from X 
News & Views

മോദിയുടെ വേദിയില്‍ കൈകോര്‍ക്കാന്‍ കൂട്ടാക്കാതെ രണ്ട് സി.ഇ.ഒമാര്‍, ഓപ്പണ്‍ എ.ഐയും ആന്ത്രോപികും തമ്മിലുള്ള പ്രശ്‌നം എന്താണ്?

ഐക്യത്തിന്റെ പ്രതീകമായി ഒരുക്കിയ ഗ്രൂപ്പ് ഫോട്ടോയില്‍ രണ്ട് പ്രധാന എഐ കമ്പനികളുടെ നേതാക്കള്‍ കൈകോര്‍ക്കാതിരുന്നത്, ടെക് ലോകത്തെ കടുത്ത മത്സരം തുറന്നുകാട്ടുന്ന ചെറിയ സൂചന

Dhanam News Desk

ഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ സെഷനില്‍ കിടമത്‌സരത്തിന്റെ പല്ലിറുമ്മല്‍. ഓപ്പണ്‍ എ.ഐ (OpenAI) സി.ഇ.ഒ സാം ഓള്‍ട്ട്മാനും ആന്ത്രോപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമോദിയും ഒന്നിച്ചു നിന്നിട്ടും മറ്റു നേതാക്കളെപ്പോലെ കൈകോര്‍ക്കാന്‍ വിസമ്മതിച്ചു. വിസമ്മതം വിളിച്ചറിയിച്ച് ഇരുവരും മുഷ്ടി ചുരുട്ടി നില്‍ക്കുന്ന രംഗം ലോക ശ്രദ്ധയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സമിറ്റിന്റെ വലിയ അജണ്ടകളെ മറികടന്ന് ഈ 'കൈയകല' നിമിഷം ചര്‍ച്ചയായത് എന്തുകൊണ്ട്? ഇരുവരും തമ്മിലുള്ള അകല്‍ച്ച എന്തുകൊണ്ട്? അറിഞ്ഞിരിക്കാം.

മുമ്പ് തോളില്‍ കൈയിട്ടു നടന്നവര്‍

ആന്ത്രോപിക് 2021ല്‍ രൂപം കൊണ്ടത് ഓപ്പണ്‍ എ.ഐയിലെ ചില മുന്‍ ഗവേഷകര്‍ പുറത്തുപോയ ശേഷമാണ്. അമോദി ഓപ്പണ്‍ എ.ഐയുടെ വൈസ് പ്രസിഡന്റായിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ എഐ വികസനത്തെ മുന്‍നിര്‍ത്തിയാണ് ആന്ത്രോപിക് രൂപം കൊണ്ടതെന്ന് സ്ഥാപകര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഓപ്പണ്‍ എ.ഐ കൂടുതല്‍ വ്യാപകമായ വാണിജ്യവല്‍ക്കരണ തന്ത്രമാണ് പിന്തുടരുന്നത്. ചാറ്റ് ജിപിടി (ChatGPT) പോലുള്ള ഉല്‍പന്നങ്ങളിലൂടെ പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും ഒരുപോലെ ലക്ഷ്യമിടുന്ന മോഡലാണ് അവര്‍ സ്വീകരിച്ചത്. ഇരുവരുടെയും ഉല്‍പ്പന്നങ്ങള്‍, ചാറ്റ്ജിപിടിയും ക്ലോഡും, ഇന്ന് ആഗോള ടെക് വിപണിയില്‍ കടുത്ത മത്‌സരത്തിലാണ്.

ബിസിനസ് പോരില്‍ മറന്ന സൗഹൃദം

കൈ ചേര്‍ത്തു പിടിക്കാന്‍ കൂട്ടാക്കാത്തത് വ്യക്തിപരമായ അസ്വസ്ഥതകളല്ല. ഇരു കമ്പനികളും ഇപ്പോള്‍ വലിയ ബിസിനസുകളുടെ കരാറുകള്‍ക്ക് വേണ്ടി മത്സരിക്കുന്നു. പുതിയ എഐ മോഡലുകള്‍ ഒരേ സമയത്ത് പുറത്തിറക്കി വിപണി പിടിക്കാനുള്ള ശ്രമത്തിലാണ്. എഐ സുരക്ഷ, ഡാറ്റ നിയന്ത്രണം, പരസ്യ മോഡലുകള്‍ എന്നിവയില്‍ വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നു. ഓപ്പണ്‍ എ.ഐ സൗജന്യ സേവനങ്ങള്‍ വ്യാപകമാക്കാനും പരസ്യ അടിസ്ഥാന മോഡലുകള്‍ ഉള്‍പ്പെടുത്താനുമുള്ള നീക്കത്തിലാണ്. ആന്ത്രോപിക് 'സേഫ്റ്റി-ഫസ്റ്റ്' ബ്രാന്‍ഡ് ഇമേജ് മുന്‍നിര്‍ത്തി പ്രീമിയം മാര്‍ക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടെക് ലോകത്ത് മത്‌സരം ചില്ലറയല്ല

ഇന്ത്യയെ ആഗോള എഐ കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ എ.ഐ ഉച്ചകോടി സംഘടിപ്പിച്ചത്. ലോകത്തിലെ പ്രമുഖ ടെക് കമ്പനികളുടെ തലവന്മാരെ ഒരേ വേദിയില്‍ കൊണ്ടുവന്നുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധേയമായ നീക്കം നടത്തിയത്. എന്നാല്‍ ഐക്യത്തിന്റെ പ്രതീകമായി ഒരുക്കിയ ഗ്രൂപ്പ് ഫോട്ടോയില്‍ രണ്ട് പ്രധാന എഐ കമ്പനികളുടെ നേതാക്കള്‍ കൈകോര്‍ക്കാതിരുന്നത്, ടെക് ലോകത്തെ കടുത്ത മത്സരം തുറന്നുകാട്ടുന്ന ചെറിയ സൂചനയായി.

ഇതൊരു ശീതസമരമാണോ? ശരിക്കും ബിസിനസ് മത്‌സരമാണ് നടക്കുന്നത്. ആര് മികച്ച മോഡല്‍ നിര്‍മിക്കും? ആര് വലിയ നിക്ഷേപം ആകര്‍ഷിക്കും? ആര് സര്‍ക്കാര്‍ കരാറുകള്‍ നേടും? ആര് ആഗോള ഗുണനിലവാരം നിര്‍ണയിക്കും? ഇത്തരം ചോദ്യങ്ങളിലാണ് മത്സരം കേന്ദ്രീകരിക്കുന്നത്. ഓപ്പണ്‍ എ.ഐയും ആന്ത്രോപികും ഇപ്പോള്‍ രണ്ടു ധൃവങ്ങളിലാണ്. കോര്‍ക്കാന്‍ മടിച്ച കൈകള്‍ അതിന്റെ പ്രതീകം. എന്നാല്‍ സ്‌റ്റേജില്‍ ആ നിമിഷം എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയാതെ പോയി എന്നാണ് സാം ഓള്‍ട്ട്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT