെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റിക്കാന്‍ ഗള്‍ഫിലെ പ്രതിസന്ധി വഴിയൊരുക്കുമെന്ന് ചുരുക്കം.
ഇറാനില്‍ നിന്ന് ഇന്ത്യ കൂടുതലായി വാങ്ങുന്നത് വിവിധതരം ഡ്രൈഫ്രൂട്ട്‌സുകളാണ്. ഈന്തപ്പഴം കൂടുതലായി ഇന്ത്യയിലേക്ക് വരുന്നത് ഇറാനില്‍ നിന്നാണ്. ഇസ്ലാം മതവിശ്വസികള്‍ നോമ്പ് ആചരിക്കുന്ന സമയമാണിത്. ഈന്തപ്പഴം അടക്കമുള്ളവ ഇന്ത്യയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ഈ കാലയളവിലാണ്. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ഇവയുടെ വരവ് പൂര്‍ണമായി തന്നെ നിലച്ചേക്കും. കേരള മാര്‍ക്കറ്റില്‍ അടക്കം ഈന്തപ്പഴം, പിസ്ത, കിസ്മിസ്, ബദാം എന്നിവയുടെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും ഇടയാകും.
ഇറാനിലേക്ക് ഇന്ത്യ കൂടുതലായും കയറ്റുമതി ചെയ്യുന്നത് അരി ഉത്പന്നങ്ങളാണ്. ഇന്ത്യന്‍ ബസുമതി അരിയുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ബസുമതി അരി. ഇറാനില്‍ അരക്ഷിതാവസ്ഥ ഉടലെടുത്തതോടെ ടണ്‍ കണക്കിന് അരിയാണ് വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് സംഘര്‍ഷം വഴിയൊരുക്കും.
2025ല്‍ 1.2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ഇറാനിലേക്ക് നടത്തിയത്. ഇതില്‍ 747 മില്യണ്‍ ഡോളറിന്റേത് കാര്‍ഷിക ഉത്പന്നങ്ങളായിരുന്നു. വിവിധയിനം പഴങ്ങള്‍, ചായപ്പൊടി എന്നിവയും ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ചിരുന്നു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ടണ്‍ കണക്കിന് ഉള്ളി കയറ്റുമതി നടത്തിയിരുന്നു. റംസാന്‍ കാലഘട്ടത്തില്‍ കയറ്റുമതി അതിന്റെ ഉയര്‍ന്ന തലത്തില്‍ നില്‌ക്കേണ്ടതായിരുന്നു. എന്നാല്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രതിസന്ധി രൂപപ്പെട്ടതോടെ കയറ്റുമതി നിലച്ച മട്ടാണ്. വിവിധയിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ഉള്ളിയാണ് കെട്ടിക്കിടക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കയറ്റുമതി നിലച്ചതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉള്ളി, സവോള വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്പെടുന്നത് മഹാരാഷ്ട്രയില്‍ അടക്കം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയാകും.
Read DhanamOnline in English
Subscribe to Dhanam Magazine