ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഓഹരി വിപണി കുത്തനെയിടിഞ്ഞതോടെ പാകിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പിന്നാലെ പാക് ധനകാര്യ മന്ത്രാലയത്തിന്റെ അടിയന്തര കൂടിക്കാഴ്ച. വിശദീകരണം ഇറക്കിയെങ്കിലും വിപണിയിലെ നഷ്ടം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. അതിനിടെ താത്കാലികമായി വ്യാപാരം നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ 6,500 പോയിന്റുകളാണ് (6ശതമാനം) കറാച്ചി ഓഹരി സൂചികക്ക് (കെ.എസ്.ഇ) നഷ്ടമായത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നഷ്ടം. നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിഞ്ഞു. പല സെക്ടറുകളിലും പരിഭ്രാന്തി വില്‍പ്പന (Panic Selling) പ്രകടമായിരുന്നു.
ഓഹരി വിപണിയിലെ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കാതിരിക്കാന്‍ പാക് വ്യവസായ മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്നു. വിപണിയിലെ തിരിച്ചടി എത്രത്തോളമുണ്ടെന്ന് പരിശോധിച്ചതായും പാക്കിസ്ഥാന്റെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കാനുള്ള നടപടി എടുത്തുവെന്നും മന്ത്രാലയം വിശദീകരിച്ചു. ചില അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാക് സാമ്പത്തിക രംഗം മികച്ച നിലയിലാണെന്നും മന്ത്രാലയം പറയുന്നു.
ഇന്ത്യയുമായുള്ള സംഘര്‍ഷം തുടര്‍ന്നാല്‍ പാകിസ്ഥാനില്‍ വിദേശ നിക്ഷേപകര്‍ പണം ഇറക്കാന്‍ മടിക്കുമെന്ന് അടുത്തിടെ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം എടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ പാകിസ്ഥാന് തിരിച്ചടിയാകുന്ന നീക്കമാണിത്. 131 ബില്യന്‍ ഡോളറാണ് (ഏകദേശം 11.11 ലക്ഷം കോടി രൂപ) പാകിസ്ഥാന്റെ വിദേശ കടം. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകബാങ്ക് നല്‍കുന്ന സഹായത്തിലാണ് ഈ വായ്പയുടെ തിരിച്ചടവ്. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത കുറച്ച് കാലമായി സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ബുധനാഴ്ചത്തെ തിരിച്ചടി പാകിസ്ഥാന് താങ്ങാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക് ഓഹരി വിപണി താഴോട്ടാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം നാല് ശതമാനമാണ് വിപണിയില്‍ നഷ്ടമുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ വിപണിയാകട്ടെ പുല്‍വാമ സംഭവത്തിന് ശേഷം 1.5 ശതമാനത്തോളം നേട്ടത്തിലുമാണ്. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യന്‍ തിരിച്ചടി ഏത് നിമിഷവും ഉണ്ടാകുമെന്ന് ആശങ്കയിലായിരുന്നു കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച്.
Read DhanamOnline in English
Subscribe to Dhanam Magazine