ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വിപണിയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി പ്രമുഖ ബ്രാന്‍ഡായ ഒനിഡ (Onida). ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ നിന്ന് മാറിചിന്തിക്കാനാണ് കമ്പനി ശ്രമം നടത്തുന്നത്. പുതിയ വിഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വില്‍പന ആറു മടങ്ങുവരെ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
2027-28 സാമ്പത്തിക വര്‍ഷത്തോടെ കണ്‍സ്യൂമര്‍ ടെക്നോളജി രംഗത്ത് പുതിയ പ്രീമിയം ഉല്‍പന്ന വിഭാഗങ്ങള്‍ അവതരിപ്പിക്കുമെന്ന് ഒനിഡ ഇലക്ട്രോണിക്സ് ലിമിറ്റഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഗുണ്‍ജന്‍ ശ്രീവാസ്തവ വ്യക്തമാക്കി. കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് ഉല്‍പന്നമായ 100 ഇഞ്ച് QD മിനി എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു കൊണ്ടാണ് പുതിയ വളര്‍ച്ചാ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
1980കളിലും 1990കളിലും ഒനിഡയെ ജനപ്രിയമാക്കിയ കൊമ്പുകളുള്ള രാക്ഷസന്റെ പരസ്യ കഥാപാത്രമായ 'ഒനിഡ ഡെവിള്‍' പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതുക്കിയ പരസ്യ പ്രചാരണം അവതരിപ്പിക്കും.
ഒരുകാലത്ത് ടെലിവിഷന്‍, ഓഡിയോ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍ വിപണിയിലെ മുന്‍നിര ബ്രാന്‍ഡായിരുന്ന ഒനിഡയ്ക്ക് പിന്നീട് ആ സ്ഥാനം നിലനിര്‍ത്താനായിരുന്നില്ല. പുതിയ ഉല്‍പന്നങ്ങള്‍, വിപുലമായ വിതരണ ശൃംഖല, മെച്ചപ്പെട്ട സേവനം, പുതുക്കിയ ബ്രാന്‍ഡ് സമീപനം എന്നിവയിലൂടെ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ഒനിഡയ്ക്ക് സ്വന്തമായി രണ്ട് നിര്‍മാണ യൂണിറ്റുകളും നിരവധി കരാര്‍ നിര്‍മാണ പങ്കാളികളുമുണ്ട്. ഭാവിയില്‍ കരാര്‍ നിര്‍മാണത്തെ ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് തീരുമാനം. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം, വിതരണം, ചെലവ് എന്നിവയില്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സ്വന്തം ബ്രാന്‍ഡിനായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
പശ്ചിമ ബംഗാളിലും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യം ശക്തമാക്കുന്നതിനുള്ള നടപടികളും ഒനിഡ ആരംഭിച്ചിട്ടുണ്ട്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രാദേശിക വിതരണ ശൃംഖല വിപുലീകരിക്കുകയും പ്രാദേശിക ബിസിനസ് പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. കേരളം അടക്കം കമ്പനിക്ക് വലിയ വിപണി പങ്കാളിത്തമുണ്ടായിരുന്ന സംസ്ഥാനങ്ങളിലും കൂടുതല്‍ ശ്രദ്ധചെലുത്തും. അടുത്ത മൂന്നു 100 പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനാണ് പദ്ധതി.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒനിഡ 671 കോടി വരുമാനം നേടിയെങ്കിലും 74 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിനും സ്വന്തം ബ്രാന്‍ഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കമ്പനി അടുത്തിടെ 149 കോടി നിക്ഷേപം സമാഹരിച്ചിരുന്നു.
നിലവില്‍ വിപണിയിലെ ശരാശരി വിലയേക്കാള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഒനിഡയുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്. ഒനിഡയെ ഒരു പ്രീമിയം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine