US fines India x.com/realDonaldTrump, x.com/narendramodi
News & Views

ഇന്ത്യക്ക് ട്രംപിന്റെ പിഴ 25% ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മൊത്തം നികുതി 50%: കയറ്റുമതിക്ക് തിരിച്ചടിയാകും

അമേരിക്കയിലേക്ക് നിലവില്‍ ചരക്ക് നീക്കം നടത്തുന്ന കപ്പലുകള്‍ക്ക് നികുതി ബാധമാകില്ല; പുതിയ നികുതി 21 ദിവസങ്ങള്‍ക്ക് ശേഷം

Dhanam News Desk

റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിനുള്ള പിഴയായി ഇന്ത്യക്ക് അമേരിക്ക 25 ശതമാനം കൂടി അധിക നികുതി ചുമത്തി. ഇതോടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി 50 ശതമാനമായി വര്‍ധിക്കും. പിഴ ചുമത്തിയുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇന്ത്യ റഷ്യയുമായി നടത്തുന്ന വ്യാപാരം അമേരിക്കയുടെ വാണിജ്യ താല്‍പര്യങ്ങളെയും വിദേശനയത്തെയും ദേശീയ സുരക്ഷയെയും ബാധിക്കുന്നതാണെന്നാണ് ഉത്തരവില്‍ ആരോപിക്കുന്നത്.

21 ദിവസത്തെ സമയം

പ്രസിഡന്റിന്റെ ഉത്തരവിറങ്ങി 21 ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ നികുതി നടപ്പാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുമായി യുഎസിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് ഈ നികുതി ബാധകമാകില്ല. സെപ്തംബര്‍ 17 നുള്ളില്‍ ഈ കപ്പലുകള്‍ അമേരിക്കയില്‍ പ്രവേശിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ ചുമത്തിയിട്ടുള്ള പിഴ, നിലവില്‍ ട്രംപ് പ്രഖ്യാപിച്ച നികുതി നിരക്കുകള്‍ക്ക് പുറമെയാകും. പ്രത്യേകമായി ഇളവുകളുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമാകാതിരിക്കുക. ഇന്ത്യ റഷ്യയില്‍ നിന്ന് നേരിട്ടും ഇടനിലക്കാര്‍ വഴിയും വലിയ തോതില്‍ പെട്രോളിയം വ്യാപാരം നടത്തുന്നതായി ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്ക് നിലനില്‍ക്കെ, ഇന്ത്യ ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ അമേരിക്കയില്‍ എത്തിക്കുന്നതായും ആരോപിക്കുന്നു.

ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും

അമേരിക്കയില്‍ നിന്നുള്ള നികുതി 50 ശതമാനമാകുന്നത് ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിക്കും. ആദ്യമായാണ് ഇന്ത്യക്ക് ഇത്ര ഉയര്‍ന്ന നികുതി അമേരിക്ക ചുമത്തുന്നത്. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന കൂടുതല്‍ രാജ്യങ്ങള്‍ക്ക് പിഴ ചുമത്താനാണ് ട്രംപിന്റെ തീരുമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT