paddy field canva
News & Views

നെല്ല് സര്‍ക്കാര്‍ കൊണ്ടുപോയി, പണം നല്‍കിയില്ല, പലിശ ബാക്കി; ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍

സംഭരിച്ച നെല്ലിന്റെ പണം വായ്പയായാണ് സര്‍ക്കാര്‍ നല്‍കുന്നതെങ്കിലും അതിനും നിയന്ത്രണം വരുത്തിയതായി കര്‍ഷകര്‍

Dhanam News Desk

മാസങ്ങളോളം കഷ്ടപ്പെട്ട് വിളയിച്ചെടുത്ത നെല്ല് സര്‍ക്കാര്‍ കൊണ്ടുപോയി. പണം ഇന്ന് വരും നാളെവരും എന്നുള്ള കാത്തിരിപ്പ് തുടരുകയാണ് നെല്‍കര്‍ഷകര്‍. ഇടക്കിടെ അവര്‍ ബാങ്ക് പോയി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തും. സര്‍ക്കാര്‍ അനുമതി വന്നിട്ടില്ലെന്ന് മറുപടി. കേരളത്തിലെ മിക്ക ജില്ലകളിലും നെല്‍കര്‍ഷകര്‍ പണം കിട്ടാതെ വലയുകയാണ്. നാല് മാസം മുമ്പ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും നിരവധി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.

മാര്‍ച്ച് മുതല്‍ തുടരുന്ന പ്രതിസന്ധി

മാര്‍ച്ച് മാസത്തിലാണ് മിക്ക പാടശേഖരങ്ങളില്‍ രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞത്. സ്വകാര്യ അരിമില്ലുകളുമായി സപ്ലൈകോ ഉണ്ടാക്കിയ ധാരണ പ്രകാരം നെല്ല് സംഭരണം പൂര്‍ത്തിയായി. മാര്‍ച്ച് രണ്ടാം വാരത്തില്‍ സപ്ലൈകോ കൊണ്ടു പോയ നെല്ലിന് ഇനിയും പണം ലഭിച്ചിട്ടില്ല. ഒരു ഏക്കറിന് ശരാശരി 40,000 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. അഞ്ചു പത്തും ഏക്കര്‍ കൃഷിയെടുത്തവര്‍ക്ക് കുടിശിക ലക്ഷങ്ങളാണ്. ഒരേക്കര്‍ കൃഷി ചെയ്യാന്‍ 25,000 രൂപക്ക് മുകളിലാണ് ചെലവ്. പലരും സ്വര്‍ണം പണയം വെച്ചാണ് കൃഷി നടത്തിയത്. ഈ വായ്പകളുടെ പലിശ കൂടികൊണ്ടിരിക്കുകയാണ്.

കൂട്ടത്തില്‍ കബളിപ്പിക്കലും

സപ്ലൈകോ ഓരോ കര്‍ഷകനില്‍ നിന്നും സംഭരിക്കുന്ന നെല്ല് തൂക്കി പി.ആര്‍.എസ് (പാഡി റസീപ്റ്റ് ഷീറ്റ്) നല്‍കുകയാണ് പതിവ്. ഇതുമായി ബാങ്കില്‍ എത്തുമ്പോഴാണ് കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നത്. പലര്‍ക്കും പി.ആര്‍.എസ് ലഭിച്ചിട്ട് നാലു മാസത്തോളമായി. ഇതുവരെ പണം ബാങ്കില്‍ എത്തിയിട്ടില്ല. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പയാണ് അനുവദിക്കുന്നത്. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ വായ്പ നല്‍കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ചില ബാങ്കുകളില്‍ നിന്ന് കര്‍ഷകരെ വിളിച്ച് കബളിപ്പിക്കുന്നതായും പരാതികളുണ്ട്. വായ്പ ശരിയായിട്ടുണ്ടെന്നും രേഖകളില്‍ ഒപ്പിടാന്‍ എത്തണമെന്നുമുള്ള സന്ദേശം ലഭിച്ച് ബാങ്കിലെത്തുന്ന കര്‍ഷകരെ തിരിച്ചയക്കുകയാണ്. സര്‍ക്കാര്‍ ഘട്ടം ഘട്ടമായാണ് വായ്പക്ക് അനുമതി നല്‍കുന്നതെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT