News & Views

ഒമിക്രോണ്‍ രോഗികള്‍ 650 ല്‍ അധികം, കേരളത്തിലുള്‍പ്പെടെ വര്‍ധനവ്

സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഏറ്റവുമധികം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ കേരളവും. ഒമിക്രോണ്‍ കണക്ക് കാണാം.

Dhanam News Desk

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 650 ല്‍ അധികമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഡല്‍ഹിയില്‍ ആണ് (142).

മഹാരാഷ്ട്ര തൊട്ടുപിന്നാലെ (141), കേരളം (57), ഗുജറാത്ത് (49), 43 (രാജസ്ഥാന്‍) എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ബുള്ളറ്റിനില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 167 ആയി. രാജ്യത്ത് ഒമിക്രോണില്‍ നിന്നും 186 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കേരളത്തില്‍ നിന്ന് ഒമിക്രോണ്‍ രോഗമുക്തി നേടിയത് ഒരാള്‍ മാത്രമാണെന്നതാണ് പരിതാപകരം.

സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കോവിഡ് രോഗികളുടെ എണ്ണവും അനിയന്ത്രിതമായി വര്‍ധിക്കുന്നുണ്ട്. രാജ്യത്ത് മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.47 കോടിയായി. ക്രിക്കറ്റ് താരം ഗാംഗുലിക്ക് അടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജനുവരി 2 വരെ കര്‍ഫ്യൂ, നീട്ടിയേക്കും

സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ജനുവരി മാസം അവസാന ആഴ്ചയോടെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ കര്‍ഫ്യൂ നീട്ടാനും സാധ്യതയുണ്ട്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6358 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കേരളത്തിന് പുറമെ ഡല്‍ഹി, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ഇതിനോടകം രാത്രികാല കര്‍ഫ്യൂവും ഒത്തുചേരലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT