Image courtesy: oyorooms.com 
News & Views

യാത്രക്കാരുടെ അഭിരുചിയില്‍ മാറ്റംവന്നു, ഓയോ റൂംസ് ആദ്യമായി ലാഭത്തില്‍

തൊട്ടുമുമ്പത്തെ സമാന കാലയളവില്‍ 5,464 രൂപയായിരുന്നു വരുമാനം. നഷ്ടം 1,287 കോടി രൂപയും

Dhanam News Desk

പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി. 2023-24 സാമ്പത്തികവര്‍ഷം 100 കോടി രൂപ ലാഭം രേഖപ്പെടുത്തിയെന്ന് സി.ഒ.ഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കമ്പനി ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 2012ല്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങിയ ഓയോ ഇടയ്ക്ക് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്നു.

2019-20ല്‍ 13,168 കോടി രൂപ വരുമാനം നേടിയശേഷം പിന്നിടുള്ള വര്‍ഷങ്ങളിലെല്ലാം ഓയോ ഹോംസിന്റെ വിപണിവിഹിതം കുറയുന്നതാണ് കണ്ടത്. ചെലവുകള്‍ പരമാവധി വെട്ടിക്കുറച്ചും പുതിയ നിയമനങ്ങള്‍ കാര്യമായി നടത്താതെയുമാണ് കമ്പനി പിടിച്ചു നിന്നത്. 2023-24 സാമ്പത്തികവര്‍ഷം 5,800 കോടി രൂപയാണ് കമ്പനിയുടെ വരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുമുമ്പത്തെ സമാന കാലയളവില്‍ 5,464 കോടി രൂപയായിരുന്നു വരുമാനം. നഷ്ടം 1,287 കോടി രൂപയും.

650 കോടി കണ്ടെത്തും

ജപ്പാനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ ആരംഭിച്ച ഓയോയ്ക്ക് ഗുണംചെയ്തത് ഇന്ത്യക്കാരുടെ യാത്ര അഭിരുചിയില്‍ വന്ന മാറ്റങ്ങള്‍ കൂടിയാണ്. ആളുകള്‍ കൂടുതലായി യാത്ര ചെയ്യാനാരംഭിച്ചതോടെ ഓയോ വഴിയുള്ള ബുക്കിംഗും വര്‍ധിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റിനൊപ്പം ദക്ഷിണ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കമ്പനിക്ക് വലിയ സാന്നിധ്യം ഉറപ്പിക്കാനായെന്ന് റിതേഷ് വ്യക്തമാക്കി. യു.എസ്, യു.കെ എന്നിവിടങ്ങളിലും ഓയോയ്ക്ക് ബിസിനസ് പങ്കാളിത്തമുണ്ട്.

കഴിഞ്ഞ മാസം സെബിക്ക് (സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമര്‍പ്പിച്ച ഐ.പി.ഒ (ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗ്) അപേക്ഷ കമ്പനി പിന്‍വലിച്ചിരുന്നു. നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ ഫണ്ട് ശേഖരിക്കാന്‍ വേണ്ടിയാണ് ഐ.പി.ഒ വേണ്ടെന്ന് വച്ചത്. 600-650 കോടി രൂപ ഇത്തരത്തില്‍ കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT