ola website and facebook page
News & Views

ഒരു ലക്ഷം കോടി രൂപയുടെ വിപണിയിലേക്ക് ഒല! സ്‌കൂട്ടര്‍ വില്‍പ്പന കുറഞ്ഞപ്പോള്‍ കളം മാറ്റി ഭവീഷ് അഗര്‍വാള്‍, എന്താണ് ഒല ശക്തി?

ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപ മൂല്യമുള്ള വിപണിയാണ് ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ക്കുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്ന് ലക്ഷം കോടി രൂപയുടേതായി വളരുമെന്നും പഠനങ്ങള്‍ പറയുന്നു

Dhanam News Desk

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തിരിച്ചടി നേരിടുന്നതിനിടെ പുതിയ ഉത്പന്നവുമായി ഒല ഇലക്ട്രിക്. ഒല ശക്തിയെന്ന പേരില്‍ കമ്പനിയുടെ ആദ്യ ഗാര്‍ഹിക ബാറ്ററി ശേഖരണ സംവിധാനമാണ് (Residential battery energy storage system) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭവീഷ് അഗര്‍വാള്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപ മൂല്യമുള്ള വിപണിയാണിത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടേതായി വളരുമെന്നും പഠനങ്ങള്‍ പറയുന്നു.

ഇരുചക്ര വാഹനങ്ങള്‍ മാത്രം നിര്‍മിച്ചാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഒലയുടെ ചിന്താഗതി.തുടര്‍ന്നാണ് മറ്റ് മേഖലകളിലേക്കും കൂടി കടക്കാന്‍ തീരുമാനിച്ചതെന്ന് ഭവീഷ് അഗര്‍വാള്‍ പറയുന്നു. ആധുനിക ഇന്ത്യയിലെ വീടുകള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടി തയ്യാറാക്കിയതാണ് പുതിയ സംവിധാനം. ഇന്ത്യക്കാര്‍ വൈദ്യുതി ഉപയോഗിക്കുന്നതിലും ശേഖരിക്കുന്നതിലും വലിയ മാറ്റമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും ഇന്ത്യയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ പ്രതിസന്ധിയൊന്നുമില്ല. എന്നാല്‍ വൈദ്യുതി ശേഖരിച്ച് വെക്കുന്നതിലാണ് ശരിക്കുള്ള പ്രതിസന്ധി. ഒല സ്‌കൂട്ടറുകള്‍ക്ക് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള ബാറ്ററി, സെല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിരുന്നു. ഇത് ഭവനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഒല ശക്തി

ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതി ഭാവിയിലേക്ക് ശേഖരിച്ച് വെക്കാവുന്ന സംവിധാനമാണിത്. ഇന്‍വെര്‍ട്ടറിനേതിന് സമാനമായ ഉത്പന്നം. അതായത് എന്തെങ്കിലും കാരണവശാല്‍ വൈദ്യുതി മുടക്കം ഉണ്ടായാല്‍ ഉടന്‍ തന്നെ ഈ ഉപകരണം പ്രവര്‍ത്തിക്കും. പോര്‍ട്ടബിളായ ഈ ഉപകരണം ഉപയോഗിച്ച് വീടുകളിലെ എസി, റെഫ്രിജേറ്റര്‍ അടക്കം പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി പറയുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പൂര്‍ണ ശേഷിയില്‍ 1.5 മണിക്കൂര്‍ വരെ വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇതിനാകും. ഫുഡ് ട്രക്കുകള്‍കളിലും കുടുംബവുമൊത്തുള്ള ഔട്ടിംഗുകള്‍ക്കും വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇതിന് കഴിയും.

എത്രയാകും?

1.5, 3,5.2,9.1 കിലോവാട്ട് അവര്‍ (kWh) ശേഷികളിലാണ് ഉപകരണം ലഭ്യമാവുക. യഥാക്രമം 29,999 രൂപ, 55,999 രൂപ, 1,19,999 രൂപ, 1,59,999 രൂപ എന്നിങ്ങനെയാണ് വില. ആദ്യ 10,000 ഉപയോക്താക്കള്‍ക്കാണ് ഈ വിലയില്‍ ലഭ്യമാവുക. 999 രൂപ അടച്ചാല്‍ ഇപ്പോള്‍ പ്രീ ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത വര്‍ഷമാണ് ഒല ശക്തിയുടെ വിതരണം ആരംഭിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT