Image Courtesy: bharatpedia.org 
News & Views

കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം, ഇടപ്പള്ളി ജംഗ്ഷനില്‍ രണ്ട് ഫ്ലൈഓവറുകളും അണ്ടർപാസുകളും വരുന്നു

വാഹനങ്ങള്‍ക്ക് ഒന്നിലധികം ട്രാഫിക് സിഗ്നലുകള്‍ കാത്തു നില്‍ക്കാതെ ഇടപ്പള്ളി ജംഗ്ഷൻ മുറിച്ചുകടക്കാൻ സാധിക്കും.

Dhanam News Desk

ഇടപ്പള്ളി ജംഗ്ഷന്റെ ഇരുവശത്തുമായി രണ്ട് ഫ്ലൈഓവറുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് ദേശീയ പാത അതോറിറ്റി (NHAI). ഇടപ്പളളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനായി ഒരു ജോഡി അണ്ടർപാസുകൾ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലൈഓവറുകൾ വരുന്നത്. എന്‍.എച്ച് 66 എന്‍.എച്ച് 544 നെ മുറിച്ചുകടക്കുന്നിടത്തുളള ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

അണ്ടർപാസുകള്‍

ഇടപ്പള്ളി-പാലാരിവട്ടം ബൈപാസ് സൈഡ് റോഡിനും ഇടപ്പള്ളി-വരാപ്പുഴ എന്‍.എച്ച് 66 സൈഡ് റോഡിനും സമാന്തരമായി 650 മീറ്റർ നീളമുള്ള രണ്ട് ഫ്ലൈഓവറുകളാണ് നിർമ്മിക്കുന്നത്. ഇടപ്പള്ളി ജംഗ്ഷന്റെ തെക്ക് വശത്തുള്ള ഒബറോൺ മാളിന് സമീപവും ജംഗ്ഷന്റെ വടക്ക് വശത്തുള്ള ലുലു ഗ്രൂപ്പ് ഓഫീസിന് മുന്നിലുമായാണ് ഇവ നിർമ്മിക്കുന്നത്. ഫ്ലൈഓവറുകള്‍ക്ക് താഴെയുള്ള സ്ഥലം വാഹനങ്ങൾക്ക് 180 ഡിഗ്രി തിരിവ് എടുക്കാൻ സാധിക്കുന്ന തരത്തില്‍ അണ്ടർപാസുകളായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം.

ട്രാഫിക് സിഗ്നലുകള്‍ക്ക് കാത്തു നില്‍ക്കേണ്ട

എന്‍.എച്ച് 544 ലൂടെയുള്ള വാഹനങ്ങള്‍ക്ക് ഒന്നിലധികം ട്രാഫിക് സിഗ്നലുകള്‍ കാത്തു നില്‍ക്കാതെ ഇടപ്പള്ളി ജംഗ്ഷൻ മുറിച്ചുകടക്കാൻ ഇത് സഹായകമാണ്. നിർദ്ദിഷ്ട ഫ്ലൈഓവറുകൾക്ക് താഴെയുള്ള അണ്ടർപാസുകള്‍ ഉപയോഗിച്ച് ജംഗ്ഷൻ കടക്കാൻ വാഹനങ്ങള്‍ക്ക് ഏകദേശം 2 കിലോമീറ്റർ അധികമായി സഞ്ചരിക്കേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് ഇടപ്പള്ളിയിലേത്. അതിനാല്‍ പരമ്പരാഗത അണ്ടർപാസുകളേക്കാൾ വളരെ വീതിയുള്ളവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

ഒബറോൺ മാളിന് മുന്നിലുള്ള സർവീസ് റോഡിൽ അണ്ടര്‍പാസ് നിര്‍മ്മാണത്തിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളി-അരൂർ ബൈപാസിൽ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 16 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ ഒബറോൺ മാളിന് മുന്നിലുള്ള അണ്ടർപാസിന്റെ തെക്ക് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്.

വരാപ്പുഴയിലേക്ക് പോകാനായി ഇടപ്പള്ളിയിൽ നിന്ന് വലത്തേക്ക് തിരിയുന്ന വാഹനങ്ങൾക്ക് അണ്ടർപാസുകള്‍ തയ്യാറായിക്കഴിഞ്ഞാൽ ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒബറോൺ മാളിന് സമീപമുള്ള അണ്ടര്‍പാസില്‍ കയറി നേരെ വരാപ്പുഴയിലേക്ക് പോകാന്‍ ആകും. ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് വലത്തേക്ക് തിരിയാൻ ആഗ്രഹിക്കുന്ന മാമംഗലം ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ക്ക് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലുലു ഗ്രൂപ്പ് ഓഫീസിന് സമീപമുള്ള അണ്ടര്‍പാസില്‍ കയറി നേരെ വൈറ്റിലയിലേക്കും പോകാനാകും. വൈറ്റിലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വലത്തേക്ക് തിരിഞ്ഞ് ആലുവയിലേക്കും പോകാന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT