image credit : canva , Ola , Bajaj , TVS 
News & Views

ഇ.വി വില്പനയില്‍ ടിവിഎസിന്റെ കുതിപ്പ്, ഓലയ്ക്ക് തിരിച്ചടി, ചരിത്രം കുറിച്ച് ബജാജ്; 2025ലെ ടുവീലര്‍ കണക്കുകള്‍ പുറത്ത്

രണ്ടാംസ്ഥാനത്തേക്ക് എത്തിയത് ബജാജ് ഓട്ടോയാണ്. മെറ്റല്‍ ബോഡിയിലുള്ള ചേതക് ഇവി ബജാജിന് വിപണിയില്‍ നേട്ടം സമ്മാനിച്ചു

Dhanam News Desk

രാജ്യത്ത് 2025ല്‍ വിറ്റഴിഞ്ഞത് 12.8 ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങള്‍. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനത്തിന്റെ വര്‍ധന. ഇരുചക്ര ഇവി വാഹനങ്ങളില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ഓല ഇലക്ട്രിക്കിനെ മറികടന്ന് ടിവിഎസ് മോട്ടോര്‍ ഒന്നാംസ്ഥാനം പിടിക്കുന്നതിനും 2025 സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ വര്‍ഷം ആകെ വിറ്റ ഇ.വികളുടെ എണ്ണം 22.7 ലക്ഷമാണ്. ഇതില്‍ 56 ശതമാനം ഇരുചക്ര വാഹനങ്ങളാണ്. രാജ്യത്ത് ആകെ വിറ്റ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 20.29 മില്യണ്‍ വരും. ഇതിന്റെ 6.30 ശതമാനമാണ് ഇ.വികള്‍. മുന്‍വര്‍ഷം ഇത് 6.07 ശതമാനമായിരുന്നു.

നേട്ടമുണ്ടാക്കി ടിവിഎസ്

2,98,867 ഇ.വികളാണ് കഴിഞ്ഞ വര്‍ഷം ടിവിഎസ് വിറ്റത്. മൂന്നു ലക്ഷമെന്ന മാര്‍ക്കിലെത്താന്‍ 1,133 യൂണിറ്റുകളുടെ മാത്രം കുറവ്. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഓല കൈയടക്കി വച്ചിരുന്ന ഒന്നാംസ്ഥാനം പിടിച്ചടക്കാനും ടിവിഎസിന് സാധിച്ചു. വില്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനം വര്‍ധനയോടെ 23 ശതമാനം വിപണി വിഹിതമാണ് ടിവിഎസിനുള്ളത്.

രണ്ടാംസ്ഥാനത്തേക്ക് എത്തിയത് ബജാജ് ഓട്ടോയാണ്. മെറ്റല്‍ ബോഡിയിലുള്ള ചേതക് ഇവി ബജാജിന് വിപണിയില്‍ നേട്ടം സമ്മാനിച്ചു. 2,69,836 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. വില്പനയില്‍ 39 ശതമാനത്തിന്റെ വലിയ കുതിപ്പ്. വിപണി വിഹിതം 21 ശതമാനമായും ഉയര്‍ന്നു.

ഇവി വില്പനയില്‍ ഒരു കലണ്ടര്‍ വര്‍ഷം ബജാജ് രണ്ടുലക്ഷം യൂണിറ്റ് കടക്കുന്നതും ആദ്യമായിട്ടാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ റെയര്‍ എര്‍ത്ത് ധാതുക്കളുടെ ലഭ്യതക്കുറവ് കമ്പനിയുടെ ഉത്പാദനത്തെ ബാധിച്ചു.

ഓലയുടെ വീഴ്ച

2024ല്‍ 4,07,700 ഇവികള്‍ വിറ്റ ഓലയ്ക്ക് ആ മികവ് 2025ല്‍ ആവര്‍ത്തിക്കാനായില്ല. 1,99,316 ഇവികള്‍ മാത്രമാണ് ഓലയുടേതായി 2025ല്‍ പുറത്തിറങ്ങിയത്. വില്പനയില്‍ 51 ശതമാനത്തിന്റെ കുറവ്. 35 ശതമാനത്തില്‍ നിന്ന് വിപണി വിഹിതം 15.57 ശതമാനമായി കുറയുകയും ചെയ്തു. വിപണി വിഹിതത്തില്‍ നാലാംസ്ഥാനത്തേക്ക് കമ്പനി വീഴുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ 24,411 യൂണിറ്റുകള്‍ വിറ്റശേഷം കമ്പനിയുടെ ഗ്രാഫ് പടിപടിയായി താഴേക്കായിരുന്നു.

ഏതര്‍ എനര്‍ജി ഇക്കാലയളവില്‍ 1,09,167 യൂണിറ്റുകള്‍ വിറ്റ് 150 ശതമാനം വളര്‍ച്ച സ്വന്തമാക്കി. ആദ്യമായിട്ടാണ് അവര്‍ ഒരു ലക്ഷം യൂണിറ്റ് കലണ്ടര്‍ വര്‍ഷത്തില്‍ വില്ക്കുന്നത്. ജൂലൈ മുതല്‍ പ്രതിമാസം 10,000 യൂണിറ്റിന് മുകളില്‍ വില്ക്കാന്‍ ഏതറിന് സാധിക്കുന്നുണ്ട്.

TVS tops 2025 EV two-wheeler sales in India as Bajaj hits historic high and Ola suffers major decline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT