Kashmir valley J&K tourism dept.
News & Views

കശ്മീർ സഞ്ചാരികളുടെ വിശ്വാസം തിരിച്ചു പിടിച്ചു വന്നതിനിടയിൽ ഭീകരാക്രമണം, അശാന്തിക്കൊപ്പം ടൂറിസത്തിന് കനത്ത തിരിച്ചടി; നിക്ഷേപകരിലും ആശങ്ക

സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; അജിത് ഡോവലുമായി ചര്‍ച്ച

Dhanam News Desk

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം രാഷ്ട്രീയ അരക്ഷിതാവസ്ഥക്കൊപ്പം ടൂറിസം മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. ഇന്ത്യയിലെ സ്വിറ്റര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് ടൂറിസ്റ്റുകളെയാണ്. ഒരു മലയാളിയും രണ്ട് വിദേശികളും ഉള്‍പ്പടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളമുള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇപ്പോള്‍ കശ്മീരില്‍ ഉള്ളത്. അവധിക്കാലമായതിനാല്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ നിരവധി സംഘങ്ങളാണ് കശ്മീര്‍ യാത്രക്ക് ഒരുങ്ങിയിരിക്കുന്നത്. എല്ലാം അനിശ്ചിതത്വത്തിലാണ്.

ഭീകരാക്രമണം ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടിയുണ്ടാക്കുമെന്ന് നിക്ഷേപകരില്‍ ആശങ്കയുണ്ട്. ജമ്മു ആന്റ് കശ്മീര്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 6 ശതമാനത്തിലേറെ ഇടിഞ്ഞു.

പ്രധാന മന്ത്രി തിരിച്ചെത്തി

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇന്ന് കൂടി ജിദ്ദയില്‍ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം അടിയന്തിര ചര്‍ച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ കശ്മീരില്‍ എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ലോക നേതാക്കള്‍ കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ചു. കശ്മീരില്‍ കുടങ്ങിയ ടൂറിസ്റ്റുകളെ കൊണ്ടുവരാന്‍ എയര്‍ഇന്ത്യയും ഇന്‍ഡിഗോ എയറും അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് കോടിയിലേറെ സന്ദര്‍ശകര്‍

രാജ്യത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കശ്മീരില്‍ 2.3 കോടി സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടുലുകള്‍ക്കും കോവിഡ് ലോക്ഡൗണിനും ശേഷം സന്ദര്‍ശകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരികയായിരുന്നു. കശ്മീരില്‍ സമാധാനം നിലനില്‍ക്കുന്നുവെന്ന തോന്നല്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉറക്കുന്നതിനിടയിലാണ് എല്ലാം അട്ടിമറിച്ചുള്ള ഭീകരാക്രമണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വികസനത്തിനായി പല പദ്ധതികളും നടപ്പാക്കി വരികയാണ്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മെഗാ ഈവന്റുകള്‍ക്കും അടുത്ത കാലത്ത് കശ്മീര്‍ വേദിയായി. ജി-20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഉച്ചകോടി ശ്രീനഗറില്‍ നടന്നത് വിദേശികള്‍ക്കിയിലും കശ്മീര്‍ സുരക്ഷിതമാണെന്ന ആത്മവിശ്വാസം വളര്‍ത്തിയിരുന്നു.

ആക്രമണം പ്രധാന സീസണില്‍

സമുദ്രനിരപ്പില്‍ നിന്ന് 3,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പഹല്‍ഗാമില്‍ ഇപ്പോള്‍ ടൂറിസ്റ്റുകളുടെ തിരക്കാണ്. താഴ്‌വരയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വിദേശികള്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ ദിവസേന എത്തുന്ന സീസണ്‍ ആണിത്. അമര്‍നാഥ് ഗുഹകളിലേക്കുള്ള പ്രവേശന പാത എന്നതിനൊപ്പം പൈന്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ട്രക്കിംഗ് പാതകൂടിയാണ് പഹല്‍ഗാം.

കേരളത്തില്‍ നിന്ന് ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തിരക്കേറിയ ബിസിനസ് സീസണ്‍ കൂടിയാണിത്. അടുത്ത ദിവസങ്ങളിലായി നിരവധി പേര്‍ കശ്മീര്‍ യാത്ര ബുക്ക് ചെയ്തിട്ടുണ്ട്. അവരോട് കാത്തിരിക്കാനാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കനത്ത തിരിച്ചടിയെന്ന് ട്രാവല്‍ ഏജന്റുമാര്‍

ഭീകരാക്രമണം ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാണെന്ന് കശ്മീര്‍ ട്രാവര്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റഊഫ് ട്രമ്പൂ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ കാലമായി സമാധാന അന്തരീക്ഷമായിരുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍, ബുക്കിംഗ് നടത്തിയവര്‍ യാത്രകള്‍ റദ്ദാക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിസിനസ് പാര്‍ട്ണര്‍മാരും ആശങ്കയിലാണ്.-റഊഫ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT