Muscat city canva
News & Views

നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒമാനില്‍ നയം മാറ്റം; വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ

ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍ ടെക്‌നോളജി വികസനത്തിന് വിദേശ സാങ്കേതിക വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും പ്രത്യേക പരിഗണന

Dhanam News Desk

വ്യവസായ രംഗത്ത് ആഗോള നിക്ഷേപം ആകര്‍ഷിക്കാന്‍ ഒമാന്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍. ഡിജിറ്റല്‍, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ പ്രത്യേകമായ നിക്ഷേപ പദ്ധതികള്‍ക്കാണ് ഒമാന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. വിദേശ യൂണിവേഴ്സിറ്റികളുമായുള്ള സഹകരണം, സ്വദേശി നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കല്‍, ദുബൈ മോഡലില്‍ വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനികളായ ബിസിനസുകാര്‍ക്ക് രാജ്യത്തും വിദേശത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങളും നല്‍കും.

ഗോള്‍ഡന്‍ വിസ പദ്ധതി

വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ വൈകാതെ തയ്യാറാക്കും. പദ്ധതിയുടെ പ്രഖ്യാപനം ഓഗസ്റ്റ് 31 ന് നടത്തും. ഏതെല്ലാം മേഖലകളിലെ നിക്ഷേപകര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുകയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍ ടെക്‌നോളജി വികസനത്തിന് വിദേശ സാങ്കേതിക വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് സൂചനകള്‍. ദീര്‍ഘകാലത്തേക്കുള്ള വികസനം മുന്നില്‍ കണ്ടാണ് ഒമാന്‍ സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിക്കുന്നത്. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തില്‍ വിദ്യാഭ്യാസ രംഗത്തും നിര്‍മാണ മേഖലയിലും പുതിയ പദ്ധതികള്‍ ഉണ്ടാകും. ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും ഒമാന്‍ സുല്‍ത്താല്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നുള്ള വിദ്യാഭ്യാസ പദ്ധതിക്ക് കരാറുണ്ടാക്കിയതായും ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT