Image: Canva 
News & Views

ഇന്‍ട്രാ ഡേ ട്രേഡിംഗ് സീനാണ്! 70% പേര്‍ക്കും പണികിട്ടി; സെബി പുറത്തുവിട്ട രേഖകള്‍ പറയുന്നതെന്ത്?

യുവതലമുറയില്‍ പലരും അമിത ആവേശം കാണിച്ച് വലിയ നഷ്ടം നേരിടുന്നുവെന്നാണ് സെബി റിപ്പോര്‍ട്ടിന്റെ കാതല്‍

Dhanam News Desk

ഓഹരി വിപണിയില്‍ സജീവമായി രംഗത്തുള്ളവരില്‍ പലരും ഇന്‍ട്രാ ഡേ ട്രേഡിംഗ് നടത്തുന്നവരാണ്. വാങ്ങുന്ന ദിവസം തന്നെ ഓഹരി വില്ക്കുന്നവരാണ് ഇന്‍ട്രാഡേ ഇടപാടുകാര്‍. കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക് കടന്ന പലരും ദീര്‍ഘകാല നിക്ഷേപത്തേക്കാള്‍ ഇന്‍ട്രാഡേ ട്രേഡിംഗില്‍ താല്പര്യം ഉള്ളവരാണ്.

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് ഇന്‍ട്രാഡേ നിക്ഷേപകര്‍ വലിയ നഷ്ടം നേരിടുന്നുവെന്നാണ് വെളിപ്പെടുത്തുന്നത്.

70 ശതമാനം ഇന്‍ട്രാഡേ ഇടപാടുകാര്‍ക്കും പണം നഷ്ടപ്പെട്ടു. ഇതിലേറെയും യുവാക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പ്രധാന്യം കൊടുത്തിരുന്ന തലമുറയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇന്നത്തെ യുവാക്കള്‍ ചിന്തിക്കുന്നതെന്ന് അടുത്തിടെ വന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബാങ്കുകളില്‍ നിക്ഷേപം കുറയുകയും ഓഹരി വിപണിയിലേക്ക് പണമൊഴുകുകയും ചെയ്യുന്നത് ബാങ്കുകള്‍ക്ക് തിരിച്ചടിയായിരുന്നു.

യുവാക്കള്‍ക്ക് നഷ്ടം

ഓഹരി വിപണിയിലേക്ക് എത്തുന്ന യുവതലമുറയില്‍ പലരും അമിത ആവേശം കാണിച്ച് വലിയ നഷ്ടം നേരിടുന്നുവെന്നാണ് സെബി റിപ്പോര്‍ട്ടിന്റെ കാതല്‍. 2018 മുതല്‍ വിപണിയിലുള്ള ഇടപാടുകള്‍ ഇതിനായി സെബി പഠന വിധേയമാക്കിയിരുന്നു. 2023 സാമ്പത്തികവര്‍ഷം ഇന്‍ട്രാഡേ ട്രേഡിംഗിന് ഇറങ്ങിയവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണ് എന്തെങ്കിലും ലാഭം നേടാനായത്. ബാക്കിയുള്ളവര്‍ക്കെല്ലാം പോക്കറ്റ് കാലിയായി.

ഇന്‍ട്രാഡേ ട്രേഡിംഗില്‍ കുതിപ്പ്

യുവാക്കള്‍ ഓഹരി വിപണിയുമായി കൂട്ടുകൂടിയതിന്റെ പ്രതിഫലനം ഏറ്റവും കൂടുതലുണ്ടായത് ഇന്‍ട്രാഡേ ട്രേഡിംഗിലാണ്. 2018-19 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 23ല്‍ ഇടപാടുകാരുടെ എണ്ണം 300 ശതമാനം വര്‍ധിച്ചു. ഇതിലേറെയും യുവാക്കളാണ്. ഇവരില്‍ ഭൂരിപക്ഷത്തിനും നഷ്ടമാണ് സംഭവിച്ചതും.

കോടികള്‍ വിപണിയില്‍ നിക്ഷേപിച്ച് ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഏര്‍പ്പെട്ടവരില്‍ 76 ശതമാനത്തിനും കൈപൊള്ളി. 30 വയസില്‍ താഴെയുള്ളവര്‍ക്കാണ് വിപണിയില്‍ നിന്നും കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരുന്നത്. ഇടപാടുകള്‍ക്കായി നല്‍കേണ്ടി വരുന്ന ചെലവുകള്‍ വര്‍ധിച്ചതും നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

2019ല്‍ 30 വയസില്‍ താഴെയുള്ള ഇന്‍ട്രാഡേ ട്രേഡേഴ്‌സ് 18 ശതമാനം മാത്രമായിരുന്നു. 2023ല്‍ അത് 48 ശതമാനമായി ഉയര്‍ന്നു. മെട്രോ നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു മുന്‍പ് നിക്ഷേപകരില്‍ കൂടുതലെങ്കില്‍ 2023 എത്തിയപ്പോള്‍ ചെറുകിട നഗരങ്ങളിലെ നിക്ഷേപകരുടെ വളര്‍ച്ച 10 മടങ്ങാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT