വിനോദസഞ്ചാരികളെ ദാരുണമായി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ മറുപടിയില്‍ ഞെട്ടിത്തരിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെ 9 പ്രധാന കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സംയുക്ത സൈനിക ഓപ്പറേഷന്‍ നടത്തിയത്. നിയന്ത്രിത ആക്രമണത്തിലൂടെ പാക്കിസ്ഥാന് മറുപടിയും ലോകത്തിന്റെ ശ്രദ്ധ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലേക്ക് തിരിക്കാനും ഇന്ത്യയ്ക്കായി.
മുമ്പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെങ്കിലും അത് പാക് അധീന കാശ്മീരിലായിരുന്നു. അന്ന് പാക് സൈന്യവും സര്‍ക്കാരും പ്രതിരോധിച്ച് നിന്നത് ഇക്കാര്യം പറഞ്ഞായിരുന്നു. എന്നാല്‍ ഇത്തവണ പാക്കിസ്ഥാന്‍ ഭൂപ്രദേശത്ത് കയറി അടിച്ചതോടെ വ്യക്തമായ മുന്നറിയിപ്പ് നല്കാന്‍ ഇന്ത്യയ്ക്കായി. മോക്ഡ്രില്‍ അടക്കം ഇന്ത്യ ഒരുക്കം തുടങ്ങുന്നുവേയുള്ളുവെന്ന് തോന്നിച്ച സമയത്താണ് പാതിരാത്രിയിലെ ഓപ്പറേഷന്‍.
പാക്കിസ്ഥാനില്‍ കയറി ആക്രമണം നടത്തിയപ്പോഴും ഒരു കാര്യം സൈന്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് സാധാരണ പൗരന്മാര്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ്. തീവ്രവാദ കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് അവിടങ്ങളില്‍ കൃത്യമായി ആക്രമിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനായി.
ഇന്ത്യയില്‍ നിന്ന് തിരിച്ചടി വരുമെങ്കിലും ഇത്രത്തോളം വേഗത്തിലാകുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആക്രമണത്തില്‍ ലഷ്‌കറെ ത്വയ്യിബയുടെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടത് അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് പാക്കിസ്ഥാന് രാജ്യാന്തര വേദികളില്‍ വലിയ തിരിച്ചടിയാണ്. ഇന്ത്യ നടത്തിയത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കും.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരരുടെ നരനായാട്ടിന് ശേഷം ഇന്ത്യ കൃത്യമായ മുന്നൊരുക്കങ്ങളിലായിരുന്നു. ഒരേസമയം നയതന്ത്രതലത്തിലും സൈനികപരമായും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ലക്ഷ്യകേന്ദ്രങ്ങള്‍ പലകുറി ഉറപ്പിച്ചായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഭീകരരെയും പാക് സൈന്യത്തെയും ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലുള്ള സമീപനമായിരുന്നു ഇന്ത്യ നടത്തിയത്.
പഹല്‍ഗാമിന് ശേഷം ഇന്ത്യയില്‍ പുറമേ സാധാരണ ഗതിയിലാണ് കാര്യങ്ങളെന്നു തോന്നിച്ചെങ്കിലും അണിയറയില്‍ നീക്കങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഒപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സൂചന നല്‍കിയിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഒപ്പംനില്‍ക്കാന്‍ ചൈനയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ ഇന്ത്യന്‍ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴും അവിടെയും ഇവിടെയും തൊടാത്ത പ്രതികരണമാണ് ചൈന നടത്തിയത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന ഉപദേശത്തിലൊതുങ്ങി ബീജിംഗില്‍ നിന്നുള്ള പ്രതികരണം. താരിഫ് യുദ്ധത്തില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ ചൈനയുടെ കാര്യമായ സഹായം പാക്കിസ്ഥാന് കിട്ടാനിടയില്ല. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയും വലിയ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇന്ത്യയ്ക്ക് ഈ രാജ്യങ്ങളുമായുള്ള മികച്ച ബന്ധവും ഇതിനു കാരണമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine