Image:Sam Altman/twitter 
News & Views

അഞ്ച് ലക്ഷം പേര്‍ക്ക് ഫ്രീ ചാറ്റ് ജി.പി.ടി! ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ഓപ്പണ്‍ എ.ഐ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ജിയോ മോഡല്‍ മാര്‍ക്കറ്റിംഗ്

ഡല്‍ഹിയില്‍ ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി വിവിധ ഒഴിവുകളില്‍ ഇന്ത്യക്കാരെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്

Dhanam News Desk

ഇന്ത്യയിലെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസത്തേക്ക് സൗജന്യമായി ചാറ്റ് ജി.പി.ടി സേവനങ്ങള്‍ നല്‍കുമെന്ന് ഓപ്പണ്‍ എ.ഐ. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്കും എഞ്ചിനീയറിംഗ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും തിരഞ്ഞെടുത്ത അധ്യാപകര്‍ക്കുമാണ് സൗജന്യ ചാറ്റ് ജി.പി.ടി ലൈസന്‍സ് നല്‍കുന്നത്. ഓപ്പണ്‍ എ.ഐയുടെ ഇന്ത്യ ഫസ്റ്റ് ഇനിഷ്യേറ്റീവിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായത്തോടെയാണ് ഓപ്പണ്‍ എ.ഐ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കേണ്ട സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തും. ഇതിലൂടെ അധ്യാപകര്‍ക്ക് അധ്യാപന ആസൂത്രണം (ലെസന്‍ പ്ലാനിംഗ്) നടത്താനും കുട്ടികളുമായി ഫലപ്രദമായി സംവദിക്കാനും മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാനും സാധിക്കുമെന്നാണ് ഓപ്പണ്‍ എ.ഐ പറയുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഓപ്പണ്‍ എ.ഐ പറയുന്നു.

വെറുതയല്ല ഫ്രീ കൊടുക്കുന്നത്

അതേസമയം, വിദ്യാഭ്യാസ ആവശ്യത്തിന് സൗജന്യമായി നല്‍കുമെന്നാണ് വാദമെങ്കിലും ഇതിന്റെ ഗുണം ലഭിക്കുന്നത് ഓപ്പണ്‍ എ.ഐക്ക് തന്നെയാണ്. വിദ്യാഭ്യാസ മേഖലയില്‍ എ.ഐ എങ്ങനെ ഉപയോഗിക്കുമെന്ന് മനസിലാക്കുന്നതിനാണ് അധ്യാപകര്‍ക്ക് സൗജന്യ ലൈസന്‍സ് നല്‍കുന്നതെന്നാണ് ഓപ്പണ്‍ എ.ഐ തന്നെ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഏറ്റവും വിലയുള്ള ഡാറ്റ ശേഖരിക്കുകയാണ് ഓപ്പണ്‍ എ.ഐയുടെ തന്ത്രമെന്നാണ് കരുതുന്നത്. ആദ്യം സൗജന്യമായി നല്‍കി ശീലമാക്കിയ ശേഷം പിന്നീട് പണം കൊടുത്ത് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഓപ്പണ്‍ എ.ഐ പുറത്തെടുക്കുന്നതെന്നും വാദമുണ്ട്. പണ്ട് റിലയന്‍സ് ജിയോ 4ജി സേവനങ്ങള്‍ സൗജന്യമായി നല്‍കിയ മാതൃക.

എ.ഐയില്‍ മത്സരം മുറുകുന്നു

ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കി ഇന്ത്യക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ പെര്‍പ്ലെക്‌സിറ്റി ഞെട്ടിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഓപ്പണ്‍ എ.ഐയും പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി വിവിധ ഒഴിവുകളില്‍ ഇന്ത്യക്കാരെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സൗജന്യ പ്ലാനും പ്രഖ്യാപിച്ചത്. പ്രതിമാസം 399 രൂപ നിരക്കില്‍ ചാറ്റ് ജി.പി.ടി സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു പ്ലാനും ഓപ്പണ്‍ എ.ഐ ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ രംഗത്തെ ഗവേഷണങ്ങള്‍ക്ക് ഐ.ഐ.ടി മദ്രാസിന് 4.3 കോടിയുടെ സാമ്പത്തിക സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇതോടെ ഇന്ത്യയിലെ എ.ഐ രംഗത്ത് മത്സരം മുറുകുമെന്ന് ഉറപ്പായി.

OpenAI introduces its India-first Learning Accelerator—₹4.5 crore funding for IIT Madras and distribution of 5 lakh free ChatGPT licenses to students and educators.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT