News & Views

വിദേശത്ത് നിന്ന് എണ്ണയല്ല എണ്ണക്കമ്പനി തന്നെ വാങ്ങാന്‍ ഇന്ത്യ; വെനസ്വേലയില്‍ സുപ്രധാന ദൗത്യത്തിന് ഒഎന്‍ജിസി

ഒഎന്‍ജിസിയുടെ പുതിയ നീക്കം വിജയിച്ചാല്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടും. വിദേശ എണ്ണസമ്പത്തുകളില്‍ ഇന്ത്യന്‍ സാന്നിധ്യവും കൂടുതല്‍ ശക്തമാകും

Dhanam News Desk

ക്രൂഡ്ഓയില്‍ ലഭ്യതയില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി വിദേശ എണ്ണക്കമ്പനികളില്‍ ഓഹരിപങ്കാളിത്തം സ്വന്തമാക്കാന്‍ ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍. വെനസ്വേല സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ (PDVSA) എണ്ണക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള രണ്ട് എണ്ണപ്പാടങ്ങളില്‍ കൂടുതല്‍ ഓഹരിപങ്കാളിത്തം നേടാനാണ് ഒഎന്‍ജിസി ശ്രമം നടത്തുന്നത്.

നിലവില്‍ ഈ ഓയില്‍ ഫീല്‍ഡുകളില്‍ ഇന്ത്യന്‍ കമ്പനിക്ക് ഓഹരിപങ്കാളിത്തമുണ്ട്. ഇത് വര്‍ധിപ്പിക്കാനാണ് നീക്കം. വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളസ് മഡ്യൂറോയെ യുഎസ് ഭരണത്തില്‍ നിന്ന് പുറത്താക്കിയ ശേഷം എണ്ണ വ്യാപാരത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാനും തുടങ്ങി.

സാന്‍ ക്രിസ്റ്റോബല്‍ (San Cristobal), കാറാബോബോ (Carabobo) എന്നീ എണ്ണപ്പാടങ്ങളിലാണ് ഒഎന്‍ജിസിയുടെ വിദേശ വിഭാഗമായ ഒഎന്‍ജിസി വിദേശിന് ഓഹരിപങ്കാളിത്തമുള്ളത്. സാന്‍ ക്രിസ്റ്റോബലില്‍ 40 ശതമാനം ഓഹരിപങ്കാളിത്തം ഒഎന്‍ജിസി വിദേശിന് നിലവിലുണ്ട്.

കാറാബോബോ ഫീല്‍ഡില്‍ 11 ശതമാനമാണ് നിലവിലെ പങ്കാളിത്തം. ഇന്ത്യന്‍ ഓയില്‍ (3.5), ഓയില്‍ ഇന്ത്യ (3.5) എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷ ഓഹരികള്‍ വെനസ്വേലയുടെ പിഡിവിഎസ്എയുടെ നിയന്ത്രണത്തിലാണ്.

അമേരിക്കയുടെ അനുമതി നിര്‍ണായകം

വെനസ്വേലയുടെ എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ കമ്പനികള്‍ക്ക് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഈ അനുമതി ലഭിക്കുന്നതിനായി ഒഎന്‍ജിസി അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. മുമ്പ് ഷെവ്രോണ്‍, ബിപി, ഷെല്‍, റെപ്‌സോള്‍ തുടങ്ങിയ അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക സമാന ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു.

വെനസ്വേലയിലെ എണ്ണവ്യവസായം വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ ഉപരോധവും കാരണം തിരിച്ചടികള്‍ നേരിടുകയായിരുന്നു. ഇതോടെ ഈ രണ്ട് എണ്ണപ്പാടങ്ങളിലെയും ഉത്പാദനം ഗണ്യമായി കുറഞ്ഞു. കൂടുതല്‍ നിയന്ത്രണം ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിന ഉത്പാദനം 12,000-15,000 ബാരലില്‍ നിന്ന് 30,000 ബാരലായി ഉയര്‍ത്താന്‍ കഴിയും.

ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ ലഭിക്കും

അമേരിക്കയുടെ നിയന്ത്രണവും ഉപരോധ ഇളവുകളും വന്നതോടെ വെനസ്വേലന്‍ ക്രൂഡ് ഓയില്‍ വീണ്ടും ആഗോള വിപണിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ഇതിനകം തന്നെ വെനസ്വേലന്‍ എണ്ണയുടെ പ്രധാന ഉപയോക്താക്കളിലൊന്നായി മാറിയിട്ടുണ്ട്. ഒഎന്‍ജിസിയുടെ പുതിയ നീക്കം വിജയിച്ചാല്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടും. വിദേശ എണ്ണസമ്പത്തുകളില്‍ ഇന്ത്യന്‍ സാന്നിധ്യവും കൂടുതല്‍ ശക്തമാകുകയും ചെയ്യും.

മിഡില്‍ഈസ്റ്റ് യുദ്ധത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ക്രൂഡ് വാങ്ങലില്‍ വൈവിധ്യവത്ക്കരണത്തിനാണ് ഇന്ത്യയുടെ ശ്രമം. മുമ്പ് ഗള്‍ഫ് രാജ്യങ്ങളെ പൂര്‍ണമായി ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ എണ്ണ വാങ്ങല്‍. എന്നാല്‍ ഇപ്പോള്‍ ഈ രീതി മാറി. ഗള്‍ഫ് ആശ്രിതത്വം കുറച്ചു. വിദേശത്ത് കൂടുതല്‍ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കി ക്രൂഡ് രാജ്യത്തെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT