https://www.olaelectric.com/
News & Views

ഒലക്ക് അടുത്ത കുരുക്ക്! ജീവനക്കാരന്റെ ആത്മഹത്യയില്‍ ഭവീഷ് അഗര്‍വാളിനെതിരെയും കേസ്, ദ്രോഹിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി

മരണത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അക്കൗണ്ടില്‍ 17.4 ലക്ഷം രൂപയുടെ ഇടപാട് നടന്നത് ദുരൂഹമാണെന്നും പരാതി

Dhanam News Desk

ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒല ഇലക്ട്രിക് സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. പ്രതിചേര്‍ത്തവരെ ദ്രോഹിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ബംഗളൂരു പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആത്മഹത്യാ പ്രേരണക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വിശദീകരിച്ചു.

എന്താണ് കേസ്

ഒല ജീവനക്കാരനായിരുന്ന കെ.അരവിന്ദ് കമ്പനിയിലെ മാനസിക പീഡനവും ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തതിലും മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് ബംഗളൂരു പൊലീസിന്റെ എഫ്.ഐ.ആര്‍. 2002 മുതല്‍ കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കുന്നയാളാണ് അരവിന്ദ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ബംഗളൂരുവിലെ വീട്ടില്‍ അദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നാലെയാണ് ബംഗളൂരുവിലെ സുബ്രമണ്യപുര പൊലീസ് സ്റ്റേഷനില്‍ പരാതി ചെല്ലുന്നത്. മരിച്ചയാളുടെ സഹോദരന്‍ അശ്വിന്‍ കണ്ണനാണ് പരാതിക്കാരന്‍. 38 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ കമ്പനിയില്‍ നേരിട്ട തൊഴില്‍ പീഡനത്തെക്കുറിച്ചും ശമ്പളം കൃത്യമായി ലഭിക്കാത്തതും വിശദീകരിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അക്കൗണ്ടില്‍ 17.4 ലക്ഷം രൂപയുടെ ഇടപാട് നടന്നത് ദുരൂഹമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 108 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇതിനെതിരെ കഴിഞ്ഞ ആഴ്ച ഒല ഇലക്ട്രിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട് ഭവീഷ് അഗര്‍വാളിനെയും കമ്പനി ജീവനക്കാരെയും ദ്രോഹിക്കരുതെന്ന് ജസ്റ്റിസ് മുഹമ്മദ് നാവാസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ആരോപണങ്ങള്‍ തെറ്റെന്ന് ഒല

അതേസമയം, കമ്പനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ഒലയുടെ വിശദീകരണം. കേസിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്പനിക്കെതിരെയോ ജീവനക്കാര്‍ക്കെതിരെയോ ചാര്‍ജ് ഷീറ്റ് നിലവില്‍ ഇല്ലെന്നും ഒല ഓഹരി വിപണിയില്‍ നല്‍കിയ ഫയിലിംഗില്‍ പറയുന്നു. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. മരണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് നല്‍കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളുമായി കമ്പനി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

ഓഹരി ഇടിവില്‍

മുഹൂര്‍ത്ത വ്യാപാരത്തിനായി ഇന്ന് വിപണി തുറന്നപ്പോള്‍ ഒല ഓഹരികള്‍ കനത്ത നഷ്ടമാണ് നേരിട്ടത്. 2.75 ശതമാനം ഇടിവ് നേരിട്ട ഒല, ഓഹരിയൊന്നിന് 53.43 രൂപയെന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഓഹരികളെ സ്വാധീനിച്ചതെന്നാണ് കരുതുന്നത്.

Ola Electric CEO Bhavish Aggarwal and Executives Booked in Employee Suicide Case: Company Response

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT