News & Views

ഓണ കച്ചവടം പൊടിപൊടിക്കും! കേറ്ററിംഗ് മുതല്‍ പരസ്യമേഖല വരെ ആവേശത്തില്‍; പുഷ് പ്രതീക്ഷിച്ച് വിപണി

കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലം വയനാട് ദുരന്തം മൂലം മിക്കയിടങ്ങളിലും ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചിരുന്നു. ഓണക്കാല ആഘോഷങ്ങള്‍ വിപണിയുടെ വില്പന കൂട്ടുന്ന സമയങ്ങളാണ്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, റീട്ടെയ്ല്‍, പേഴ്‌സണല്‍ ഫിനാന്‍സ്, എഫ്.എം.സി.ജി, ട്രാവല്‍, ഓട്ടോ സെക്ടറുകളെല്ലാം വിപണിയില്‍ കൂടുതലായി സക്രിയമായിട്ടുണ്ട്

Lijo MG

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സീസണ്‍ പടിവാതിക്കലെത്തി നില്‍ക്കുകയാണ്. കൂടുതല്‍ കച്ചവടം നടക്കുന്നതും സാമ്പത്തികമേഖലയില്‍ വലിയ ചലനമുണ്ടാക്കുന്നതുമായ സമയമാണ് ഓണക്കാലം. പ്രളയവും കോവിഡുമെല്ലാം സമീപകാല ഓണനാളുകളില്‍ വില്ലനായെത്തിയിരുന്നു.

ഇത്തവണ അനുകൂല കാലാവസ്ഥയും സാമ്പത്തിക ക്രയവിക്രയവുമാണ് വ്യാപാരികളും വന്‍കിട കമ്പനികളും പ്രതീക്ഷിക്കുന്നത്. ചെറുകിട പരസ്യ ഏജന്‍സി മുതല്‍ വന്‍കിട ഹോട്ടല്‍ ശൃംഖലകള്‍ക്കു വരെയും കേറ്ററിംഗ് ഏജന്‍സികള്‍ തൊട്ട് സാദാ വ്‌ളോഗര്‍മാര്‍ക്ക് വരെയും ഓണക്കാലം ചാകരയായി മാറും.

പരസ്യ ബജറ്റില്‍ വര്‍ധന

ഇത്തവണത്തെ ഓണം അഡ്വര്‍ടൈസിംഗ് ബജറ്റില്‍ 15 മുതല്‍ 20 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ഹവാസ് മീഡിയ ഇന്ത്യ മാനേജിംഗ് പാര്‍ട്ണര്‍ ബിനു തോമസ് പറയുന്നത്. കൂടുതല്‍ ബിസിനസ് നടക്കുമെന്നതിന്റെ സൂചനയായിട്ടാണ് വിപണി ഇതിനെ കാണുന്നത്. കൂടുതല്‍ മെച്ചപ്പെട്ട മണ്‍സൂണ്‍ സീസണാണ് ഇതുവരെ ഉണ്ടായത്. തുടര്‍ച്ചയായി മഴയുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ സംഭവിച്ചതു പോലെ അപകടങ്ങളുണ്ടായില്ലെന്നത് വിപണിക്ക് ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലം വയനാട് ദുരന്തം മൂലം മിക്കയിടങ്ങളിലും ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചിരുന്നു. ഓണക്കാല ആഘോഷങ്ങള്‍ വിപണിയുടെ വില്പന കൂട്ടുന്ന സമയങ്ങളാണ്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, റീട്ടെയ്ല്‍, പേഴ്‌സണല്‍ ഫിനാന്‍സ്, എഫ്.എം.സി.ജി, ട്രാവല്‍, ഓട്ടോ സെക്ടറുകളെല്ലാം വിപണിയില്‍ കൂടുതലായി സക്രിയമായിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓണവിപണിയില്‍ കാലാവസ്ഥ പ്രധാന ഘടകമാണ്. പരസ്യ ബജറ്റ് നിശ്ചയിക്കുന്നതില്‍ കാലാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. ഹോംഅപ്ലൈസസ്, ടെക്‌സ്റ്റൈല്‍, ഇലക്‌ട്രോണിക്‌സ്, റെസ്‌റ്റോറന്റ്‌സ് തുടങ്ങിയ മേഖലയിലുള്ളവര്‍ ഇത്തവണ സജീവമാണ്. മഴ കുറഞ്ഞത് വിപണിക്ക് ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഗുണം ചെയ്യും.
ഫേവര്‍ ഫ്രാന്‍സിസ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്

പരമ്പരാഗത ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ് മുതല്‍ (OOH) റേഡിയോ പരസ്യങ്ങളില്‍ വരെ ഓണക്കാലത്തിന്റെ ആവേശം ദൃശ്യമാണ്. ഓണക്കാലത്ത് വില്പനയില്‍ 20-30 ശതമാനം വര്‍ധനയുണ്ടാകാറുണ്ടെന്ന് എറണാകുളത്തെ പലചരക്ക് മൊത്തവ്യാപാരിയായ മനോജ് മാധവന്‍ പറയുന്നു. ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ഏറ്റവും കൂടുതല്‍ പര്‍ച്ചേസ് നടത്തുന്നതും ഓണവുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അഡ്വര്‍ടൈസിംഗ് ഇന്‍ഡസ്ട്രിക്ക് ഏറ്റവും കൂടുതല്‍ ബിസിനസ് നേടിക്കൊടുക്കുന്ന സീസണുകളിലൊന്നാണ് ഓണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓണപരസ്യങ്ങള്‍ കൂടുതലായി വരുന്നുണ്ട്.

ഗൃഹോപകരണ രംഗത്തിനും ഉണര്‍വ്

ഗൃഹോപകരണ ഉത്പന്നങ്ങളുടെ വലിയൊരു ശതമാനം വില്പന നടക്കുന്നതും ഓണക്കാലത്താണ്. ബഹുരാഷ്ട്ര കമ്പനികള്‍ പോലും കേരള വിപണിയെ മാത്രം ലക്ഷ്യംവച്ചുള്ള പരസ്യ ക്യാംപെയ്‌നുകള്‍ പുറത്തിറക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ കൂടുതലായി ഓണ്‍ലൈന്‍ വാങ്ങലിലേക്ക് മാറിയിരുന്നു അടുത്ത കാലം വരെ. എന്നാല്‍ ക്വാളിറ്റി കുറഞ്ഞ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്ക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വന്നത് ഷോപ്പുകളിലേക്ക് വീണ്ടും ആളെത്തുന്നതിന് കാരണമായിട്ടുണ്ട്.

ഷോപ്പില്‍ വന്ന് സാധനങ്ങള്‍ പരിശോധിച്ച് വാങ്ങുകയെന്നത് മലയാളികളുടെ ശീലമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓണക്കാലത്ത് കുടുംബവുമൊത്ത് വന്ന് ഷോപ്പിംഗ് നടത്തുന്ന രീതിയാണ് പലരുടെയും. ഗൃഹോപകരണ ഷോപ്പുകള്‍ ഇ.എം.ഐ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നതും വില്പന വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പരസ്യത്തിനായി കൂടുതല്‍ പണം മുടക്കാന്‍ ഗൃഹോപകരണ ബ്രാന്‍ഡുകളും ഷോപ്പുകളും മടികാണിക്കുന്നില്ല.

ഓഫറില്ലാതെ കളിയില്ല

ഓഫറും മലയാളിയും വല്ലാത്തൊരു കോംബോയാണ്. ഓണക്കാലത്ത് ഒട്ടുമിക്ക കമ്പനികളും വലിയ ഓഫറുകളുമായാണ് കളംപിടിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കും ഓണക്കാലം വേദിയാകും. മുമ്പ് സിനിമ താരങ്ങളെ വച്ച് പരസ്യങ്ങള്‍ ചെയ്തിരുന്നവര്‍ ഇപ്പോള്‍ രീതിയൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവേഴ്‌സര്‍മാരാണ് ഇപ്പോള്‍ വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കൂടുതലായി എത്തുന്നത്.

മുമ്പ് ചാനലുകളും പത്രങ്ങളുമായിരുന്നു ഓണപരസ്യങ്ങളുടെ സിംഗഭാഗവും കൊണ്ടുപോയിരുന്നത്. എന്നാല്‍ മാറിയകാലത്ത് സോഷ്യല്‍മീഡിയയില്‍ പരസ്യത്തിനായി ബജറ്റിന്റെ നല്ലൊരു പങ്ക് കമ്പനികള്‍ മാറ്റിവയ്ക്കുന്നു. മുമ്പ് പരസ്യത്തിനായി കൂടുതല്‍ തുക കമ്പനികള്‍ മാറ്റിവച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ വെച്ച് പ്രോഡക്ട് അവതരിപ്പിക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കാറുണ്ട്. ഓണക്കാലം വ്‌ളോഗര്‍മാരുടെ ചാകരക്കാലം കൂടിയാണ്.

കേറ്ററിംഗുകാര്‍ക്ക് ചാകര

ഓണക്കാലം സദ്യകളുടേത് കൂടിയാണ്. മുമ്പ് വീടുകളില്‍ സദ്യ ഉണ്ടാക്കി കഴിക്കുന്നതായിരുന്നു രീതി. ഇപ്പോള്‍ അതെല്ലാം മാറി. പേരുകേട്ട കേറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ഓണസദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഓഫീസുകളും സംഘടനകളും ഓണാഘോഷം കളറാക്കി തുടങ്ങിയതോടെ കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ഓണക്കാലം ചാകരയുടേതാണ്. സദ്യയില്‍ വിഭവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കും വര്‍ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT