News & Views

ഐപിഒയ്ക്കായി ഓയോയ്ക്ക് അസാധാരണ 'ധൃതി', യോഗം വിളിച്ച് റിതേഷ് അഗര്‍വാള്‍; ലക്ഷ്യമിടുന്നത് ₹6,650 കോടി!

പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി നിലവിലെ ഓഹരിയുടമകള്‍ക്കായി ബോണസ് ഓഹരികള്‍ നല്കാനും പദ്ധതിയുണ്ട്.

Dhanam News Desk

ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ഓയോ (Oyo) പ്രാഥമിക ഓഹരി വില്പനയ്ക്കായി (IPO) ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചു. ഐപിഒയ്ക്ക് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ടാണ് മാതൃകമ്പനിയായ പ്രിസം (PRISM) ഈ അസാധാരണ യോഗം. ഐപിഒയിലൂടെ 6,650 കോടി രൂപ സമാഹരിക്കാനാണ് റിതേഷ് അഗര്‍വാള്‍ സ്ഥാപിച്ച ഈ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്.

പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി നിലവിലെ ഓഹരിയുടമകള്‍ക്കായി ബോണസ് ഓഹരികള്‍ നല്കാനും പദ്ധതിയുണ്ട്. ഓരോ 19 ഓഹരിക്കും ഒരു ബോണസ് ഓഹരി വീതം നല്കാനാണ് നീക്കം. വലിയ വിമര്‍ശനമുയര്‍ന്ന 6,000 ഓഹരികള്‍ക്ക് ഒരു ബോണസ് ഓഹരിയെന്ന ബോണസ് ഷെയര്‍ പദ്ധതി പിന്‍വലിച്ച് ആഴ്ചകകള്‍ക്കമാണ് പുതിയ നീക്കവുമായി പ്രിസം രംഗത്തെത്തിയത്.

ചില ഓഹരിയുടമകള്‍ക്ക് മാത്രം നേട്ടം ലഭിക്കുന്ന രീതിയിലുള്ള ബോണസ് ഓഹരി വിതരണത്തിനാണ് നീക്കമെന്ന തരത്തില്‍ വലിയ വിമര്‍ശനം മുന്‍ പദ്ധതിക്ക് നേരെ ഉയര്‍ന്നിരുന്നു. ജപ്പാനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഒയോയുടെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ്. 47 ശതമാനം ഓഹരി പങ്കാളിത്തമാണ് അവര്‍ക്കുള്ളത്.

2021 മുതല്‍ ഐപിഒ പദ്ധതി ഒയോയ്ക്കുണ്ട്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഓഹരി വില്പന വൈകുകയായിരുന്നു. ആദ്യവട്ടം കോവിഡ് സൃഷ്ടിച്ച വിപണി മാന്ദ്യത മൂലം ഐപിഒ പദ്ധതി ഉപേക്ഷിച്ചു. 2023 ജനുവരിയിലാകട്ടെ ഒയോയുടെ മാതൃകമ്പനിയായ ഒറാവല്‍ സ്റ്റേയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് സെബി തിരികെ നല്കിയിരുന്നു. വിവരങ്ങളില്‍ പൂര്‍ണതയില്ലാത്തതായിരുന്നു കാരണം. അന്ന് ഓഹരിവിപണിയില്‍ നിന്ന് 8,430 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്.

കമ്പനി ലാഭത്തില്‍

തുടക്കസമയത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് ഓയോ കടന്നുപോയത്. ഇടക്കാലത്ത് കമ്പനിക്കെതിരേ വലിയ ആരോപണങ്ങള്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ട്രാക്കിലാക്കാന്‍ ഓയോയ്ക്ക് സാധിച്ചു. 2025 സാമ്പത്തികവര്‍ഷം ഓയോയുടെ വരുമാനം 6,463 കോടി രൂപയും ലാഭം 623 കോടി രൂപയുമായിരുന്നു.

തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 20 ശതമാനം വര്‍ധിച്ചപ്പോള്‍ ചെലവ് ചുരുക്കലിലൂടെ ലാഭത്തില്‍ 172 ശതമാനം നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു. 2024 സാമ്പത്തികവര്‍ഷം 5,388 കോടി രൂപയായിരുന്നു വരുമാനം. ലാഭം 229 കോടി രൂപയും. വരുന്ന സാമ്പത്തിക വര്‍ഷം ലാഭം 1,100 കോടി രൂപയിലെത്തുമെന്നാണ് റിതേഷ് അഗര്‍വാള്‍ അവകാശപ്പെട്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT